മാത്യു ജോസഫ്
ഡയറക്ടര് ആന്ഡ് സിഇഒ, സൂപ്പര് ലീഗ് കേരള
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള് കേരളത്തില് സ്ഥാപിക്കും എന്ന് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. അത് ഏറെ സ്വാഗതാര്ഹമായ നീക്കമാണ്. സൂപ്പര് ലീഗ് കേരള (എസ്എല്കെ) മികച്ച ഒരു ലീഗ് നടത്തുന്നുണ്ട്. ഇപ്പോള് ആറ് സ്റ്റേഡിയങ്ങളിലേക്ക് വളര്ന്നിരിക്കുന്നു. പക്ഷേ അടിസ്ഥാന സൗകര്യങ്ങള് നമുക്ക് പൂര്ണമായി വികസിപ്പിക്കാനാവില്ല. ഗവണ്മെന്റിന്റെ പിന്തുണ ഉണ്ടെങ്കിലേ അത് സാധിക്കൂ.

വലിയ ഫിഫ സ്റ്റാന്ഡേര്ഡ് സ്റ്റേഡിയങ്ങള്, അലയന്സ് അരീന പോലെയുള്ളവ വേണമെന്നല്ല, കുറഞ്ഞത് ഒരു 10,000 മുതല് 12,000 ആള്ക്കാര്ക്ക് ഇരിക്കാന് പറ്റുന്ന സ്റ്റേഡിയങ്ങള് തരക്കേടില്ലാത്ത റൂഫിംഗ്, സീറ്റിങ്, ലൈറ്റിങ് സൗകര്യങ്ങളോടുകൂടി ഉണ്ടെങ്കില് കളികള് നന്നായി നടന്നുപോകും. ഗവണ്മെന്റ് നമുക്കൊരു ഫെസിലിറ്റേറ്റര് ആയിക്കഴിഞ്ഞാല്, ബാക്കിയുള്ള ഇന്വെസ്റ്റ്മെന്റുകള് കൊണ്ടുവരാന് നമുക്ക് സാധിക്കും. കേരളത്തില് വന്ന് സ്പോര്ട്സ് ഡെവലപ്മെന്റിനും ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റിനും വേണ്ടി ഫണ്ടുകള് ഉപയോഗിക്കാന് തയ്യാറുള്ള ഒരുപാട് വലിയ ബ്രാന്ഡുകളും കമ്പനികളും നാഷണല് ലെവലില് തന്നെയുണ്ട്.
കേരളം എജ്യുക്കേഷന്, ഹോസ്പിറ്റലുകള് തുടങ്ങി മിക്കവാറും മേഖലകളില് അടിസ്ഥാന സൗകര്യങ്ങളില് എപ്പോഴും നമ്പര് വണ് ആയിരുന്നു; ഗവണ്മെന്റും വളരെ സപ്പോര്ട്ടീവ് ആയിരുന്നു. ഇതുപോലെ തന്നെ സ്പോര്ട്സ് മേഖലയിലും വലിയൊരു പൊട്ടന്ഷ്യല് മുന്നില് കിടക്കുന്നുണ്ട്. കേരളത്തിലെ സ്പോര്ട്സ് പ്രക്രിയ കൂടുതല് വേഗത്തിലാക്കാന് ഗവണ്മെന്റിന്റെ സഹായം ആവശ്യമാണ്
സ്പോര്ട്സിനെ എജുക്കേഷന് സിസ്റ്റവുമായി സംയോജിപ്പിച്ചില്ലെങ്കില് നമ്മുടെ യഥാര്ത്ഥ ടാലന്റുകള് പുറത്തുവരില്ല. സെന്റര് ഓഫ് എക്സലന്സുകളോ അക്കാഡമികളോ തുടങ്ങുന്ന സമയത്ത് അതിന്റെ കൂടെ എജുക്കേഷന് കൂടി നല്കാന് കഴിയണം. യൂറോപ്പിലൊക്കെ എട്ടോ പത്തോ വയസ്സ് മുതല് കുട്ടികള് അക്കാഡമിയില് ജോയിന് ചെയ്യുന്നു. അവിടെ അവര് സ്പോര്ട്സിന്റെ കൂടെ എജുക്കേഷനും കംപ്ലീറ്റ് ചെയ്യുന്നുണ്ട്. കേരളത്തിനും വേണ്ടത് ഇതേ സമീപനമാണ്.



