കൊച്ചി: കേരളത്തിലെ തൊഴില്‍നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയെ ആഗോള തൊഴില്‍വിപണിയുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ സംവിധാനം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഓരോ മേഖലയിലെയും തൊഴില്‍സാധ്യതകളും സാങ്കേതിക മാറ്റങ്ങളും നിരീക്ഷിച്ച് പുതിയ കോഴ്സുകളും അക്കാദമിക് പ്രോഗ്രാമുകളും രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായങ്ങളുടെ ആവശ്യത്തിനനുസരിച്ച് പരിശീലനം നല്കുന്ന കോഴ്സുകളില്‍നിന്ന് 70 ശതമാനം പേരെയെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ജോലിക്കെടുക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു.
കൊച്ചിയില്‍ നടന്ന പ്രോഫിറ്റ് ടസ്കര്‍ സമ്മിറ്റിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ മനുഷ്യവിഭവശേഷി വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിശദീകരിച്ചത്.
ഭൂമിയുടെ ലഭ്യതയും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങളും ഉയര്‍ന്ന ജനസാന്ദ്രതയും കേരളത്തിന്റെ വ്യവസായ വികസനത്തിന് വെല്ലുവിളികളാണെങ്കിലും സംസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത് ഇവിടുത്തെ ടാലന്റ് പൂളാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദൂര ഗ്രാമങ്ങളില്‍പ്പോലും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ എന്ജിനീയര്മാരെയും ഐ.ടി.ഐ, പോളിടെക്നിക് ബിരുദധാരികളെയും മാനേജ്മെന്റ് വിദഗ്ധരെയും കണ്ടെത്താനാകും. ലോകത്ത് മറ്റൊരിടത്തും ഇത്രയധികം വൈവിധ്യമാര്‍ന്ന നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ഇത്ര എളുപ്പത്തില്‍ ലഭ്യമാകില്ലെന്നാണ് നിക്ഷേപകരോട് താന്‍ പറയാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തൊഴില്‍മേഖലയുടെ സ്വഭാവം അതിവേഗം മാറുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളും ആഗോള വ്യവസായ മാറ്റങ്ങളും തൊഴില്‍ ആവശ്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഇതിന് അനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ വ്യവസായ മേഖലയിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തി ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ പ്രവര്‍ത്തിക്കും. അതത് മേഖലകളിലെ തൊഴില്‍ ആവശ്യങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍, ഭാവിയില്‍ ആവശ്യമായി വരുന്ന നൈപുണ്യങ്ങള്‍ എന്നിവ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാഠ്യപദ്ധതികള്‍ പുനഃസംഘടിപ്പിക്കുകയും പുതിയ അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കുകയും ചെയ്യും.
സംരംഭകര്‍ക്ക് ഭാവിയില്‍ ആവശ്യമായ വിദഗ്ധരെ സംബന്ധിച്ച് നേരിട്ട് സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കാം. അതനുസരിച്ച് കോളേജുകളുമായി ചേര്‍ന്ന് പുതിയ കോഴ്സുകള്‍ ആരംഭിക്കാം. ഇത്തരം കോഴ്സുകളിലൂടെ പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ 70 ശതമാനം പേരെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ജോലിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. വ്യവസായങ്ങള്‍ക്ക് ആവശ്യമായ വിദഗ്ധരെ ലഭിക്കുന്നില്ലെന്ന സംരംഭകരുടെ പരാതിക്ക് ഇതിലൂടെ പരിഹാരം കണ്ടെത്താനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇതിനായി സ്വയംഭരണ കോളേജുകള്‍ക്ക് കൂടുതല്‍ അക്കാദമിക് സ്വാതന്ത്ര്യം നല്‍കും. പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കാതെ ആവശ്യാനുസരണം അക്കാദമിക് പ്രോഗ്രാമുകള്‍ തുടങ്ങാന്‍ ഇവയ്ക്ക് സാധിക്കും. കാലഹരണപ്പെട്ട കോഴ്സുകള്‍ക്ക് പകരം ആഗോള തൊഴില്‍വിപണിക്ക് ആവശ്യമായ പുതിയ വിഷയങ്ങള്‍ പഠനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
പഠനം പൂര്‍ത്തിയാക്കുന്ന യുവാക്കള്‍ക്ക് കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനായി വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുട്ടികളെ പുതിയ നൈപുണ്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം നിലവിലുള്ളവരെ വീണ്ടും പരിശീലിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ആവശ്യമായ മനുഷ്യവിഭവശേഷി സംസ്ഥാനത്തിനുള്ളില്‍ത്തന്നെ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ നിക്ഷേപസാധ്യതകള്‍ കൂടുതല്‍ വിപുലമാകും. കേരളത്തിന്റെ വിദ്യാഭ്യാസ മികവും തൊഴില്‍നൈപുണ്യവും വ്യവസായ വളര്‍ച്ചയ്ക്കുള്ള നേരിട്ടുള്ള കരുത്തായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



