ജോൺസൺ സി എബ്രഹാം
എക്സിക്യൂട്ടിവ് ഡയറക്ടർ, ചാവറ മാട്രിമോണി
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
എറണാകുളം പോലുള്ള ജനസാന്ദ്രതയേറിയ നഗരങ്ങൾ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പാർക്കിംഗ്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും വികസിക്കണം. അതിനായി പൊതുമേഖലയിൽ ആധുനിക മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനങ്ങൾ കൂടുതൽ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ട സമയമാണിത്.

മറ്റൊരു വലിയ പ്രശ്നമാണ് റോഡുകളുടെ ശോചനീയാവസ്ഥ. പുതിയതായി നിർമിച്ച റോഡുകൾ പോലും വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ വിവിധ ആവശ്യങ്ങൾക്കായി കുഴിച്ച ശേഷം പഴയ നിലയിൽ പുനഃസ്ഥാപിക്കാതെ വിടുന്നത് പതിവാണ്. ഇതുമൂലം നിരവധി അപകടങ്ങൾ സംഭവിക്കുകയും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരികയും ചെയ്യുന്നു. റോഡിൽ കുഴിയെടുക്കുന്ന ഏത് വകുപ്പിനും അത് നിലവാരത്തോടെ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഏകോപനവും കർശനമായ നിരീക്ഷണ സംവിധാനവും ഉണ്ടാകണം. അപ്പോഴേ റോഡുകളുടെ ഗുണനിലവാരം നിലനിർത്താൻ കഴിയൂ.
ചികിത്സാ ചെലവുകൾ കാരണം നിരവധി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ട്. ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപം നടത്തി എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതുമായ ആരോഗ്യസേവനങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
വിദ്യാഭ്യാസരംഗം മുതൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വരെ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മൂല്യാധിഷ്ഠിതമായ ജീവിതത്തിന്റെ ആവശ്യകതയും ഉൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. യുവാക്കളെ കുടുംബ ജീവിതത്തിലേക്ക് ആകർഷിക്കുന്നതും ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ പ്രചോദനം നൽകുന്നതുമായ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും വേണം.





