കൊച്ചി: അടിയന്തര ആരോഗ്യ സാഹചര്യങ്ങളില്‍ സമയബന്ധിതമായി ഇടപെടാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും കേരള സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബായ ഫോഴ്സ കൊച്ചിയും കൈകോര്‍ക്കുന്നു. ‘ലൈഫ്ലൈനര്‍ 365’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പ്രഥമശുശ്രൂഷയും ജീവന്‍രക്ഷാ പരിശീലനവും നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലും ഫോഴ്സ കൊച്ചിയും സംയുക്തമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് മുമ്പുള്ള നിര്‍ണായക സമയത്ത് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അടിസ്ഥാന പ്രഥമശുശ്രൂഷ, സി.പി.ആര്, ശ്വാസതടസ്സം മൂലമുള്ള അപകട സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയ്ക്കൊപ്പം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അത്യാഹിത സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനും സമയബന്ധിതമായി പ്രതികരിക്കുന്നതിനുമുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും.
ഫുട്ബോള്‍ ആരാധകരിലേക്കും പരിശീലനം
ഫോഴ്സ കൊച്ചിയുടെ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ആരാധകര്‍ എന്നിവരിലേക്കും ജീവന്‍രക്ഷാ പരിശീലനം എത്തിക്കും. ക്ലബിന്റെ മത്സര വേദികള്‍ പരിശീലന പരിപാടികള്‍ക്കായി ഉപയോഗപ്പെടുത്തും. മത്സര ദിവസങ്ങളില്‍ പ്രത്യേക ‘ലൈഫ്ലൈനര്‍ ഫാന്‍ സോണുകള്‍’ ഒരുക്കുന്നതിനൊപ്പം അടിയന്തര പ്രതികരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളും സംഘടിപ്പിക്കും.
ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ക്ക് അടിയന്തര ആരോഗ്യ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ തിരിച്ചറിയണമെന്നും എങ്ങനെ പ്രാഥമികമായി പ്രതികരിക്കണമെന്നും പ്രായോഗികമായി മനസ്സിലാക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും പരിശീലനം
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, മറ്റ് പൊതുവേദികള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പരിശീലനം നല്‍കും.
പരിശീലനം ലഭിച്ചവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനുമായി ‘ലൈഫ്ലൈനര്‍ 365’ എന്ന പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കും.
ആദ്യ മിനിറ്റുകള്‍ നിര്‍ണായകം
അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ ആര്‍ക്കും എവിടെവെച്ചും സംഭവിക്കാമെന്നും അത്തരം സാഹചര്യങ്ങളില്‍ ആദ്യ ഏതാനും മിനിറ്റുകള്‍ ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണായകമാണെന്നും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം പറഞ്ഞു.
ഫോഴ്സ കൊച്ചിയുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതല്‍ വലിയൊരു സമൂഹത്തിലേക്ക് ജീവന്‍രക്ഷാ പരിശീലനം എത്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യങ്ങള്‍ തിരിച്ചറിയാനും കൃത്യമായി പ്രതികരിക്കാനും വിദഗ്ധ ചികിത്സ ലഭിക്കുന്നതുവരെ ആവശ്യമായ സഹായം നല്‍കാനും കഴിയുന്ന വലിയൊരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
35,000 പേര്‍ക്ക് ഇതിനകം പരിശീലനം
‘ലൈഫ്ലൈനര്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 400-ലധികം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവന്‍രക്ഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലായി ഇതിനകം 35,000-ത്തിലധികം പേര്‍ക്ക് പരിശീലനം നല്കാന് കഴിഞ്ഞതായി ബി.എം.എച്ച് അറിയിച്ചു.
ഈ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള അനുഭവവും ലഭിച്ച പ്രതികരണവുമാണ് ‘ലൈഫ്ലൈനര്‍ 365’ എന്ന കൂടുതല്‍ വിപുലമായ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നല്‍കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഫോഴ്സ കൊച്ചിയുടെ സ്വാധീനം ഉപയോഗപ്പെടുത്തി കളിക്കാര്‍, ജീവനക്കാര്‍, ആരാധകര്‍ എന്നിവരെ നിര്‍ണായക സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഫോഴ്സ കൊച്ചി സെക്രട്ടറി, ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു. ഇതിലൂടെ കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഫുട്ബോള്‍ സമൂഹത്തെ കേരളത്തില്‍ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബി.എം.എച്ച് ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം, ബി.എം.എച്ച് കോഴിക്കോട് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. ഫാബിത്ത്, ഫോഴ്സ കൊച്ചി പ്രസിഡന്റ്, ഡയറക്ടര്‍ നസ്ലി മുഹമ്മദ്, സെക്രട്ടറി, ഡയറക്ടര്‍ ഷമീം ബക്കര്‍, പരിശീലകന് വിറ്റല്‍ ബോര്‍ക്കല്‍മാന്‍സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





