കേരള ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ‘കാണാത്ത കേരളം’ എന്ന പുതിയൊരു സർക്യൂട്ടുമായി കൊച്ചി ആസ്ഥാനമായ ബെനീസ് റോയൽ ടൂർസ്. ഈ ട്രാവൽ സർക്യൂട്ടിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം 15 ദിവസങ്ങളിലായി കേരളത്തിന്റെ 14 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ജില്ലകളിലെയും കല, സംസ്കാരം, പൈതൃകം, രുചി വൈവിധ്യങ്ങൾ കോർത്തിണക്കിയ ഈ യാത്ര കേരളത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരമാണ്.
നവംബർ 30ന് ബേക്കലിലെ താജ് ഹോട്ടലിൽ നിന്ന് വോൾവോ കോച്ചിൽ ആരംഭിക്കുന്ന യാത്ര 14 ജില്ലകളിലൂടെ കടന്ന്, നദികളിലൂടെയും കായലിലൂടെയുമുള്ള യാത്രാ അനുഭവങ്ങളും പകർന്നു 15-ാം ദിവസം കന്യാകുമാരിയിൽ അവസാനിക്കും. വിദേശികളെ കേരളം കാണിക്കുന്നതുപോലെ സ്വദേശികളെ കേരളം കാണിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യമായിട്ടാണ് കേരളത്തെ മുഴുവനായി കാണിക്കുന്ന ഒരു സമ്പൂർണ ട്രാവൽ സർക്യൂട്ട് അവതരിപ്പിക്കപ്പെടുന്നത്.
ട്രാവൽ സർക്യൂട്ടിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഈ ചടങ്ങിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, കൊച്ചി എം.പി. ഹൈബി ഈഡൻ, ടൂറിസം സെക്രട്ടറി അഞ്ജന. എം. ഐഎഎസ് എന്നിവരും പങ്കെടുത്തു.
മുസിരിസ് പൈതൃകവും കൊളോണിയൽ ഹെറിറ്റേജ്, മലബാർ ട്രയിൾസ്, ട്രാവൻകൂർ ഹെറിറ്റേജ് തുടങ്ങിയ പൈതൃക പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതാണ് പുതിയ സർക്യൂട്ട്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീണ്ടുകിടക്കുന്ന കേരളത്തിന്റെ കാഴ്ചകളിലൂടെയുള്ള യാത്രയാണ് പുതിയ സർക്യൂട്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെ 14 ജില്ലകളെയും ബന്ധിപ്പിക്കുന്ന ആദ്യ ഫ്ലാഗ്ഷിപ്പ് ടൂറിസം പാക്കേജിൽ വ്യത്യസ്തമായ കാഴ്ചകളും ഇതുവരെ ആരും കാണാത്ത സ്ഥലങ്ങളുമാണ് ഒരുക്കുന്നത്.
കേരളത്തിന്റെ രാജവംശങ്ങളായ അറയ്ക്കൽ കുടുംബം, തിരുവിതാംകൂർ കുടുംബം എന്നിവരെ സന്ദർശിക്കാനുള്ള അവസരവുമുണ്ട്. പൈതൃകം ഉയർത്തുന്ന പകൽ തെയ്യവും രാത്രി തെയ്യവും തുളുനാടൻ ഭക്ഷണ വൈവിധ്യങ്ങളും ഉൾപ്പെട്ട കാസർകോടൻ രാത്രികൾ യാത്രയുടെ പ്രത്യേകതയാണ്. മലബാറിലെ മുസ്ലിം സമൂഹത്തിന്റെ കലാരൂപങ്ങളായ ഒപ്പന, ദഫ്മുട്ട്, കോൽകളി, മാപ്പിളപ്പാട്ട് എന്നിവയും വിവിധ രുചികൾ അടങ്ങുന്ന മാപ്പിള കുലിനറി എക്സ്പീരിയൻസും യാത്രയിൽ ഉൾപ്പെടുത്തും.
വടക്കൻപാട്ടിലെ പ്രസിദ്ധമായ ഉണ്ണിയാർച്ചയുടെയും തച്ചോളി ഒതേനന്റെയും ലോകനോർകാവ് സന്ദർശിക്കാനും തച്ചോളി മാണിക്കോത്ത് തറവാട്ടിലെ തെയ്യം, കളരിപ്പയറ്റ്, കളരി ഭക്ഷണം എന്നിവ ആസ്വദിക്കാനും ഈ യാത്രയിലൂടെ കഴിയും. കൂടാതെ തച്ചോളി മാണിക്കോത്ത് തിരയോട് അനുബന്ധിച്ച് നടക്കാറുള്ള തച്ചോളി ഒതേനന്റെ ഉത്സവവും യാത്രയോടനുബന്ധിച്ച് പുനരാവിഷ്കരിക്കും. അന്നേദിവസം തച്ചോളി ഒതേനന്റെ ഉറുമി, പരിച, വാൾ, ചന്ദനക്കട്ടിൽ എന്നിവ കാണാനുള്ള അവസരവും ഒരുക്കും.
മുസിരിസ് കാഴ്ചകളിലൂടെയുള്ള യാത്രയും കേരളത്തിലെ കൊളോണിയൽ പൈതൃകത്തെ ഉണർത്തുന്ന കലാരൂപമായ ചവിട്ടുനാടകവും, അത് പിറവികൊണ്ട ഗോതുരുത്തിന്റെ ദേവാലയമുറ്റത്തിന് മുന്നിലെ ആംഫിതിയേറ്ററിൽ വൈവിധ്യമാർന്ന കൊളോണിയൽ ഭക്ഷണം ആസ്വദിക്കാനും സാധിക്കും. തുടർന്ന് ബോട്ടിൽ കൊച്ചിയിലേക്കുള്ള യാത്രയും പദ്ധതിയിലുണ്ട്.
കുട്ടനാട്ടിലെ അഷ്ടമുടി കായലിലൂടെ കുമരകത്തുനിന്നും ആലപ്പുഴയിലേക്കുള്ള ബോട്ട് യാത്രയാണ് മറ്റൊരു ആകർഷണം. മധ്യകേരളത്തിലെ ക്രിസ്തീയ സമൂഹത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന മാർഗംകളിയും പരിചമുട്ടും നസ്രാണി ഭക്ഷണവിരുന്നും ചേർന്ന ആലപ്പുഴയിലെ ഒരു രാത്രി യാത്രയ്ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. കലയുടെ കോവിലമായ കലാമണ്ഡലത്തിലെ സന്ദർശനവും കൂത്തമ്പലത്തിൽ വൈവിധ്യ കലാരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ എന്നിവ ചേർന്നുള്ള കലാവിരുന്നും യാത്രയുടെ ആകർഷണമാണ്.
ഈ യാത്രയിൽ വയനാട്ടിലെ ആദിവാസി സമൂഹത്തോടൊപ്പം ചെലവഴിക്കാനും അവരുടെ ഭക്ഷണ വൈവിധ്യങ്ങളിൽ പങ്കാളികളാകാനും അവസരമുണ്ട്. തുടർന്ന് സഞ്ചാരലോകത്തിലെ കുലപതിയായ എസ്.കെ. പൊറ്റെക്കാട്ടിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മിഠായി തെരുവിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ ആദരം അർപ്പിക്കുവാനും അദ്ദേഹത്തിന്റെ മകളായ സുമിത്ര പൊറ്റെക്കാട്ടിനെ കാണാനും അവസരമുണ്ടാകും.
ബേക്കലിലെ സൂര്യാസ്തമയം കണ്ടുതുടങ്ങുന്ന ഈ യാത്ര കന്യാകുമാരിയിലെ സൂര്യാസ്തമയം കണ്ടാണ് അവസാനിക്കുന്നതെന്നതും പ്രത്യേകതയാണ്.
‘കാണാത്ത കേരളം’ എന്ന പുതിയ യാത്രയിൽ കാസർകോട്ടെ പ്രസിദ്ധമായ കവ്വായി കണ്ടൽക്കാടുകളും കൊയിലാണ്ടിയിലെ ഹുക്കയും വയനാട്ടിലെ മുത്തങ്ങ വൈൽഡ് ലൈഫ് സാൻച്വറിയും പഴശ്ശിരാജയുടെ ബലികുടീരവും ബാണാസുര ഡാമിലെ ബോട്ട് യാത്രയും കാപ്പാട് തുറമുഖവും കൊളുക്കുമലയും മൺറോതുരുത്തും കേരളത്തിലെ നൈറ്റ് ലൈഫിന് പ്രസിദ്ധമായ വർക്കല ബീച്ച് ക്ലിഫും കൌഡിയാർ കൊട്ടാരവും പത്മനാഭപുരം പാലസും കന്യാകുമാരി ത്രിവേണി സംഗമവും യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.
കേരളത്തിലെ കാണാത്ത കാഴ്ചകളുമായി ഒരുക്കുന്ന ‘കാണാത്ത കേരളം’ എന്ന പുതിയ സർക്യൂട്ടുകളിലൂടെ സഞ്ചാരികൾക്കായി വ്യത്യസ്ത അനുഭവങ്ങളാണ് ബെനീസ് റോയൽ ടൂർസ് ലക്ഷ്യമിടുന്നത്.
‘കാണാത്ത കേരളം’ സീരിസിന് കീഴിൽ വ്യത്യസ്തമായ 25 ട്രാവൽ സർക്യൂട്ടുകൾ അവതരിപ്പിക്കാനാണ് ബെനീസ് റോയൽ ടൂർസിന്റെ പദ്ധതി. ഇതിനായി ‘ഒതെന്റിക് കേരളം’ എന്ന പേരിൽ പുതിയ ട്രാവൽ ഡിവിഷനും ബെനീസ് റോയൽ ടൂർസ് ആരംഭിക്കും. ഇതിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.





