പെട്രോളിന് പകരമായി ഉയര്‍ന്ന അളവില്‍ എഥനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതോടെ ഇ100 വരെ എഥനോള്‍ അടങ്ങിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത് അംഗീകാരം നേടിയ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കും. അസംസ്കൃത എണ്ണയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇന്ധനച്ചെലവിലെ വിദേശനാണ്യ സമ്മര്‍ദം നിയന്ത്രിക്കുക, രാജ്യത്തെ ജൈവ ഇന്ധന ഉല്‍പ്പാദനത്തിന് വിപണി വികസിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഇ100 എന്നത് ഏകദേശം ശുദ്ധമായ എഥനോള്‍ ഇന്ധനമാണ്. നിലവില്‍ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഇ20 പെട്രോളില്‍ 20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളുമാണുള്ളത്. അതേസമയം, ഇ85 ഇന്ധനത്തില്‍ 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളുമാണുള്ളത്. ഉയര്‍ന്ന എത്തനോള്‍ മിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങളുടെ എന്‍ജിനും ഇന്ധന സംവിധാനങ്ങളും അതിനനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കണം.
പുതിയ ചട്ടം എല്ലാ പെട്രോള്‍ വാഹനങ്ങള്‍ക്കും ഇ100 ഉപയോഗിക്കാനുള്ള അനുമതിയല്ല. ഇ20 യ്ക്കോ സാധാരണ പെട്രോളിനോ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത വാഹനങ്ങളില്‍ ഇ85, ഇ100 എന്നിവ ഉപയോഗിക്കരുതെന്ന് റോഡ് ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്ക് അനുയോജ്യമാണെന്ന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത് സര്‍ട്ടിഫൈ ചെയ്ത വാഹനങ്ങള്‍ക്കു മാത്രമാണ് അനുമതി.
2026 ജൂണില്‍ മാരുതി സുസുക്കി ഇന്ത്യ ഇ20 മുതല്‍ ഇ100 വരെ ഉപയോഗിക്കാന്‍ കഴിയുന്ന വാഗണ്‍ആര്‍ ഫ്ളെക്സ്-ഫ്യൂവല്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. ടൊയോട്ട, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിര്‍മാതാക്കളും ഇന്ത്യന്‍ വിപണിക്കായി ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ ഇത്തരം വാഹനങ്ങളുടെ വികസനത്തിനും വാണിജ്യവല്‍ക്കരണത്തിനും കൂടുതല്‍ സാധ്യത തുറക്കുമെന്നാണ് വിലയിരുത്തല്‍.
ഭാരപരിധിയില്‍ മാറ്റം
ഇതിനൊപ്പം, ഭേദഗതിയില്‍ ഉള്‍പ്പെട്ട ചില ലൈറ്റ് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാരപരിധിയും കേന്ദ്രം പരിഷ്കരിച്ചു. മുന്‍പ് 3,000 കിലോഗ്രാമായിരുന്ന പരിധി 3,500 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുണ്ട്. വാഹനങ്ങളുടെ വര്‍ഗീകരണം, ഇന്ധന മാനദണ്ഡങ്ങള്‍, മലിനീകരണവുമായി ബന്ധപ്പെട്ട പരിശോധനാ വ്യവസ്ഥകള്‍ എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
എന്നാല്‍ ഫ്ളെക്സ്-ഫ്യൂവല്‍ വാഹനങ്ങളുടെ വ്യാപനം വാഹനവില, എഥനോളിന്റെ ലഭ്യത, ഇന്ധനവിതരണ ശൃംഖല, മൈലേജ്, എന്ജിന് സാങ്കേതികവിദ്യ എന്നിവയെ ആശ്രയിച്ചിരിക്കും. അതിനാല്‍ പുതിയ ചട്ടം ഇന്ധന ഇറക്കുമതി ഉടന്‍ കുറയ്ക്കുമെന്നതിനേക്കാള്, ഇന്ത്യയുടെ ബദല്‍ ഇന്ധന നയത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കുന്ന നടപടിയായാണ് കാണേണ്ടത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



