പ്രമുഖ ഓഹരി ബ്രോക്കറേജ് സ്ഥാപനമായ സെറോധ , തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇൻസ്റ്റന്റ് വിത്ഡ്രോവൽ അഥവാ പെട്ടെന്ന് പണം പിൻവലിക്കാനുള്ള പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്. ഇതുവഴി നിക്ഷേപകർക്ക് ട്രേഡിംഗ് അക്കൗണ്ടിൽ കിടക്കുന്ന ഉപയോഗിക്കാത്ത ഫണ്ടുകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. പുതിയ മാറ്റത്തിന്റെ ഭാഗമായി ഈ സേവനം ലഭ്യമാകുന്ന സമയവും കമ്പനി ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പോലും ഈ സേവനം പൂർണ്ണമായും സൗജന്യമായി ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഈ ഇൻസ്റ്റന്റ് വിത്ഡ്രോവൽ സൗകര്യം ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരു ദിവസം പരമാവധി 5 ലക്ഷം രൂപ വരെ മാത്രമാണ് ഈ രീതിയിൽ പിൻവലിക്കാൻ കഴിയുക, കൂടാതെ ദിവസത്തിൽ ഒരു തവണ മാത്രമാണ് ഈ ഇൻസ്റ്റന്റ് റിക്വസ്റ്റ് നൽകാൻ സാധിക്കുകയുള്ളൂ. അതേസമയം, അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് സാധാരണ വിത്ഡ്രോവൽ രീതി തുടരാവുന്നതാണ്. സാധാരണ രീതിയിൽ 5 കോടി രൂപ വരെ ഓൺലൈനായി പിൻവലിക്കാൻ തടസ്സങ്ങളില്ല. എന്നാൽ ഇൻസ്റ്റന്റ് വിത്ഡ്രോവലിന് അടിയന്തരമായി പണം ആവശ്യമുളള നിക്ഷേപകർക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും.
മുഴുവൻ തുകയും ഒരുമിച്ച് പിൻവലിക്കാനാകില്ല
എന്നാൽ ട്രേഡിംഗ് അക്കൗണ്ടിൽ കാണിക്കുന്ന മുഴുവൻ തുകയും പെട്ടെന്ന് പിൻവലിക്കാൻ സാധിക്കണമെന്നില്ല. അന്ന് തന്നെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച തുകയോ അല്ലെങ്കിൽ ഓഹരി വിൽപനയിലൂടെ ലഭിച്ച തുക സെറ്റിൽമെന്റ് സമയപരിധിക്ക് വിധേയമാകുന്നതോ ആയ തുകകൾ ഇൻസ്റ്റന്റ് വിത്ഡ്രോവലിന് ലഭ്യമാകില്ല. കൂടാതെ ഓഹരി വിപണിയിലെ മറ്റ് ഇടപാടുകളും പെൻഡിങ് ഓർഡറുകളും കഴിഞ്ഞ് ബാക്കിയുള്ള തുക മാത്രമേ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കൂ. ഇൻസ്റ്റന്റ് വിത്ഡ്രോവൽ റിക്വസ്റ്റ് പരാജയപ്പെടുകയാണെങ്കിൽ, അന്നേ ദിവസം വീണ്ടും അതേ രീതി ഉപയോഗിക്കാൻ കഴിയില്ല എന്നതിനാൽ ഉപയോക്താക്കൾ സാധാരണ വിത്ഡ്രോവൽ മാർഗ്ഗം തന്നെ ആശ്രയിക്കേണ്ടി വരും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



