കൊച്ചി: തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡ് ശൃംഖല, ടൂറിസം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് കേരളത്തെ പ്രധാന വ്യവസായ-വാണിജ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. സംസ്ഥാന സര്‍ക്കാരിന്റെ ആറുമാസം പൂര്‍ത്തിയാകുന്ന നവംബര്‍ 18നകം കുറഞ്ഞത് പത്ത് പദ്ധതികളെങ്കിലും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ പ്രോഫിറ്റ് ന്യൂസും ഫൈബ് ഇന്നൊവേഷന്‍സും ഐസിടിഇപി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച പ്രോഫിറ്റ് ടസ്കര്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് രണ്ട് വലിയ അന്താരാഷ്ട്ര തുറമുഖങ്ങളും 18 ചെറു തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്മിനലുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 600 കിലോമീറ്ററോളം നീളുന്ന കടല്‍ത്തീരവും ഈ അടിസ്ഥാനസൗകര്യങ്ങളും സംസ്ഥാനത്തിന് വലിയ വ്യവസായ സാധ്യതകളാണ് തുറന്നുനല്‍കുന്നത്. കേരളത്തെ തുറമുഖാധിഷ്ഠിത വ്യവസായ-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നത് ഇനി വെറും സ്വപ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കൊപ്പം അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോയമ്പത്തൂര്‍, ബംഗളൂരു വിമാനത്താവളങ്ങളുടെ സൗകര്യവും പ്രയോജനപ്പെടുത്താനാകും. തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് ചരക്കുനീക്കത്തിനും യാത്രാസൗകര്യങ്ങള്‍ക്കും ഏകീകൃത ശൃംഖല സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പുതിയ വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും വഴിതുറക്കും.

കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തോട് ചേര്‍ന്നുള്ള അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ മാതൃകയില്‍, അതിനേക്കാള്‍ മികച്ച സൗകര്യങ്ങളുള്ള കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ തന്നെ പദ്ധതി പ്രഖ്യാപിക്കുകയും സ്ഥലം കണ്ടെത്തി നിര്‍മാണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ പ്രധാനപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങളും ബിസിനസ് കോണ്‍ഫറന്‍സുകളും കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ഗ്രൂപ്പുകള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ളത് കൊച്ചിയിലാണെന്നും ഈ സൗകര്യങ്ങളെല്ലാം കണ്വെന്ഷന് ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയെയും തുറമുഖ വികസനവുമായി ബന്ധിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങള്‍, കൊളംബോ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് പുതിയ ക്രൂയിസ് കപ്പല്‍, വെസല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കോഴിക്കോട് ഒരു ക്രൂയിസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ഇതിലൂടെ വിനോദസഞ്ചാരികള്‍ക്ക് പുതിയ യാത്രാ സാധ്യതകള്‍ തുറക്കുന്നതിനൊപ്പം തീരദേശ നഗരങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാനാകും.
ചരക്കുനീക്കത്തിലും കടല്മാര്ഗത്തിന് വലിയ പ്രാധാന്യം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. റോഡുകളിലൂടെയുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനം വരെ തീരദേശ ജലഗതാഗതത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. റോഡ് ഗതാഗതത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിലൊന്ന് ചെലവില്‍ ചരക്കുനീക്കം സാധ്യമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങളും വ്യവസായ സാധ്യതകളും സൃഷ്ടിക്കാനാകും.
കൊച്ചിയില്‍ വരാനിരിക്കുന്ന ഓഷനേറിയം, ഇന്റര്‍നാഷണല്‍ മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികള്‍ക്കായി വിദേശത്തുനിന്നുള്ള ക്യൂറേറ്റര്‍മാരെയും വിദഗ്ധരെയും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ മേഖലകളിലെ വിദഗ്ധരെയും നോളഡ്ജ് പാര്‍ട്ണര്‍മാരെയും ഉള്‍പ്പെടുത്തി പദ്ധതികള്‍ക്ക് ആഗോള നിലവാരം ഉറപ്പാക്കാനാണ് ശ്രമം.
തുറമുഖം, വ്യോമഗതാഗതം, കണ്വെന്ഷന് ടൂറിസം, ക്രൂയിസ് ടൂറിസം, തീരദേശ ചരക്കുനീക്കം തുടങ്ങിയ മേഖലകളെ ഒരുമിപ്പിച്ചുള്ള വികസനത്തിലൂടെ കേരളത്തിന് പുതിയ വ്യവസായ സാധ്യതകള്‍ തുറക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി നിക്ഷേപകരുടെയും വ്യവസായികളുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
English Summary
Profit Tusker Summit: Chief Minister will launch 10 projects before the government completes six months. Move to change the industrial map of Kerala by connecting ports and airports
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



