വിദേശ നിക്ഷേപം കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകൾ നിക്ഷേപത്തിനായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്കുകൾ’ ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ 30നാണ് ഉത്തരവ് പുറത്തിറങ്ങിയത്.
ആദ്യഘട്ടത്തിൽ ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് കേരള ഡെസ്കുകൾ ആരംഭിക്കുക. ഓരോ നഗരത്തിലുമുള്ള പ്രവാസി മലയാളി സംഘടനകൾ, കേരള വംശജരായ വ്യവസായികൾ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരുമായി സ്ഥിരമായ ബന്ധം സ്ഥാപിക്കുകയാണ് ഡെസ്ക്കുകളുടെ പ്രധാന ചുമതല.
നിക്ഷേപ സാധ്യതകൾ കണ്ടെത്തും
വിദേശത്തുള്ള കേരളീയ സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ പണമയയ്ക്കലിൽ മാത്രം ഒതുക്കാതെ നിക്ഷേപാധിഷ്ഠിത വളർച്ചയിലേക്ക് മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തുകയും താൽപര്യമുള്ള നിക്ഷേപകരെ കേരളത്തിലെ ബന്ധപ്പെട്ട സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യും.
നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, നിക്ഷേപകരിൽ നിന്ന് താൽപര്യങ്ങൾ കണ്ടെത്തുക, യോഗ്യമായ നിക്ഷേപ സാധ്യതകളെ തിരിച്ചറിഞ്ഞ് കെഎസ്ഐഡിസി (KSIDC – Kerala State Industrial Development Corporation) -യുടെ ഇൻവെസ്റ്റ് കേരള സെൽ-ലേക്ക് കൈമാറുക എന്നിവയും ഡെസ്കുകളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. തുടർന്ന് സംസ്ഥാനത്തിന്റെ ഏകജാലക നിക്ഷേപ സംവിധാനത്തിലൂടെ പദ്ധതികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യം.
വിപണി വിവരങ്ങളും ലഭ്യമാക്കും
ഓരോ രാജ്യത്തെയും വ്യവസായ മേഖലകളിലെ അവസരങ്ങൾ, നിക്ഷേപ പ്രവണതകൾ, നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനത്തിന്റെ നിക്ഷേപ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് കൈമാറാനും ഡെസ്കുകൾക്ക് ചുമതലയുണ്ടാകും. ഇതിലൂടെ വിദേശ നിക്ഷേപകരുടെ ആവശ്യങ്ങളും കേരളത്തിലെ നിക്ഷേപ അവസരങ്ങളും തമ്മിൽ കൂടുതൽ നേരിട്ടുള്ള ബന്ധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയില്ല
കേരള ഡെസ്കുകളുടെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന് പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ നഗരത്തിലെയും അംഗീകൃത പ്രവാസി മലയാളി സംഘടനകളായിരിക്കും ഡെസ്കുകൾക്ക് ആവശ്യമായ ഭരണപരമായ പിന്തുണ നൽകുക. ഇവരുടെ സഹകരണം സന്നദ്ധവും പ്രതിഫലം ഇല്ലാത്തതുമായ രീതിയിലായിരിക്കും.
അതേസമയം, കെഎസ്ഐഡിസി-യുടെ കീഴിലുള്ള ഇൻവെസ്റ്റ് കേരള സെൽ ഡെസ്ക്കുകൾക്ക് ആവശ്യമായ സ്ഥാപനപരമായ പിന്തുണയും ഏകോപനവും നൽകും. ഡെസ്ക്കുകളുടെ പ്രവർത്തനരീതി, ഏകോപന സംവിധാനം, നിക്ഷേപ നിർദേശങ്ങൾ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ കെഎസ്ഐഡിസി അന്തിമമാക്കും.
നടപ്പാക്കൽ ചുമതല കെഎസ്ഐഡിസി -ക്ക്
അഞ്ച് നഗരങ്ങളിലും അനുയോജ്യമായ പ്രവാസി മലയാളി സംഘടനകളെ കണ്ടെത്തി അവരുമായി സഹകരണ സംവിധാനം രൂപീകരിക്കാൻ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലേക്ക് വിദേശ നിക്ഷേപം എത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ആഗോള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു. പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക പങ്കാളിത്തത്തെ പണമയയ്ക്കലിൽ നിന്ന് നിക്ഷേപത്തിലേക്കും സംരംഭകത്വത്തിലേക്കും കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള സംവിധാനമായാണ് കേരള ഡെസ്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്.





