മരണപ്പെട്ട ഭർത്താവിന്റെ വ്യക്തിഗത വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി ഒരു വിധവയുടെ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുക പിടിച്ചെടുത്ത നടപടി തെറ്റാണെന്ന് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. ഭർത്താവ് എടുത്ത വായ്പയിൽ ഭാര്യ സഹ-അപേക്ഷകയോ, ജാമ്യക്കാരോ ആയിരുന്നില്ല. അതിനാൽ ബാങ്കിന് അവരുടെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഏകപക്ഷീയമായി പണം പിടിച്ചെടുക്കാൻ യാതൊരു നിയമപരമായ അവകാശവുമില്ലെന്ന് കോടതി വ്യക്തമാക്കി.
എസ് ബി യ്ക്ക് പിഴ
വിധവയുടെ അക്കൗണ്ടിൽ നിന്ന് പിടിച്ചെടുത്ത 19.90 ലക്ഷം രൂപ പലിശ സഹിതം നാല് ആഴ്ചയ്ക്കുള്ളിൽ തിരികെ നൽകാൻ ഹൈക്കോടതി എസ്.ബി.ഐയോട് ഉത്തരവിട്ടു. അതോടൊപ്പം, ഈ വിഷയം കൈകാര്യം ചെയ്തതിൽ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പെരുമാറ്റത്തിനും അനധികൃത നടപടികൾക്കും നഷ്ടപരിഹാരമായി വിധവയ്ക്ക് 1 ലക്ഷം രൂപ അധികമായി നൽകാനും കോടതി നിർദ്ദേശിച്ചു.
ഭർത്താവ് എടുത്ത വായ്പയുടെ പേരിൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയുടെ ബാങ്ക് അക്കൗണ്ട് തടഞ്ഞുവെക്കുന്നതും ഫണ്ട് പിടിച്ചെടുക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. വായ്പ തിരിച്ചടയ്ക്കാനുള്ള കരാർ ബാങ്കും ഭർത്താവും തമ്മിൽ മാത്രമായിരുന്നു. അതിനാൽ നിയമപരമായ വഴികളിലൂടെ അല്ലാതെ ഭാര്യയുടെ വ്യക്തിപരമായ സമ്പാദ്യത്തിൽ കൈവെക്കാൻ ബാങ്കിന് അധികാരമില്ലെന്ന സുപ്രധാന സന്ദേശമാണ് ഈ വിധി നൽകുന്നത്.
ഭർത്താവിന്റെ സ്വത്ത്
ഭർത്താവിന്റെ പേരിൽ എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടെങ്കിൽ, മരണശേഷം ആ സ്വത്ത് സ്വീകരിക്കുന്ന അവകാശികളിൽ നിന്ന് ബാക്കി തുക ഈടാക്കാൻ ബാങ്കിന് നിയമപരമായി നീങ്ങാം. എന്നാൽ അത് ഭാര്യയുടെ വ്യക്തിഗത സമ്പാദ്യത്തിലോ അക്കൗണ്ടിലോ തൊട്ടുകൊണ്ടാവരുത് എന്ന വ്യക്തമായ സന്ദേശമാണ് ഈ കോടതി വിധി നൽകിയിരിക്കുന്നത്. ഒരു വ്യക്തി വായ്പ ബാക്കിവെച്ച് മരണപ്പെട്ടാൽ, അദ്ദേഹത്തിന്റേതായി സ്വന്തമായി ഭൂമി, വീട്, ബാങ്ക് നിക്ഷേപം തുടങ്ങിയവ ബാക്കിയുണ്ടെങ്കിൽ മാത്രമേ ബാങ്കിന് തങ്ങളുടെ കുടിശ്ശിക തുക ഈടാക്കാൻ സാധിക്കൂ. ഭർത്താവിന്റെ മരണശേഷം ഈ സ്വത്തുക്കൾ നിയമപരമായ അവകാശികൾക്ക് , ഭാര്യ, മക്കൾ തുടങ്ങിയവർക്ക് ലഭിക്കുകയാണെങ്കിൽ, ആ ലഭിച്ച സ്വത്തിന്റെ മൂല്യത്തിന് പരിധി വരെ മാത്രമേ ബാങ്കിന് തിരിച്ചടവ് ആവശ്യപ്പെടാൻ അവകാശമുള്ളൂ. അതായത്, ഭർത്താവിൽ നിന്ന് ലഭിച്ച സ്വത്ത് വിറ്റോ അല്ലെങ്കിൽ അതിൽ നിന്നുള്ള തുക ഉപയോഗിച്ചോ മാത്രമേ ബാങ്കിന്റെ കടം വീട്ടേണ്ടതുള്ളൂ.





