അഞ്ചു വ്യാപാരദിനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഓഹരിവിപണി നടത്തിയത് വന്‍ തിരിച്ചുവരവാണ്. തുടര്‍ച്ചയായ നേട്ടങ്ങളോടെ നിഫ്റ്റിയും സെന്‍സെക്സും ഏകദേശം 5.5 ശതമാനം ഉയര്‍ന്നു. വിപണിയില്‍ വീണ്ടും ബുള്ളിഷ് തരംഗ പ്രതീക്ഷകള്‍ ശക്തമാകുകയാണ്. എന്നാല്‍ ഈ മുന്നേറ്റം ദീര്‍ഘകാല കുതിപ്പിന്റെ തുടക്കമാണോ അതോ താല്‍ക്കാലിക തിരിച്ചുവരവ് മാത്രമാണോ എന്നതാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
നവംബര്‍ 4-ന് വ്യാപാരം അവസാനിക്കുമ്പോള്‍ നിഫ്റ്റി 50 149.75 പോയിന്റ് ഉയര്‍ന്ന് 23,960.60ലും സെന്‍സെക്സ് 383.55 പോയിന്റ് നേട്ടത്തോടെ 77,301.40ലുമെത്തി. കഴിഞ്ഞ അഞ്ചു വ്യാപാരസെഷനുകളിലായി നിഫ്റ്റി 5.55 ശതമാനവും സെന്‍സെക്സ് 5.53 ശതമാനവുമാണ് ഉയര്‍ന്നത്. ഏകദേശം അഞ്ചുമാസത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ മുന്നേറ്റമാണിത്.
വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു
വിപണിയുടെ തിരിച്ചുവരവില്‍ ഏറ്റവും നിര്‍ണായകമായ ഘടകം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്ഐഐ/എഫ്പിഐ) വാങ്ങലാണ്. നവംബര്‍ മൂന്നിന് മാത്രം 6,837 കോടി രൂപയുടെ അറ്റനിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയത്. നവംബറിലെ ആദ്യ ദിവസങ്ങളില്‍ വിദേശ നിക്ഷേപം ഏകദേശം 7,200 കോടി രൂപയായി. കഴിഞ്ഞ ആറു വ്യാപാരദിവസങ്ങളില്‍ അഞ്ചിലും വിദേശികള്‍ വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഈ കാലയളവിലെ മൊത്തം വാങ്ങല്‍ 18,661 കോടി രൂപയാണ്.
അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) നവംബര്‍ മൂന്നിന് 3,679 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. വിദേശികള്‍ വാങ്ങുകയും ആഭ്യന്തര സ്ഥാപനങ്ങള്‍ ലാഭമെടുക്കുകയും ചെയ്യുന്ന വിപണിയിലെ ഈ മാറ്റം ശ്രദ്ധേയമാണ്.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന് പിന്നില്‍ ഇന്ത്യന്‍ ഓഹരികളുടെ ആകര്‍ഷകമായ മൂല്യനിര്‍ണയവും മികച്ച കമ്പനികളുടെ മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളുമുണ്ട്. ആഗോള വിപണികളിലെ എഐ ഓഹരികളില്‍ നിന്നുള്ള നിക്ഷേപമാറ്റവും ഇന്ത്യയിലേക്ക് പണം തിരിച്ചെത്താന്‍ സഹായിക്കുന്ന ഘടകമാണ്.
മിഡ്ക്യാപ്പും സ്മോള്‍ക്യാപ്പും മുന്നില്‍
വിപണിയിലെ മുന്നേറ്റം ഏതാനും വന്‍കിട ഓഹരികളില്‍ മാത്രം ഒതുങ്ങിയിട്ടില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അഞ്ചു സെഷനുകളില്‍ മിഡ്ക്യാപ് സൂചിക 1.55 ശതമാനവും സ്മോള്‍ക്യാപ് സൂചിക രണ്ട് ശതമാനവും ഉയര്‍ന്നു. നവംബര്‍ നാലിന് നിഫ്റ്റി മീഡിയ സൂചിക 4.5 ശതമാനം നേട്ടത്തോടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി.
അതേസമയം ഐടി ഓഹരികളില്‍ ലാഭമെടുപ്പ് പ്രകടമായി. നിഫ്റ്റി ഐടി സൂചിക 1.9 ശതമാനം താഴ്ന്നു. ടിസിഎസ് 2.5 ശതമാനവും എച്ച്സിഎല്‍ ടെക്നോളജീസ് 2.4 ശതമാനവും ഇന്‍ഫോസിസ് 1.8 ശതമാനവും ഇടിഞ്ഞു. എഐ മേഖലയിലെ ആഗോള നിക്ഷേപ പ്രവണതകളെക്കുറിച്ചുള്ള ആശങ്കകളാണ് ഈ മേഖലയെ സമ്മര്‍ദത്തിലാക്കുന്നത്.
ക്രൂഡ് ഓയിലും അമേരിക്കന്‍ രാഷ്ട്രീയവും നിര്‍ണായകം
ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം നിര്‍ണായകമാണ്. നവംബര്‍ നാലിന് ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 102.50 ഡോളറിലേക്ക് താഴ്ന്നു. ഇറക്കുമതി ചെയ്യുന്ന എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് വില കുറയുന്നത് പണപ്പെരുപ്പം, രൂപയുടെ മൂല്യം, കമ്പനികളുടെ ചെലവ് എന്നിവയില്‍ ആശ്വാസം നല്‍കും.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലവും വിപണിയുടെ അടുത്ത നീക്കത്തെ സ്വാധീനിക്കും. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാരനയങ്ങള്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം, ആഗോള ഊര്‍ജവില, എഐ മേഖലയിലെ നിക്ഷേപം എന്നിവയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ പണമൊഴുക്കിനെയും ബാധിക്കാം.
നിഫ്റ്റി 24,000 കടക്കുമോ? ശ്രദ്ധിക്കേണ്ട നിലവാരങ്ങള്‍
എസ്ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷായുടെ സാങ്കേതിക വിലയിരുത്തല്‍ പ്രകാരം നിഫ്റ്റിക്ക് 23,850-23,870 നിലവാരത്തില്‍ സപ്പോര്‍ട്ടുണ്ട്. ഇത് തകര്‍ന്നാല്‍ 23,700ലേക്ക് ലാഭമെടുപ്പ് ശക്തമാകാം. മറുവശത്ത് 24,050-24,070 ആണ് പ്രധാന പ്രതിരോധം. ഈ നിലവാരം മറികടന്നാല്‍ 24,230 വരെ മുന്നേറ്റത്തിന് സാധ്യതയുണ്ട്.
ചോയ്സ് ബ്രോക്കിങ്ങിലെ ഹിതേഷ് ടെയ്ലര് 23,900-24,000 മേഖലയെ നിര്‍ണായക പ്രതിരോധമായി കാണുന്നു. 24,000ന് മുകളില്‍ ഈ ആഴ്ച നിഫ്റ്റി ക്ലോസ് ചെയ്യുകയാണെങ്കില്‍ 24,500-24,800 നിലവാരങ്ങളിലേക്ക് മുന്നേറ്റം സാധ്യമായേക്കും. താഴേക്ക് 23,650-23,700 ലെവല്‍ ആണ് പ്രധാന പിന്തുണ.
സെന്‍സെക്സില്‍ 77,500 ആണ് പ്രധാന പ്രതിരോധം. ഈ നിലവാരത്തിന് മുകളില്‍ സ്ഥിരതയോടെ വ്യാപാരം അവസാനിപ്പിച്ചാല്‍ 78,200 വരെ മുന്നേറ്റത്തിന് സാധ്യതയുണ്ട്. 76,900-77,000 മേഖലയാണ് ആദ്യ പിന്തുണ.
ഇനി നിക്ഷേപകര്‍ എന്തുചെയ്യണം?
അഞ്ചുദിവസത്തെ കുതിപ്പിനു പിന്നാലെ വിപണിയില്‍ ലാഭമെടുപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരങ്ങളില്‍ ആവേശത്തോടെ ഓഹരികള്‍ വാങ്ങുന്നതിനുപകരം തിരുത്തലുകള്‍ നിരീക്ഷിക്കുകയാണ് ഉചിതം. വിദേശ നിക്ഷേപകരുടെ വാങ്ങല്‍ തുടരുമോ, കമ്പനികളുടെ പാദഫലങ്ങള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ, ക്രൂഡ് ഓയില്‍ വില വീണ്ടും കുതിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് അടുത്ത ഘട്ടം നിര്‍ണയിക്കുക.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



