മനോജ് വി രാമൻ
മാനേജിംഗ് ഡയറക്റ്റർ, മാക്സ് വാല്യൂ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്മെന്റ്സ് ലിമിറ്റഡ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ദുബായ്, യു.എസ്, യു.കെ തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വമില്ലായ്മയും മികച്ച ശൗചാലയങ്ങളുടെ അഭാവവും വലിയൊരു പോരായ്മയാണ്. ഇത് സഞ്ചാരികളിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ ബ്ലാഡർ/യൂറിനറി സംബന്ധമായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശുചിത്വ പരിപാലനം കേവലം ഒരു സൗകര്യമല്ല, മറിച്ച് സഞ്ചാരികൾക്ക് നമ്മുടെ നാടിനോടുള്ള ആത്മവിശ്വാസം വർധിപ്പിക്കുകയും ടൂറിസം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിർണ്ണായക ഘടകമാണ്. അതിനാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്.

ഗതാഗതം പ്രത്യേക ശ്രദ്ധ നൽകണം
നഗര ഭരണത്തിൽ ആധുനിക സാങ്കേതികവിദ്യയും കർശനമായ നിയമപാലനവും നടപ്പിലാക്കുന്നത് ഗതാഗത കുരുക്ക് കുറയ്ക്കാനും സർക്കാരിന് വലിയ തോതിൽ വരുമാനം ഉണ്ടാക്കാനും സഹായിക്കും. റോഡുകളിൽ സ്ലോ ട്രാക്ക്, ഫാസ്റ്റ് ട്രാക്ക് എന്നിവ കൃത്യമായി പാലിക്കണം. ഫാസ്റ്റ് ട്രാക്കിൽ പതുക്കെ വണ്ടി ഓടിക്കുന്നവർക്ക് പിഴ ചുമത്തണം. റോഡപകടങ്ങൾ ഉണ്ടായാൽ വണ്ടി മാറ്റിയിടാതെ തർക്കിക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നു. ദുബായ് മാതൃകയിൽ അപകടത്തിന്റെ ഫോട്ടോ എടുത്ത് ആപ്പ് വഴി റിപ്പോർട്ട് ചെയ്ത് റോഡ് വേഗത്തിൽ ക്ലിയർ ചെയ്യുന്ന സംവിധാനം നടപ്പിലാക്കണം. ടോൾ പ്ലാസകളിലെ തടസ്സങ്ങൾ ഒഴിവാക്കാൻ സാലിക് മോഡൽ ഡിജിറ്റൽ ടോൾ ഏർപ്പെടുത്തണം. ഇത് ഇന്ധനനഷ്ടവും വിലപ്പെട്ട സമയവും ലാഭിക്കാൻ സഹായിക്കും. എം.ജി റോഡ്, പനമ്പിള്ളി നഗർ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ പാർക്കിംഗ് ഫീസ് വർധിപ്പിക്കണം.
ഇതിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് വഴി അവർ ലാഭമുണ്ടാക്കാൻ കാര്യക്ഷമമായി പ്രവർത്തിക്കുകയും സർക്കാരിന് ഉറപ്പായ വരുമാനം ലഭിക്കുകയും ചെയ്യും.
പീക്ക് അവറുകളിൽ (ഉദാഹരണത്തിന് 9:30 AM) പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിന് പ്രത്യേക ചാർജ് ഈടാക്കുന്നതും അഡ്വാൻസ് ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതും തിരക്ക് കുറയ്ക്കാനും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
സാമൂഹിക സുരക്ഷയും ഡിജിറ്റൽ വെൽനസ്സും
ഡിജിറ്റൽ യുഗത്തിൽ സമയമാണ് മൂലധനം എന്ന തിരിച്ചറിവ് അനിവാര്യമാണ്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം ജനങ്ങളുടെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നതിനാൽ ഗവൺമെന്റ് തലത്തിൽ ശക്തമായ ബോധവൽക്കരണം നൽകണം. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ ആരെയും വ്യക്തിഹത്യ ചെയ്യാമെന്ന അവസ്ഥയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഈ നയപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നത് കേരളത്തിന്റെ ഭാവി വികസനത്തിന് സമഗ്രവും സുസ്ഥിരവുമായ ഒരു അടിത്തറ പാകും.





