മ്യൂച്വല്‍ ഫണ്ടുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയമേറുന്നു. 2025 ജൂലൈ മാസത്തില്‍, വിപണിയിലെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കില്‍ ഉണ്ടായത് 81.04 ശതമാനം വര്‍ധന. 42,702.35 കോടി രൂപയാണ് കഴിഞ്ഞമാസം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കെത്തിയത്. ജൂണ്‍ മാസത്തില്‍ 23,587.05 കോടി രൂപ മാത്രമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിരുന്നത്.
മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്മെന്റ് – എയുഎം) 2025 ജൂലൈയില്‍ 1.27% ഉയര്‍ന്നു. ജൂണിലെ 74.4 ലക്ഷം കോടി രൂപയില്‍ നിന്ന് ഇത് 75.35 ലക്ഷം കോടി രൂപയിലെത്തി. സ്ഥിരമായ വളര്‍ച്ചയും നിക്ഷേപകരുടെ താല്‍പ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എഎംഎഫ്ഐ) പുറത്തുവിട്ട കണക്കുകള്‍.
ഓഹരി വിപണിയിലെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്ന റിസ്ക് ഒഴിവാക്കാനും എന്നാല്‍ താരതമ്യേന ഭേദപ്പെട്ട വരുമാനം നേടാനുമുള്ള മികച്ച ഉപാധിയെന്ന നിലയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സ്വീകാര്യമാവുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ഇഷ്ടം സ്മോള്കാപിനോട്
ഉയര്‍ന്ന ലാഭ-നഷ്ട സാധ്യതയുള്ള സ്മോള്‍ ക്യാപ് ഫണ്ടുകളാണ് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിച്ചത്. ജൂലൈയില്‍ 6,484 കോടി രൂപയാണ് സ്മോള്‍ കാപ് ഫണ്ടുകളിലേക്കെത്തിയത്. ജൂണ്‍ മാസത്തില്‍ 4,024 കോടി രൂപയായിരുന്നു സ്മോള്‍ കാപ് ഫണ്ടുകളിലെത്തിയത്. മിഡ് ക്യാപ് ഫണ്ടുകളിലേക്ക് 5,182 കോടി രൂപ എത്തി. ജൂണിലെ ഇതേ 3754 കോടിു രൂപയേക്കാള്‍ 38 ശതമാനം കൂടുതലാണിത്. ലാര്‍ജ് ക്യാപ് ഫണ്ടുകളിലേക്ക് ജൂലൈയില്‍ 2,125 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. ജൂണിലെ 1694 കോടി രൂപയേക്കാള്‍ 25 ശതമാനം വര്‍ധന.
30 പുതിയ സ്കീമുകള്‍
ജൂലൈ മാസത്തില്‍ വിവിധ വിഭാഗങ്ങളിലായി 30 പുതിയ നിക്ഷേപ സ്കീമുകള്‍ അവതരിപ്പിക്കപ്പെട്ടു. 30,416 കോടി രൂപയാണ് ഇതിലൂടെ ഒഴുകിയെത്തിയത്. 10 ഇക്വിറ്റി സ്കീമുകള്‍ 8,997 കോടി രൂപയും, 5 ഡെറ്റ് സ്കീമുകള്‍ മൊത്തം 18,948 കോടി രൂപയും, രണ്ട് ഹൈബ്രിഡ് സ്കീമുകള്‍ മൊത്തം 1,887 കോടി രൂപയും, മറ്റ് ആറ് സ്കീമുകള്‍ മൊത്തം 584 കോടി രൂപയും സമാഹരിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



