കൊച്ചി: കേരളത്തിന്റെ സംരംഭകത്വ മികവിനും ബിസിനസ് രംഗത്തെ മികച്ച നേതൃത്വത്തിനും ആദരമർപ്പിച്ച് പ്രോഫിറ്റ് ന്യൂസും ICTEP കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026ന്റെ രണ്ടാം പതിപ്പ് എറണാകുളം വിവാന്ത ബൈ താജ് ഹോട്ടലിൽ നടന്നു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രമുഖ സംരംഭകർക്കും ബിസിനസ് നേതാക്കൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റിന് ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ് എൻട്രപ്രണർ ഓഫ് ദി ഇയർ പുരസ്കാരത്തിനും ഇറാം ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് എൻആർഐ എൻട്രപ്രണർ ഓഫ് ദി ഇയർ പുരസ്കാരത്തിനും മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റിന് മോസ്റ്റ് പ്രോമിസിങ് എൻട്രപ്രണർ പുരസ്കാരത്തിനും അർഹരായി.
ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്മോഹൻ പിള്ളയ്ക്ക് ഗ്ലോബൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഇന്നവേഷൻ പുരസ്കാരവും നെസ്റ്റ് ഗ്രൂപ്പ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീറിന് യങ് എൻട്രപ്രണർ പുരസ്കാരവും സമ്മാനിച്ചു. അൽത്താഫ് ജഹാംഗീറിനു വേണ്ടി എസ്.എഫ്.ഒ ടെക്നോളജീസ് വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം പുരസ്കാരം ഏറ്റുവാങ്ങി. ഇ.വി.എം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു ജോണിക്ക് ഓട്ടോമൊബൈൽ മേഖലയിലെ ഇൻഡസ്ട്രി ലീഡർഷിപ്പ് എക്സലൻസ് പുരസ്കാരം ലഭിച്ചു.
50 വർഷം പിന്നിട്ട കരിയറിലെ സേവന മികവിനുള്ള അംഗീകാരമായി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് സിഇഒ പി.ഇ. മത്തായിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് പുരസ്കാരവും ന്യൂറോസർജൻ ഡോ. അരുൺ ഉമ്മന് എക്സലൻസ് ഇൻ ഹെൽത്ത് ആൻഡ് സോഷ്യൽ ആക്ടിവിറ്റീസ് പുരസ്കാരവും സമ്മാനിച്ചു.
വളർച്ചയുടെയും പരിവർത്തനത്തിന്റെയും നേതാക്കളായി കേരള വിഷൻ, കെ.സി.സി.എൽ ചെയർമാൻ സുരേഷ് കുമാർ പി.പി. (ദ നെറ്റ്വർക്ക് ടൈറ്റൻ ഓഫ് ഇന്ത്യ), മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്ക് സ്ഥാപകൻ എൻ.കെ. കുര്യൻ (ഐക്കണിക് അഗ്രി ആൻഡ് നേച്ചർ ടൂറിസം), മാക്സ്വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മനോജ് വി. രാമൻ (എക്സലൻസ് ഇൻ ഇന്നവേറ്റീവ് ഫിനാൻഷ്യൽ സർവീസസ്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഏഷ്യ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ജെ.ജി. യൂണിവേഴ്സിറ്റി പ്രസിഡന്റുമായ ഡോ. എം.പി. ചന്ദ്രന് എക്സലൻസ് ഇൻ അക്കാദമിക് ഇന്നവേഷൻ പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിനു വേണ്ടി ഏഷ്യ ട്രസ്റ്റ് സഹപ്രവർത്തകനും ട്രസ്റ്റിയുമായ ജോസ് മാത്യു പുരസ്കാരം ഏറ്റുവാങ്ങി. റിച്ച്മാക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോർജ് ജോൺ വാലത്ത് (എമർജിങ് എൻബിഎഫ്സി ബ്രാൻഡ്), എഫ്9 ഇൻഫോടെക് സിഇഒയും സഹസ്ഥാപകനുമായ ജയകുമാർ മോഹനചന്ദ്രൻ (ട്രസ്റ്റഡ് ടെക്നോളജി ബ്രാൻഡ്), കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ അശോകൻ കെ.വി. (എക്സലൻസ് ഇൻ കാർബൺ ന്യൂട്രൽ ഇനിഷ്യേറ്റീവ്സ്), ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം (എക്സലൻസ് ഇൻ മാച്ച് മേക്കിങ് സർവീസസ്) എന്നിവരും ആദരിക്കപ്പെട്ടു.
നവീന ആശയങ്ങൾ, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം, അതിവേഗ വളർച്ച എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംരംഭകരെയും ചടങ്ങിൽ ആദരിച്ചു. കോളിഗോ സ്ഥാപകനും സിഇഒയുമായ നവൽ ഡിറ്റോ (എക്സലൻസ് ഇൻ ടെക്നോളജി ഇന്നവേഷൻ), ന്യൂറൽ നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ മനോജ് പി. ജോസഫ് (എക്സലൻസ് ഇൻ ഐടി ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്), സീറോ ഡിഗ്രി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡാനി ആന്റണി (എക്സലൻസ് ഇൻ ഒഒഎച്ച് ഇന്നവേഷൻ), ഹോം ക്രേവ്സ് ഡയറക്ടർ സിഎം മുജീബ് (എക്സലൻസ് ഇൻ ഫ്രോസൺ സ്നാക്സ് മാനുഫാക്ചറിങ്), അരീക്കോ സിഇഒ സഹദ് എ.കെ. (മോസ്റ്റ് പ്രോമിസിങ് എൻആർഐ ബിസിനസ്മാൻ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, കേരളത്തിനകത്തും പുറത്തും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. സംരംഭകർ നേരിടുന്ന നടപടിക്രമങ്ങളിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ലൈസൻസിങ് സംവിധാനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഏകജാലക സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രോഫിറ്റ് ന്യൂസ് ഡയറക്ടർമാരായ കിരൺ ജെയിംസ്, അലൻ ജോൺ, രാജശ്രീ വർമ്മ എന്നിവർ ചടങ്ങിൻ്റെ ഭാഗമായി. ICTEP കൗൺസിൽ സെക്രട്ടറി ജനറൽ യു.എസ്. കുട്ടി, ചെയർമാൻ ഡോ. ടി. വിനയകുമാർ, ഡയറക്ടർ കെ. രവീന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
ബിസിനസ് രംഗത്തെ മികവുറ്റ നേതൃത്വത്തെയും ദീർഘവീക്ഷണമുള്ള സംരംഭകരെയും പുതിയ തലമുറയിലെ വളർന്നുവരുന്ന പ്രതിഭകളെയും ഒരേ വേദിയിൽ ആദരിച്ച പ്രോഫിറ്റ് ടസ്കർ അവാർഡ്സ് 2026, കേരളത്തിന്റെ സംരംഭകത്വ വളർച്ചയ്ക്കും ബിസിനസ് സമൂഹത്തിന്റെ നേട്ടങ്ങൾക്കും കൂടുതൽ പ്രചോദനം പകരുന്ന വേദിയായി.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



