ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് വിദേശത്തുനിന്നുള്ള നിക്ഷേപം കൂടുതല്‍ എളുപ്പമാക്കാന്‍ നിര്‍ണായക പരിഷ്കാരവുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പ്രവാസി ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ), ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗക്കാര്‍ക്കും വിദേശ പൗരന്മാര്ക്കും ഇന്ത്യയില്‍ നേരിട്ട് എത്താതെ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്കി. 2026 ഡിസംബര്‍ 3 മുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഇന്ത്യക്കാര്‍ നേരിട്ടിരുന്ന പ്രധാന തടസങ്ങളിലൊന്നാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള തിരിച്ചറിയല്‍ പരിശോധനയും രേഖകളുടെ സ്ഥിരീകരണവും. പുതിയ പരിഷ്കാരം ഈ നടപടികള്‍ ലളിതമാക്കുന്നതിനൊപ്പം വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
ആര്‍ക്കൊക്കെ ഇളവ്?
എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ഒരേ ഇളവുകള്‍ ലഭിക്കില്ല. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് വിദേശത്തിരുന്ന് ഡിജിറ്റല്‍ കെവൈസി പൂര്‍ത്തിയാക്കാനുള്ള അനുമതി. എഫ്എടിഎഫ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നിലവിലുള്ള കെവൈസി വ്യവസ്ഥകള്‍ തുടരും.
എന്തൊക്കെയാണ് മാറുന്നത്?
പുതിയ ചട്ടപ്രകാരം യോഗ്യരായ വിദേശ നിക്ഷേപകര്‍ക്ക് തിരിച്ചറിയല്‍ രേഖകളും അനുബന്ധ വിവരങ്ങളും ഡിജിറ്റലായി സമര്‍പ്പിക്കാം. ഇതിനായി ഇന്ത്യയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ബാധകമായ സാഹചര്യങ്ങളില്‍ ഒസിഐ കാര്‍ഡും സമര്‍പ്പിക്കണം. വിദേശത്തെ താമസവിലാസം വിലാസരേഖയായി സ്വീകരിക്കും. കെവൈസി അപേക്ഷകള്‍ ഡിജിറ്റലായോ നേരിട്ടോ സമര്‍പ്പിക്കാം. ഒപ്പുകള്‍ ഇലക്ട്രോണിക് രീതിയില്‍ നല്‍കാനും അനുമതിയുണ്ട്. എന്നാല്‍ വീഡിയോ അടിസ്ഥാനത്തിലുള്ള വ്യക്തിഗത പരിശോധനയിലൂടെ ഒപ്പുകള്‍ സ്ഥിരീകരിക്കണം.
ഡിജിറ്റല്‍ കെവൈസി വീഡിയോ പരിശോധനയ്ക്കിടെ അംഗീകൃത ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിര്‍ബന്ധമാണ്. പരിശോധനാ നടപടികള്‍ ഓഡിറ്റിനും വിധേയമാക്കണം.
ഒരിക്കല്‍ കെവൈസി ചെയ്താല്‍ വീണ്ടും രേഖകള്‍ നല്കേണ്ടതില്ലേ?
പുതിയ പരിഷ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് കെവൈസി രേഖകളുടെ പോര്‍ട്ടബിലിറ്റി. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ബ്രോക്കര്‍ മുഖേനയോ മറ്റ് ധനകാര്യ നിയന്ത്രണ ഏജന്‍സികളുടെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍ മുഖേനയോ നടത്തിയ കെവൈസി പരിശോധനയുടെ രേഖകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാം. കെവൈസി രജിസ്ട്രേഷന് ഏജന്‍സികള്‍ (കെആര്‍എ), സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ്സ് രജിസ്ട്രി എന്നിവിടങ്ങളില്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് പരിശോധന നടത്താം.
ഇതിലൂടെ ഓരോ ബ്രോക്കറേജ് സ്ഥാപനത്തിലും പുതിയതായി അക്കൗണ്ട് തുറക്കുമ്പോള്‍ മുഴുവന്‍ നടപടികളും വീണ്ടും ആവര്‍ത്തിക്കേണ്ട സാഹചര്യം കുറയും. എന്നാല്‍ എല്ലാ രേഖകളും ഒരേ രീതിയില്‍ പരിശോധിച്ചുവെന്ന് കരുതാനാവില്ല. സ്ഥിരീകരിച്ച വിവരങ്ങള്‍ക്കും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ക്കും വ്യത്യസ്ത പരിഗണനയുണ്ടാകും.
പൂര്‍ത്തിയാക്കിയ കെവൈസി വിവരങ്ങള്‍ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളില്‍ കെവൈസി രജിസ്ട്രേഷന് ഏജന്‍സികള്‍ക്ക് കൈമാറണമെന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള ഉപഭോക്താക്കളുടെ റീ-കെവൈസി നടപടികള്‍ക്കും പുതിയ ഇളവുകള്‍ ബാധകമാണ്.
സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല
ഡിജിറ്റല്‍ നടപടികള്‍ ലളിതമാക്കുമ്പോഴും തട്ടിപ്പുകളും വ്യാജ ഐഡന്റിറ്റികളും തടയുന്നതിനുള്ള ഉത്തരവാദിത്തം ഇടനിലക്കാരില്‍ തുടരും. വീഡിയോ പരിശോധനയില്‍ അംഗീകൃത ഉദ്യോഗസ്ഥന് പങ്കെടുക്കണം. ഉപഭോക്താവിന്റെ റിസ്ക് പ്രൊഫൈല്‍ അനുസരിച്ച് കൂടുതല്‍ പരിശോധനകളും നടത്താം. കെവൈസി നടപടികള്‍ ലളിതമാകുമ്പോഴും നിക്ഷേപകന്റെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനുള്ള അന്തിമ ഉത്തരവാദിത്തം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്കും മറ്റ് ഇടനിലക്കാര്‍ക്കുമാണ്.
ഇന്ത്യന്‍ വിപണിക്ക് നേട്ടമാകും
ഇന്ത്യന്‍ ഓഹരിവിപണിയില്‍ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിഷ്കാരത്തെ കാണേണ്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രവാസി ഇന്ത്യക്കാരുടെ സമ്പാദ്യം ആഭ്യന്തര മൂലധനവിപണിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനം സഹായിച്ചേക്കും.
നിക്ഷേപ നടപടികളിലെ കാലതാമസവും രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കുറയുന്നത് കൂടുതല്‍ ആളുകളെ ഇന്ത്യന്‍ ഓഹരികളിലേക്ക് ആകര്‍ഷിക്കാം. പ്രത്യേകിച്ച് വിദേശത്തുള്ള യുവ പ്രവാസികള്‍ക്കും ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളിലൂടെ നിക്ഷേപം നടത്തുന്നവര്‍ക്കും ഇത് പ്രയോജനകരമാകും.
എന്നാല്‍ കെവൈസി ലളിതമാക്കിയതുകൊണ്ടുമാത്രം വിദേശ നിക്ഷേപം വന്‍തോതില്‍ ഉയരുമെന്ന് ഉറപ്പില്ല. ഇന്ത്യന്‍ വിപണിയിലെ മൂല്യനിര്‍ണയം, രൂപയുടെ മൂല്യം, നികുതി വ്യവസ്ഥകള്‍, ആഗോള പലിശനിരക്കുകള്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങളും നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



