വോഡഫോണ്‍ ഐഡിയയുടെ കുടിശ്ശികയില്‍ കൂടുതല്‍ ഇളവുകള്‍ നല്കാന് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഒരാഴ്ചയായി മുന്നേറുകയായിരുന്ന ഓഹരിവിലയില്‍ 10 ശതമാനത്തിന്റെ കനത്ത ഇടിവ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ ഓഹരിവില ലോവര്‍ സര്‍ക്യൂട്ടിലെത്തി. കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിലായി ഓഹരി ഏകദേശം 3 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 6.66 രൂപയാണ് വോഡഫോണ്‍ ഐഡിയ ഓഹരിവില. ട്രംപ് താരിഫ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വിപണിയില്‍ ആകെയുണ്ടായ ഇടിവും വോഡ ഐഡിയയുടെ സ്ഥിതി മോശമാക്കി.
കട, നികുതി ബാധ്യതകള്‍ മൂലം പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര മന്ത്രിസഭയുമായും ധനകാര്യ മന്ത്രാലയവുമായും കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് തിങ്കളാഴ്ച കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി പറഞ്ഞിരുന്നു. എന്നാല്‍ തല്ക്കാലം കമ്പനിക്ക് ഇളവുകള്‍ നല്കാന് ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വോഡഫോണ്‍ ഐഡിയ നിക്ഷേപകര്‍ നിരാശരായി.
വോഡഫോണ്‍ ഐഡിയയില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഏകദേശം ഒരു പൊതുമേഖലാ സ്ഥാപനമായ അവസ്ഥയാണ് കമ്പനിയുടേത്.
കടക്കെണിയിലായ വോഡഫോണ്‍ ഐഡിയ സര്‍ക്കാരിന് ഏകദേശം 83,400 കോടി എജിആര്‍ കുടിശ്ശിക നല്‍കാനുണ്ട്. വാര്‍ഷിക ഗഡുക്കളായി 18,000 കോടി രൂപ വീതമാണ് അടുത്ത മാര്‍ച്ച് മുതല്‍ നല്‍കേണ്ടത്. സര്‍ക്കാരിന് ആകെ നല്‍കേണ്ട തുകയാവട്ടെ 2 ലക്ഷം കോടി രൂപയും. വന്‍ ബാധ്യതകള്‍ കാരണം ബാങ്കുകള്‍ കൂടുതല്‍ വായ്പ നല്കാന് മടിക്കുകയാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ഫണ്ടിംഗ് ഇല്ലാതെ ഒരു വര്‍ഷത്തിനപ്പുറം പിടിച്ചു നില്‍ക്കാനാവില്ലെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



