കാനഡയിൽ താൽക്കാലിക വിസയിൽ വിദ്യാർത്ഥികളായും തൊഴിലാളികളായും കഴിയുന്ന രണ്ടു ലക്ഷത്തോളം പേർക്ക് പി ആർ നൽകാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. 2027 അവസാനത്തോടുകൂടി ഈ ലക്ഷ്യം നടപ്പിലാക്കാനാണ് പുതിയ ബജറ്റിലൂടെയും കുടിയേറ്റ പദ്ധതിയിലൂടെയും ലക്ഷ്യമിടുന്നത്. പുതിയതായി പുറത്തുനിന്നും ആളുകളെ കൂട്ടുന്നതിന് പകരം, നിലവിൽ കാനഡയിൽ തന്നെ ജോലിയും പഠനവുമായി കഴിയുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു പുതിയ മാറ്റമാണിത്.
രണ്ടു വിഭാഗം
ഈ പദ്ധതിയെ പ്രധാനമായും രണ്ട് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ആദ്യത്തെ വിഭാഗം രാജ്യത്ത് ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ്. ഇതിലൂടെ ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അല്ലെങ്കിൽ എക്സ്പ്രസ്സ് എൻട്രി പോലെയുള്ള വഴികളിലൂടെ സ്ഥിര താമസ പദവി ലഭിക്കും. രണ്ടാമത്തെ വിഭാഗം മാനുഷിക പരിഗണന അർഹിക്കുന്നവർക്കുള്ളതാണ്. യുക്രെയ്ൻ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കാനഡയിൽ കുടുംബത്തോടൊപ്പം കഴിയുന്നവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
പുതിയതായി പുറത്തുനിന്നും ആളുകൾ രാജ്യത്തേക്ക് കുടേറുന്നത് മൂലം വീടുകളുടെ ലഭ്യതക്കുറവ്, ആരോഗ്യ രംഗത്തെ പ്രതിസന്ധികൾ എന്നിവ ഉണ്ടാകുന്നത് തടയാനാണ് സർക്കാർ ഈ പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ കാനഡയുടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഭാരമുണ്ടാക്കാതെ തന്നെ, അവിടെയുള്ള തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ഇതിനകം തന്നെ കാനഡയുടെ സംസ്കാരവുമായി ഇണങ്ങി ജീവിക്കുന്നവർക്ക് ഈ തീരുമാനം വലിയൊരു ആശ്വാസവും സന്തോഷവുമാണ് നൽകുന്നത്.
ഇനിയും കുടിയേറ്റം തുടരുമോ?
മുൻകാലങ്ങളെ അപേക്ഷിച്ച് കുടിയേറ്റ നയങ്ങളിൽ കാനഡ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപ് വലിയ തോതിൽ ആളുകളെ സ്വീകരിച്ചിരുന്ന സ്ഥാനത്ത്, ഇനി മുതൽ നിയന്ത്രിതവും കൃത്യമായ ആസൂത്രണത്തോടുകൂടിയുമുള്ള രീതിയിലാണ് കാനഡ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നത്.
കാനഡയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും പ്രായമായവരായതിനാലും ജനനനിരക്ക് കുറവായതിനാലും രാജ്യത്തെ സമ്പദ്വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകാൻ വിദേശ തൊഴിലാളികൾ അത്യന്താപേക്ഷിതമാണ്. പുതിയ കുടിയേറ്റ പദ്ധതികൾ പ്രകാരം ഓരോ വർഷവും ലക്ഷക്കണക്കിന് പുതിയ സ്ഥിരതാമസക്കാരെയും താൽക്കാലിക തൊഴിലാളികളെയും കാനഡ സ്വീകരിക്കും. പ്രത്യേകിച്ചും ആരോഗ്യ മേഖല, നിർമ്മാണ മേഖല , വിവര സാങ്കേതിക വിദ്യ , വിദ്യാഭ്യാസം, അഗ്രികൾച്ചർ തുടങ്ങിയ ചില പ്രധാന മേഖലകളിലാണ് വിദേശത്ത് നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികൾക്ക് വലിയ സാധ്യതയുള്ളത്.
റിയൽ എസ്റ്റേറ്റ് പ്രതിസന്ധി
രാജ്യത്ത് നിലവിലുള്ള ഭവന പ്രതിസന്ധിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും കണക്കിലെടുത്ത്, പുതുതായി പുറത്തുനിന്ന് ആളെ എത്തിക്കുന്നതിനേക്കാൾ നിലവിൽ കാനഡയിൽ താൽക്കാലിക വിസയിൽ കഴിയുന്നവർക്ക് സ്ഥിരതാമസം നൽകാനാണ് സർക്കാർ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത്. കാനഡയിലേക്ക് വിദേശ തൊഴിലാളികൾക്ക് ഇപ്പോഴും അവസരങ്ങൾ ഉണ്ടെങ്കിലും, രാജ്യത്തിന് ഏറ്റവും ആവശ്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് മാത്രമായിരിക്കും വരും വർഷങ്ങളിൽ കൂടുതൽ മുൻഗണന ലഭിക്കുക.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



