രാജ്യത്ത് സുപ്രധാന ധാതുക്കളുടെ സംസ്കരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മന്ത്രിസഭ 2,814 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപ പദ്ധതിക്ക് അനുമതി നൽകി. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖല എന്നിവയ്ക്ക് അത്യാവശ്യമായ ലിഥിയം, നിക്കൽ തുടങ്ങിയ ധാതുക്കളുടെ സംസ്കരണ പ്ലാന്റുകൾ രാജ്യത്ത് സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി അർഹമായ നിക്ഷേപങ്ങൾക്ക് 30 ശതമാനം വരെ മൂലധന സബ്സിഡി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ലിഥിയം പ്ലാന്റുകൾക്ക് 500 കോടി രൂപ വരെയും, നിക്കൽ പ്ലാന്റുകൾക്ക് 900 കോടി രൂപ വരെയും പരമാവധി സാമ്പത്തിക സഹായം ഇതിലൂടെ ലഭ്യമാകും.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും
ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കൾക്കായി ഇന്ത്യ നിലവിൽ പൂർണ്ണമായും വിദേശ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ആഗോളതലത്തിൽ ഇത്തരം ധാതുക്കളുടെ സംസ്കരണത്തിന്റെ 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ് ഉള്ളത്. അതിനാൽ അന്താരാഷ്ട്ര തലത്തിൽ വ്യാപാര തർക്കങ്ങളോ മറ്റ് പ്രതിസന്ധികളോ ഉണ്ടായാൽ അത് രാജ്യത്തെ വ്യവസായങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ തന്ത്രപരമായ ദൗർബല്യം ഒഴിവാക്കാനും, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ആഭ്യന്തരമായിത്തന്നെ ധാതു സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കാനുമുള്ള ശക്തമായ ചുവടുവെപ്പാണ് ഈ പുതിയ പദ്ധതി.
പുതിയ നയങ്ങൾ
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ്യ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ധാതുക്കളുടെ സംസ്കരണത്തിനായി പ്രത്യേക വ്യവസായ ഇടനാഴികളും ഇക്കോസിസ്റ്റങ്ങളും വികസിപ്പിക്കാൻ സർക്കാർ ഇതിനോടകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, വിതരണ ശൃംഖലയിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടായാൽ നേരിടാൻ സ്ട്രാറ്റജിക് റിസർവ് ആയി ക്രിട്ടിക്കൽ മിനറൽ സ്റ്റോക്ക്പൈൽ രൂപീകരിക്കാനുള്ള പുതിയ നയങ്ങളും സർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. ഈ സമഗ്രമായ ഇടപെടലുകൾ രാജ്യത്തിന്റെ സാങ്കേതിക, വ്യാവസായിക വളർച്ചയ്ക്ക് വലിയ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



