അമേരിക്കയുടെ വലിയ തോതിലുള്ള കടബാധ്യതയും ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങിക്കൂട്ടുന്നതും കാരണം വരുന്ന സംവത് വർഷത്തിൽ സ്വർണ്ണവില ഔൺസിന് 4,800 ഡോളർ വരെ എത്താം എന്നാണ് പ്രമുഖ കമ്മോഡിറ്റി വിദഗ്ധനായ കുനാൽ ഷാ പ്രവചിക്കുന്നത്. അമേരിക്കൻ ട്രഷറി ബോണ്ടുകളിലുള്ള വിശ്വാസം കുറയുന്നതും, രാജ്യങ്ങളുടെ സർക്കാരുകൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിന് പകരം സ്വർണത്തെ ആശ്രയിക്കുന്നതുമാണ് വില വർധനവിന് പ്രധാന കാരണം. ഈ സാമ്പത്തിക മാറ്റങ്ങൾ സ്വർണ്ണത്തിന്റെ മൂല്യം ഇനിയും വൻതോതിൽ ഉയർത്തുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കരുതൽ ശേഖരം സ്വർണം
ലോകത്തെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം സുരക്ഷിതമാക്കാൻ വൻതോതിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നത് സ്വർണ്ണ വിപണിക്ക് വലിയൊരു അടിത്തറ നൽകുന്നുണ്ട്. അമേരിക്കയുടെ ഉയരുന്ന കടവും സാമ്പത്തിക അനിശ്ചിതത്വങ്ങളും കാരണം മറ്റ് രാജ്യങ്ങൾ യു.എസ് ട്രഷറികളിൽ പണം നിക്ഷേപിക്കാൻ മടിക്കുകയാണ്. ഇതിന് പകരമായി സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകിയെത്തുന്നതാണ് വരുംകാലങ്ങളിൽ സ്വർണ്ണവില കുതിച്ചുയരാൻ വഴിയൊരുക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കടപ്പത്രങ്ങൾക്ക് വിശ്വാസ്യത കുറഞ്ഞു
ആഗോള സാമ്പത്തിക രംഗത്തെ നിലവിലെ പ്രതിസന്ധികളും കടബാധ്യതകളും സ്വർണ്ണത്തിന് സുവർണ്ണ കാലഘട്ടമാണ് സമ്മാനിക്കുന്നത്. അടുത്ത സംവത് വർഷത്തിൽ സ്വർണവില പുതിയ ഉയരങ്ങൾ താണ്ടുമെന്നത് നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. കറൻസികളിലും കടപ്പത്രങ്ങളിലുമുള്ള ആശ്രയത്വം കുറഞ്ഞ് സ്വർണം കൂടുതൽ കരുത്താർജ്ജിക്കുന്ന വിപണി സാഹചര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അമേരിക്കയിലുള്ള വിശ്വാസത്തിന് മങ്ങലേറ്റു
അമേരിക്കയുടെ ദേശീയ കടം അതിവേഗം ഉയരുകയാണ്,34 ട്രില്യൺ ഡോളറിലും മുകളിൽ ആണ് നിലവിലെ കടം. . രാജ്യം വീണ്ടും വീണ്ടും കൂടുതൽ കടമെടുക്കുമ്പോൾ, ഭാവിയിൽ ഈ കടം മുഴുവൻ കൃത്യമായി തിരികെ നൽകാൻ അമേരിക്കയ്ക്ക് കഴിയുമോ എന്ന സംശയം മറ്റ് രാജ്യങ്ങളിൽ ഉണ്ടാക്കുന്നു.അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നു നിൽക്കുമ്പോൾ ഡോളറിന്റെ വാങ്ങൽ ശേഷി കുറയുന്നു. ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്ന രാജ്യങ്ങൾക്ക്, വർഷങ്ങൾക്ക് ശേഷം പണം തിരികെ ലഭിക്കുമ്പോൾ പണപ്പെരുപ്പം കാരണം ആ തുകയുടെ യഥാർത്ഥ മൂല്യം കുറഞ്ഞുപോകുമെന്ന പേടിയുണ്ട്.
ഉപരോധം പ്രശ്നങ്ങൾ വഷളാക്കി
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയുടെ ഡോളർ നിക്ഷേപങ്ങളും ബോണ്ടുകളും അമേരിക്ക മരവിപ്പിച്ചിരുന്നു . ഇത് കണ്ടതോടെ മറ്റു പല രാജ്യങ്ങൾക്കും ഉദാഹരണത്തിന് ചൈന, റഷ്യ തങ്ങളുടെ പണം അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്നും, ഭാവിയിൽ തങ്ങൾക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയേക്കാം എന്നുമുള്ള ഭയമുണ്ടായി.
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം അമേരിക്കൻ ഡോളറിലും ബോണ്ടുകളിലും മാത്രം സൂക്ഷിക്കുന്നതിന് പകരം, കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിലേക്ക് മാറ്റാൻ തുടങ്ങി. ഇത് അമേരിക്കൻ ബോണ്ടുകൾക്കുള്ള ഡിമാൻഡ് കുറച്ചു.അമേരിക്കയുടെ ഭീമമായ കടവും, സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകളും കാരണം മറ്റ് രാജ്യങ്ങൾ തങ്ങളുടെ പണം അമേരിക്കൻ ബോണ്ടുകളിൽ മാത്രം നിക്ഷേപിക്കാതെ സ്വർണ്ണത്തിലേക്കും മറ്റു സുരക്ഷിത മാർഗ്ഗങ്ങളിലേക്കും മാറ്റുന്നതാണ് ബോണ്ടുകളിലുള്ള വിശ്വാസം കുറയാൻ കാരണം.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



