സ്തനാർബുദ ചികിത്സാ രംഗത്ത് നിർണായക നേട്ടവുമായി ഇന്ത്യൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ Biocon. HER2-പോസിറ്റീവ് സ്തനാർബുദ ചികിത്സയ്ക്കായി വികസിപ്പിച്ച ബയോസിമിലർ മരുന്നായ Pebrilzo-യ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (USFDA) അംഗീകാരം ലഭിച്ചു. ഇതോടെ അമേരിക്കയിൽ അംഗീകാരം ലഭിച്ച ബയോകോണിന്റെ കാൻസർ ചികിത്സാ ബയോസിമിലർ മരുന്നുകളുടെ എണ്ണം അഞ്ചായി.
പെർജെറ്റ (Perjeta) എന്ന മരുന്നിന്റെ ബയോസിമിലർ പതിപ്പാണ് Pebrilzo (pertuzumab-qcay). കാൻസർ കോശങ്ങളിലെ HER2 റിസപ്റ്ററുകളെ തടയുന്നതിലൂടെ രോഗത്തിന്റെ വളർച്ച നിയന്ത്രിക്കാൻ സഹായിക്കുന്ന മോണോക്ലോണൽ ആന്റിബോഡിയാണിത്. HER2-പോസിറ്റീവ് സ്തനാർബുദത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ചികിത്സയിൽ മറ്റ് മരുന്നുകൾക്കൊപ്പം ഉപയോഗിക്കാനാണ് ഇത് അംഗീകരിച്ചിരിക്കുന്നത്.
നിലവിൽ അംഗീകാരമുള്ള ഒരു ബയോളജിക്കൽ മരുന്നിന് സമാനമായ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയുള്ള മറ്റൊരു മരുന്നിനെയാണ് ബയോസിമിലർ (Biosimilar) എന്ന് വിളിക്കുന്നത്. യഥാർഥ മരുന്നിന് പകരമായി ഉപയോഗിക്കാവുന്ന ബദൽ ചികിത്സാ സാധ്യതകളാണ് ഇവ നൽകുന്നത്. ചികിത്സാച്ചെലവ് കുറയ്ക്കാനും കൂടുതൽ രോഗികളിലേക്ക് ആധുനിക ചികിത്സ എത്തിക്കാനും ഇത്തരം മരുന്നുകൾക്ക് കഴിയും.
USFDA അംഗീകാരം ലഭിച്ചെങ്കിലും Pebrilzo ഉടൻ അമേരിക്കൻ വിപണിയിൽ എത്തില്ല. മരുന്നിന്റെ പേറ്റന്റ് സംബന്ധിച്ച് Genentech-മായി ബയോകോൺ ആഗോള ഒത്തുതീർപ്പ്, ലൈസൻസ് കരാറിൽ എത്തിയിട്ടുണ്ട്. ഇതനുസരിച്ച് 2028-ലെ മൂന്നാം പാദത്തിലാണ് അമേരിക്കയിൽ മരുന്നിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ലോഞ്ച് സാധ്യമാകുക.
അതേസമയം, യൂറോപ്യൻ യൂണിയനിലും യുകെയിലും 2027-ന്റെ ആദ്യ പാദത്തിൽ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (EMA) വിദഗ്ധ സമിതിയായ CHMP നേരത്തെ മരുന്നിന് മാർക്കറ്റിങ് അംഗീകാരം നൽകാൻ അനുകൂല ശുപാർശ നൽകിയിരുന്നു. Pebrilzo കൂടി എത്തുന്നതോടെ അമേരിക്കയിൽ ബയോകോണിന്റെ അംഗീകാരം ലഭിച്ച ഓങ്കോളജി ബയോസിമിലർ മരുന്നുകളുടെ എണ്ണം അഞ്ചാകും. Ogivri, Jobevne, Fulphila, Aukelso എന്നിവയാണ് നിലവിലുള്ള മറ്റ് നാല് മരുന്നുകൾ.
സ്തനാർബുദം ഉൾപ്പെടെയുള്ള കാൻസറുകൾക്കുള്ള കൂടുതൽ താങ്ങാവുന്ന ബയോളജിക്കൽ മരുന്നുകൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് പുതിയ അംഗീകാരം കരുത്തേകും. ലോകമെമ്പാടുമുള്ള രോഗികൾക്ക് ഗുണനിലവാരമുള്ളതും താങ്ങാവുന്നതുമായ കാൻസർ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ബയോകോൺ മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്രീഹാസ് താംബെ വ്യക്തമാക്കി.
English Summary
Indian biopharmaceutical company Biocon has achieved a significant milestone in the breast cancer treatment segment. Its biosimilar drug, Pebrilzo, developed for the treatment of HER2-positive breast cancer, has received approval from the US Food and Drug Administration (USFDA). With this approval, the total number of Biocon's oncology biosimilar drugs approved in the United States has increased to five.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



