വാഹന ഇൻഷുറൻസ് പോളിസികളുടെ ഘടനയിൽ നിർണായക മാറ്റം കൊണ്ടുവന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI). സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമുള്ള ഇൻഷുറൻസ് പോളിസികൾ ഇനി നാല് വ്യത്യസ്ത വിഭാഗങ്ങളായിട്ടായിരിക്കും ക്രമീകരിക്കുക. 2026 ഡിസംബർ 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഇൻഷുറൻസ് പരിരക്ഷകൾ തിരഞ്ഞെടുക്കാനും അതിനനുസരിച്ച് പ്രീമിയം അടയ്ക്കാനും പുതിയ സംവിധാനം അവസരമൊരുക്കും.
സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് IRDAI പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. വാഹന ഉടമകൾക്ക് തങ്ങൾ വാങ്ങുന്ന ഇൻഷുറൻസ് പരിരക്ഷകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയും അനാവശ്യമായ ഇൻഷുറൻസ് ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുകയുമാണ് ലക്ഷ്യം.
വാഹന ഇൻഷുറൻസിലെ നാല് വിഭാഗങ്ങൾ
1. തേർഡ് പാർട്ടി ഇൻഷുറൻസ് (Third Party Liability):
നിർബന്ധിതമായ ഈ ഇൻഷുറൻസ് പരിരക്ഷ അപകടത്തിൽ മറ്റുള്ളവർക്കുണ്ടാകുന്ന പരിക്കുകൾക്കും മരണത്തിനും സ്വത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നിയമപരമായ ബാധ്യതകൾക്കുമുള്ള പരിരക്ഷ നൽകും.
2. യാത്രക്കാർക്കുള്ള നിയമപരമായ ബാധ്യത (Legal Liability to Occupants):
കാറിലെ യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിലെ പിന്നിലിരിക്കുന്നവർക്കും അപകടം സംഭവിച്ചാൽ ലഭിക്കുന്ന പരിരക്ഷയാണിത്. വാഹന ഉടമയുടെ ജീവനക്കാർക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ഈ പരിരക്ഷ ലഭിക്കും. ഇത് നിർബന്ധമല്ല. അധിക പ്രീമിയം നൽകി തിരഞ്ഞെടുക്കാം.
3. പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് (Personal Accident Cover):
വാഹന ഉടമയ്ക്കുള്ള പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് നിർബന്ധമാണ്. എന്നാൽ യാത്രക്കാർക്കും പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും വാഹന ഉടമയല്ലാത്ത ഡ്രൈവർമാർക്കും അധിക പരിരക്ഷ വേണമെങ്കിൽ പ്രത്യേകം തിരഞ്ഞെടുക്കാം.
4. ഓൺ ഡാമേജ് ഇൻഷുറൻസ് (Own Damage Cover):
അപകടം, തീപിടിത്തം, പ്രകൃതിക്ഷോഭം, മോഷണം തുടങ്ങിയവ മൂലം സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള പരിരക്ഷയാണിത്. ഈ വിഭാഗവും നിർബന്ധമല്ല. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
പുതിയ നിയമത്തിൽ നിർബന്ധമായും വേണ്ടത് എന്തെല്ലാം?
നാല് വിഭാഗങ്ങളിൽ തേർഡ് പാർട്ടി ഇൻഷുറൻസും വാഹന ഉടമയ്ക്കുള്ള പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയുമാണ് നിർബന്ധം. മറ്റ് പരിരക്ഷകൾ അധിക പ്രീമിയം നൽകി തിരഞ്ഞെടുക്കാവുന്നതാണ്. പുതിയ പോളിസി എടുക്കുമ്പോൾ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കൾക്ക് നിർബന്ധമായും ഓപ്ഷൻ ഫോം നൽകണം. ഇതിൽ ഏതൊക്കെ പരിരക്ഷകൾ വേണമെന്ന് ഉപഭോക്താവിന് രേഖപ്പെടുത്താം. ഓരോ വിഭാഗത്തിനുമുള്ള പ്രീമിയം പ്രത്യേകം വ്യക്തമാക്കുകയും വേണം. കൂടാതെ പോളിസിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റും (CIS) നൽകണം.
നിലവിലുള്ള പോളിസികൾക്ക് എന്ത് സംഭവിക്കും?
നിലവിൽ തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമുള്ള വാഹന ഉടമകൾക്ക് പോളിസി റദ്ദാക്കാതെ തന്നെ യാത്രക്കാർക്കുള്ള അധിക പരിരക്ഷ തിരഞ്ഞെടുക്കാം. ഇതിനായി അധിക പ്രീമിയം അടച്ചാൽ മതിയാകും. നിലവിലുള്ള ഇൻഷുറൻസ് കമ്പനിയിൽ നിന്നുതന്നെ ഈ പരിരക്ഷ കൂട്ടിച്ചേർക്കാൻ സാധിക്കും. പുതിയ പരിഷ്കാരം ഇൻഷുറൻസ് പരിരക്ഷകളുടെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തുന്നതല്ല. പകരം ഓരോ പരിരക്ഷയും പ്രത്യേകം മനസിലാക്കാനും ആവശ്യാനുസരണം തിരഞ്ഞെടുക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതോടെ വാഹന ഉടമകൾക്ക് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അധിക പരിരക്ഷകൾ ഒഴിവാക്കുന്നവർക്ക് അപകടസമയത്ത് യാത്രക്കാരുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പരിരക്ഷ ലഭിക്കില്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.
English Summary
The Insurance Regulatory and Development Authority of India (IRDAI) has introduced significant changes to the structure of motor insurance policies. Insurance policies for private cars and two-wheelers will now be classified into four distinct categories. The new system will come into effect from December 15, 2026. The revised framework will allow consumers to choose insurance coverage based on their specific requirements and pay premiums accordingly.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



