സാബു ജോണി
മാനേജിംഗ് ഡയറക്ടർ, ഇവിഎം ഗ്രൂപ്പ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു….

കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ചില നയപരമായ മാറ്റങ്ങൾ അനിവാര്യമാണ്. പ്രത്യേകിച്ച് വാഹന നികുതി, വിനോദസഞ്ചാരം, ബിസിനസ് അനുമതികൾ തുടങ്ങിയ മേഖലകളിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ട സമയമാണിത്.
കേരളത്തിലെ നിലവിലുള്ള റോഡ് നികുതി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത് വാഹനങ്ങളുടെ റീസെയ്ൽ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിൽ ഉയർന്ന വിലയുള്ള അതേ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ, കേരളത്തിലുള്ളവർ പോലും അവിടെ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാൻ താത്പര്യപ്പെടുന്നു. ഇത് സംസ്ഥാനത്തെ വാഹന വിപണിയെയും വ്യാപാരികളെയും ബാധിക്കുന്നുണ്ട്. അതിനാൽ റോഡ് നികുതി ഘടന പുനഃപരിശോധിക്കണം.പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ 15 വർഷത്തെ റോഡ് നികുതി ഒറ്റത്തവണ ഈടാക്കുന്ന രീതിക്ക് പകരം അഞ്ച് വർഷം വീതമുള്ള മൂന്ന് ഗഡുക്കളായി അടയ്ക്കാൻ സൗകര്യമൊരുക്കണം.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും പുനഃപരിശോധിക്കേണ്ടതുണ്ട്. നിലവിൽ ഇവികൾക്കും 15 വർഷത്തെ നികുതിയാണ് ഈടാക്കുന്നത്. എന്നാൽ ഒരു ഇലക്ട്രിക് വാഹനത്തിന്റെ പ്രായോഗിക ആയുസ്സ് പലപ്പോഴും 10 വർഷത്തിനുള്ളിലാണ്. ഇക്കാര്യം കണക്കിലെടുത്ത് അഞ്ച് വർഷം വീതമുള്ള ഗഡുക്കളായി നികുതി അടയ്ക്കാൻ അവസരം നൽകണം. മറ്റ് പല സംസ്ഥാനങ്ങളിലും ഇവികൾക്ക് നികുതിയിളവോ പൂർണ ഇളവോ നൽകുമ്പോൾ കേരളവും കൂടുതൽ പ്രോത്സാഹനപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം മാറ്റങ്ങൾ ലക്ഷ്വറി വാഹന വിപണിയിലും യൂസ്ഡ് കാർ മേഖലയിലും ഗുണം ചെയ്യും. വാഹനങ്ങളുടെ വിലയിലെ അസന്തുലിതാവസ്ഥ കുറയ്ക്കാനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും ഇത് സഹായിക്കും.
നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്നതാണ്. എന്നാൽ പുതിയ ഹോട്ടലുകളും വിനോദസഞ്ചാര പദ്ധതികളും ആരംഭിക്കാൻ ആവശ്യമായ വിവിധ അനുമതികൾ, പ്രത്യേകിച്ച് പരിസ്ഥിതി ക്ലിയറൻസുകൾ, ലഭിക്കാൻ വലിയ കാലതാമസം നേരിടേണ്ടിവരുന്നു. പുതിയ നിക്ഷേപങ്ങളെയിത് പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ എല്ലാ അനുമതികളും സമയബന്ധിതമായി ലഭ്യമാക്കുന്ന കാര്യക്ഷമമായ ഏകജാലക സംവിധാനെ ഒരുക്കണം. ഇതിലൂടെ കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാനാകും.





