പ്രതാപ് സുതന്
സിഇഒ, ബാംഗ് ഇന് ദ മിഡില്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്ച്ച ചെയ്യുന്ന ‘ബ്രാന്ഡ് കേരളം കോണ്ക്ലേവി’ന് 2026 ഒക്ടോബര് 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില് നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള് പ്രോഫിറ്റ് ന്യൂസിലൂടെ സര്ക്കാരുമായി പങ്കുവെക്കുന്നു…
ഒട്ടേറെ പ്രശ്നങ്ങള് നാം നേരിടുന്നുണ്ട്. അതില് ഏറ്റവും പ്രധാനം വര്ദ്ധിച്ചുവരുന്ന കടബാധ്യതയാണ്. സര്ക്കാര് ജനങ്ങള്ക്ക് വലിയ വാഗ്ദാനങ്ങള് നല്കിയിട്ടുണ്ട്. ഇതിനുള്ള പണം ദീര്ഘകാലത്തേക്ക് എങ്ങനെ കണ്ടെത്തുമെന്നത് വലിയ ചോദ്യമാണ്. സംസ്ഥാന ഖജനാവില് പണമില്ലെങ്കില് അത് മറ്റ് പ്രതിസന്ധികള്ക്ക് കാരണമാകും.

രണ്ടാമത്തെ കാര്യം വികസനമാണ്; കേരളം വ്യവസായ സൗഹൃദമല്ല എന്നൊരു പൊതുധാരണയുണ്ട്. തൊഴില് പ്രശ്നങ്ങളെയും സമരങ്ങളെയും കുറിച്ച് ഒട്ടേറെ നെഗറ്റീവ് റിപ്പോര്ട്ടുകള് വന്നിട്ടുണ്ട്. ഈ ഒരു കാഴ്ചപ്പാട് പൂര്ണമായും മാറ്റിയെടുക്കേണ്ടതുണ്ട്. കേരളത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് തന്നെ നിര്മിക്കണം.
കാലാകാലങ്ങളായി രൂപപ്പെട്ട ഈ മോശം പ്രതിച്ഛായ മാറ്റിയെടുക്കാന് വ്യവസായ കണ്വെന്ഷനുകള് സംഘടിപ്പിക്കുകയും ഇന്ത്യയിലെയും വിദേശത്തെയും വ്യവസായികളെ ഇവിടേക്ക് ക്ഷണിക്കുകയും വേണം. സാങ്കേതികമായി ഏറെ മുന്നിലുള്ള നമ്മുടെ സംസ്ഥാനത്ത് വ്യവസായങ്ങള്ക്കായി ഓണ്ലൈന് വിന്ഡോകള് തുറക്കേണ്ടതുണ്ട്. സംസ്ഥാനം വ്യവസായ സൗഹൃദമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന് സോഷ്യല് മീഡിയയും ഡിജിറ്റല് പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചുള്ള 360 ഡിഗ്രി പ്രചാരണ പരിപാടികള് ആവശ്യമാണ്. എടിഎല്, ബിടിഎല്, സോഷ്യല് മീഡിയ തുടങ്ങി എല്ലാ ഡിജിറ്റല് ടച്ച് പോയന്റ്സിനെയും ഒരുമിച്ചു ചേര്ത്തുള്ള ഒരു ക്യാംപെയ്നാവണം അത്.
സംസ്കാരം, ഡിസൈന്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില് നമ്മള് രാജ്യത്തെ മികച്ച നിലവാരത്തിനൊപ്പമാണ്. മികച്ച ടെക് സാക്ഷരതയും മലയാളിക്കുണ്ട്. വിനോദസഞ്ചാരം, ജീവിതനിലവാരം, റോഡുകള്, ആരോഗ്യം, ഭക്ഷണം എന്നിങ്ങനെ ഒട്ടേറെ അനുകൂല ഘടകങ്ങള് നമുക്കുണ്ട്. ഈ പോസിറ്റീവ് വശങ്ങള് ഉപയോഗപ്പെടുത്തി നമുക്ക് ഇനിയും മുന്നേറാന് സാധിക്കും. കേരളത്തിന്റെ മേന്മകള് പലതും ഇപ്പോഴും ഹിഡന് സ്റ്റോറികളായി മറഞ്ഞിരിക്കുകയാണ്. അത് ലോകത്ത് എല്ലാവരിലേക്കും എത്തണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന മലയാളികളെയും അമേരിക്കയിലെയും മറ്റും സാങ്കേതിക വിദഗ്ധരെയും ഇവിടേക്ക് ക്ഷണിക്കുകയും അവരുടെ ആശയങ്ങള് സ്വീകരിക്കുകയും വേണം. ഞാന് ഡല്ഹിയിലാണ് താമസമെങ്കിലും ഒരു മലയാളി എന്ന നിലയില് കേരളം എന്റെ വീടാണ്. പുറത്തുള്ള മലയാളികളടക്കം എല്ലാവരും കേരളം കൂടുതല് അഭിവൃദ്ധി പ്രാപിക്കണമെന്ന ആഗ്രഹമുള്ളവരാണ്. സര്ക്കാര് ഇപ്പോള് സ്വീകരിക്കുന്ന ആദ്യ നടപടികളും മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലുകളും പ്രവര്ത്തനങ്ങളും നോക്കുമ്പോള് കേരളം ശരിയായ പാതയിലാണെന്ന് കരുതാം.



