ഇന്ത്യയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി വർധിച്ചെങ്കിലും, അതിൽ ഭൂരിഭാഗവും വളരെ പ്രതിസന്ധികളും കുറഞ്ഞ വേതനവുമുള്ള മേഖലകളിലാണെന്ന് ഐ.സി.ആർ.ഐ.ഇ.ആർ. പഠനം വ്യക്തമാക്കുന്നു. 2017-18 നും 2025-നും ഇടയിൽ രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയോളമായി ഉയർന്നു. എന്നാൽ ഈ വളർച്ച പ്രധാനമായും ഗ്രാമീണ മേഖലകളിലും കൃഷിയിലും സ്വന്തമായി ചെയ്യുന്ന ചെറിയ ജോലികളിലും ശമ്പളമില്ലാത്ത കുടുംബ ജോലികളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സ്ഥിര ശമ്പളമുള്ള ജോലികളുടെ വളർച്ച ഇതിന് അനുസൃതമായി ഉണ്ടായിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
അന്തരം കൂടുതൽ
സ്ത്രീകൾ കൂടുതൽ പണമുള്ള ജോലികളിലേക്ക് പ്രവേശിക്കുന്നുണ്ടെങ്കിലും, വീട്ടുജോലികളുടെയും കുട്ടികളെ നോക്കുന്നതിന്റെയും ഭാരം അവർക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇത് അവരുടെ വിശ്രമ സമയവും വ്യക്തിപരമായ കാര്യങ്ങൾക്കായുള്ള സമയവും വളരെ കുറയ്ക്കുന്നു. കൂടാതെ, ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രതിവാര തൊഴിൽ സമയത്തിൽ കുറവുണ്ടായിട്ടുണ്ട്. പുരുഷന്മാരുമായുള്ള ശമ്പളവ്യത്യാസം വർധിച്ചുവരികയാണ്. ഗ്രാമീണ മേഖലകളിൽ പുരുഷന്മാരുടെ ശമ്പളം ഉയർന്ന വേഗത്തിൽ കൂടിയപ്പോൾ, സ്ത്രീകൾക്ക് ലഭിക്കുന്ന ശമ്പളവും പുരുഷന്മാരുടേയും തമ്മിലുള്ള അന്തരം കൂടുതൽ വലുതായി മാറി.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കുന്നത് മികച്ച അവസരങ്ങൾ ലഭിച്ചതുകൊണ്ടുമാത്രമല്ല, മറിച്ച് കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റേണ്ട അത്യാവശ്യം കൊണ്ടാണെന്നും പഠനം വിലയിരുത്തുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂട്ടുന്നതിനൊപ്പം അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൃത്യമായ വേതനം, മികച്ച തൊഴിൽ സുരക്ഷ, ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ ലഭ്യത, തുല്യ അവസരങ്ങൾ എന്നിവ ഉറപ്പാക്കിയാൽ മാത്രമേ സ്ത്രീകൾക്ക് യഥാർത്ഥത്തിൽ തൊഴിൽ രംഗത്ത് മുന്നേറാൻ സാധിക്കൂ എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഇരട്ടി അധ്വാനം
പാചകം, വീട് വൃത്തിയാക്കൽ, കുട്ടികളെയും പ്രായമായവരെയും പരിചരിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പ്രധാനമായും സ്ത്രീകളുടെ ചുമലിലാണ് വരുന്നത്. ഇത്തരം ജോലികൾക്ക് സാമ്പത്തികമായി പ്രതിഫലം ലഭിക്കുന്നില്ലെങ്കിലും, ദിവസത്തിന്റെ ഭൂരിഭാഗവും ഇവയ്ക്കായി ചെലവഴിക്കേണ്ടി വരുന്നു. ഇതിനെയാണ് ടൈം പോവെർട്ടി എന്ന് വിളിക്കുന്നത്. ഔദ്യോഗികമായി ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പോലും വീട്ടുജോലികൾ കാരണം വിശ്രമിക്കാനോ സ്വന്തം കഴിവുകൾ വർധിപ്പിക്കാനോ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല.
ജോലി സമയത്തിലെ പരിമിതി
വീട്ടിലെ ഉത്തരവാദിത്തങ്ങൾ കാരണം പല സ്ത്രീകൾക്കും മുഴുവൻ സമയ ജോലികൾ ചെയ്യാനോ കൂടുതൽ സമയം ജോലി ചെയ്യാനോ സാധിക്കാറില്ല. ഇതിനാൽ അവർ പാർട്ട് ടൈം ജോലികളോ, വരുമാനം കുറഞ്ഞ ചെറിയ ജോലികളോ തിരഞ്ഞടുക്കാൻ നിർബന്ധിതരാകുന്നു. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും പുതിയ കാര്യങ്ങൾ പഠിച്ച് പ്രൊമോഷൻ നേടാനും ഉള്ള അവസരങ്ങൾ ഈ സമയക്കുറവ് മൂലം അവർക്ക് നഷ്ടപ്പെടുന്നു.
ശാരീരിക-മാനസിക ക്ഷീണം
പ്രതിഫലമില്ലാത്ത വീട്ടുജോലികളും അതിനൊപ്പം വരുമാനമുണ്ടാക്കുന്ന ജോലിയും ഒരേസമയം കൊണ്ടുപോകുന്നത് സ്ത്രീകളിൽ കടുത്ത ശാരീരിക-മാനസിക ക്ഷീണത്തിന് കാരണമാകുന്നു. സ്വന്തം ആരോഗ്യത്തിനും സ്വയം പരിചരണത്തിനും സമയം ലഭിക്കാത്തത് അവരുടെ ജോലിയിലെ ശ്രദ്ധയെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നു. പലപ്പോഴും കുടുംബത്തിലെ ചുമതലകൾ കൂടുമ്പോൾ സ്ത്രീകൾക്ക് തങ്ങളുടെ കരിയർ ഉപേക്ഷിക്കേണ്ടി വരികയോ അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം പൂർണ്ണമായി നഷ്ടപ്പെടുകയോ ചെയ്യുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



