വീണ്ടും ട്രില്യണെയർ പദവിയിലെത്തി പ്രമുഖ അമേരിക്കൻ വ്യവസായി ഇലോൺ മസ്ക്. സ്പേസ് എക്സിന്റെ ഓഹരി വില കുത്തനെ ഉയർന്നതോടെയാണ് മസ്കിന്റെ ആസ്തി വീണ്ടും ഒരു ട്രില്യൺ ഡോളർ കടന്നത്. തിങ്കളാഴ്ച സ്പേസ് എക്സ് ഓഹരി ഏകദേശം 8 ശതമാനം ഉയർന്ന് 171.09 ഡോളറിൽ ക്ലോസ് ചെയ്തു. ജൂൺ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ഫോർബ്സിന്റെ കണക്കുപ്രകാരം മസ്കിന്റെ ആസ്തി ഇപ്പോൾ ഏകദേശം 1.046 ട്രില്യൺ ഡോളറാണ്. അതേസമയം, ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം തിങ്കളാഴ്ച മസ്കിന്റെ സമ്പത്തിൽ ഏകദേശം 65 ബില്യൺ ഡോളറിന്റെ വർധനയുണ്ടായി.
സ്പേസ് എക്സ് ഓഹരി എന്തുകൊണ്ട് ഉയർന്നു?
ജൂണിൽ നടന്ന റെക്കോർഡ് ഐപിഒയ്ക്ക് ശേഷം സ്പേസ് എക്സ് ഓഹരിയിൽ വലിയ ചലനങ്ങളാണ് ഉണ്ടായത്. ഐപിഒ സമയത്ത് ഓഹരിയുടെ വില 135 ഡോളറായിരുന്നു. പിന്നീട് വില ഇടിഞ്ഞെങ്കിലും ഓഗസ്റ്റ് മുതൽ ഓഹരി വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. ഒക്ടോബർ ആദ്യം മുതൽ സ്പേസ് എക്സ് ഓഹരി ഏകദേശം 13 ശതമാനം ഉയർന്നിട്ടുണ്ട്.
സ്പേസ് എക്സിന്റെ വളർച്ചാ സാധ്യതകളെക്കുറിച്ചുള്ള അനലിസ്റ്റുകളുടെ പ്രതീക്ഷയാണ് പുതിയ മുന്നേറ്റത്തിന് ഒരു കാരണം. മോർഗൻ സ്റ്റാൻലി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്പേസ് എക്സിന്റെ നിലവിലെ ഓഹരി വിലയെക്കുറിച്ച് അനുകൂലമായ വിലയിരുത്തലുകൾ പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന സ്റ്റാർഷിപ്പ് പരീക്ഷണവും കമ്പനിയുടെ പുതിയ ബിസിനസ് മേഖലകളുമാണ് നിക്ഷേപകരുടെ ശ്രദ്ധയിൽ.
ജൂണിലും ട്രില്യണെയറായിരുന്നു
സ്പേസ് എക്സിന്റെ റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ ജൂണിലാണ് മസ്ക് ആദ്യമായി ലോകത്തിലെ ആദ്യ ട്രില്യണെയറായി മാറിയത്. ജൂൺ 12ന് സ്പേസ് എക്സ് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുകയും ആദ്യ ദിവസത്തെ വ്യാപാരത്തിൽ തന്നെ കമ്പനിയുടെ മൂല്യം 2 ട്രില്യൺ ഡോളറിന് മുകളിലെത്തുകയും ചെയ്തിരുന്നു. ഇതോടെ മസ്കിന്റെ ആസ്തിയും ട്രില്യൺ ഡോളർ കടന്നു.
എന്നാൽ പിന്നീട് സ്പേസ് എക്സ് ഓഹരി വില ഇടിഞ്ഞതോടെ മസ്കിന് ഈ പദവി നഷ്ടമായി. ഇപ്പോഴത്തെ ഓഹരി മുന്നേറ്റത്തോടെ ഏകദേശം മൂന്ന് മാസത്തിന് ശേഷം മസ്ക് വീണ്ടും ട്രില്യണെയർ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. മസ്കിന്റെ ആസ്തിയുടെ വലിയൊരു ഭാഗവും സ്പേസ് എക്സിലെയും ടെസ്ലയിലെയും ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ ഈ കമ്പനികളുടെ ഓഹരി വിലയിലെ ചെറിയ മാറ്റങ്ങൾ പോലും അദ്ദേഹത്തിന്റെ ആസ്തിയിൽ വലിയ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്.





