ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എത്തുന്നു. റിലയന്‍സിന്റെ ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഒക്ടോബര്‍ 21ന് എത്തും. ഏകദേശം 34,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയും ലിസ്റ്റിങ്ങുമായി ജിയോ പ്ലാറ്റ്ഫോംസ് മാറും. 2024ല്‍ 27,000 കോടി രൂപയോളം സസമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ റെക്കോര്‍ഡിനെയാണ് ജിയോ മറികടക്കുക. ഓഹരികള്‍ ഒക്ടോബര്‍ 28ന് ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. ഓഗസ്റ്റില്‍ സെബിയില്‍ നിന്ന് ഐപിഒയ്ക്കുള്ള അനുമതി ജിയോ നേടിയിരുന്നു. ഐപിഒയിലൂടെ ലഭിക്കുന്ന തുകയുടെ പ്രധാന ഭാഗം ജിയോയുടെ ടെലികോം വിഭാഗത്തിന്റെ കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെറ്റയും ഗൂഗിളും ഉള്‍പ്പെടെയുള്ള പ്രമുഖ ആഗോള കമ്പനികള്‍ ജിയോ പ്ലാറ്റ്ഫോംസിലെ നിക്ഷേപകരാണ്.
ചര്‍ച്ചകള്‍ മുരടിച്ചെന്ന് നിര്‍മല സീതാരാമന്
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വളര്‍ച്ച മുരടിച്ച ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും ഇനി കൂടുതല്‍ വിട്ടുവീഴ്ചകള്‍ നടത്തുന്നത് ഇരുപക്ഷത്തിനും ബുദ്ധിമുട്ടായേക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകളില്‍ വലിയ വ്യത്യാസങ്ങള്‍ തുടരുകയാണ്. ഇന്ത്യയുടെ വ്യാപാര മിച്ചം കുറയ്ക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. 2026 ഫെബ്രുവരിയില്‍ ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നെങ്കിലും അന്തിമ കരാര്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതേസമയം, ഇന്ത്യ-യൂറോപ്യന്‍ യൂണിയന് വ്യാപാര കരാര്‍ മാതൃകയായി ചൂണ്ടിക്കാട്ടിയ നിര്‍മല സീതാരാമന്, ഡയറി, കൃഷി തുടങ്ങിയ മേഖലകളുടെ താല്പര്യങ്ങള് സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ വ്യാപാര കരാറുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും വ്യക്തമാക്കി.
വിപണി തിരിച്ചു കയറുന്നു
തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചുവരവ്. ഒക്ടോബര്‍ 5ലെ വ്യാപാരത്തില്‍ സെന്‍സെക്സ് 472 പോയിന്റ് നേട്ടത്തില്‍ 72,382 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 133 പോയന്റ് നേട്ടത്തോടെ 22,500ന് മുകളില്‍ ക്ലോസ് ചെയ്തു. മേഖലകളിലുടനീളം വാങ്ങല്‍ താല്പര്യം ശക്തമായതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതുമാണ് വിപണിക്ക് പിന്തുണയായത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും ഏകദേശം 0.5 ശതമാനം വീതം ഉയര്‍ന്നു. ഫാര്‍മ, ഹെല്‍ത്ത്കെയര്‍ മേഖലകള്‍ ഒഴികെയുള്ള ഭൂരിഭാഗം മേഖലകളിലും വാങ്ങല്‍ ദൃശ്യമായി. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം വിപണി തിരിച്ചുകയറിയെങ്കിലും ആഗോള അനിശ്ചിതത്വം, എണ്ണവിലയിലെ ചാഞ്ചാട്ടം, വിദേശ നിക്ഷേപകരുടെ നീക്കം തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ന്നും നിര്‍ണായകമാകും.
സിഎഎസ് പിന്‍വലിക്കാന്‍ സെബി ആലോചിക്കുന്നു
ഫ്യൂച്ചര്‍, ഓപ്ഷന്‍സ് വിപണിയില്‍ എക്സ്പയറി ദിവസങ്ങളിലുണ്ടാകുന്ന വമ്പന്‍ ചാഞ്ചാട്ടത്തെ തുടര്‍ന്ന് ക്ലോസിംഗ് ഓക്ഷന് സംവിധാനം ഭാഗികമായി പിന്‍വലിക്കാന്‍ സെബി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സെബി ഓഹരികളുടെയും അവയുമായി ബന്ധപ്പെട്ട ഫ്യൂച്ചേഴ്സ്-ഓപ്ഷന് കരാറുകളുടെയും ക്ലോസിങ് വില നിര്‍ണയിക്കാന്‍ Closing Auction Session (CAS) സംവിധാനം കഴിഞ്ഞ മാസം ആരംഭിച്ചതോടെയാണ് ഡെറിവേറ്റീവ് എക്സ്പയറി ദിവസങ്ങളില്‍ വിലയില്‍ വമ്പന്‍ ചാഞ്ചാട്ടം ദൃശ്യമാകാനാരംഭിച്ചത്. കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് ഡെറിവേറ്റീവ് സെറ്റില്‍മെന്റ് വില നിര്‍ണയിക്കാന്‍ ക്ലോസിങ് ഓക്ഷന് ഒഴിവാക്കി, അവസാന 30 മിനിറ്റിലെ വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് അഥവാ വിവാപ് ഉപയോഗിക്കാനാണ് സാധ്യത. അതേസമയം, കുറഞ്ഞ ലിക്വിഡിറ്റിയുള്ള കാഷ് മാര്‍ക്കറ്റ് ഓഹരികള്‍ക്ക് ക്ലോസിങ് ഓക്ഷന് തുടര്‍ന്നേക്കും. മാറ്റങ്ങള്‍ ഈ മാസം അവസാനത്തോടെ നടപ്പാക്കാനാണ് സാധ്യത.
നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ
വിമാന ഇന്ധനമായ എടിഎഫിന്റെ വില കുതിച്ചതോടെ ഒക്ടോബര്‍ 6 മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് ഇന്‍ഡിഗോ വര്‍ധിപ്പിക്കും. കഴിഞ്ഞ മാസം എടിഎഫ് വിലയിലുണ്ടായ വര്‍ധന 14 ശതമാനത്തിലേറെയാണ്. ഇതോടെ ഇന്ധനച്ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകളില്‍ 500 കിലോമീറ്റര്‍ വരെ 375 രൂപ, 1,000 കിലോമീറ്റര്‍ വരെ 600 രൂപ, 2,000 കിലോമീറ്റര്‍ വരെ 1,150 രൂപ 2,000 കിലോമീറ്ററിന് മുകളില്‍ 1,300 രൂപ എന്നിങ്ങനെയാണ് നിരക്ക് വര്‍ധന.





