അമേരിക്കൻ പ്രസിഡന്റിന്റെ കാലാവധിയുടെ പാതിവഴിയിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പുകൾ ഇന്ത്യയടക്കമുള്ള ആഗോള വിപണികളിൽ എന്തുമാറ്റങ്ങൾ ഉണ്ടാക്കുമെന്നത് നിക്ഷേപകർ വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങളും , ക്രൂഡ് ഓയിൽ വിലക്കയറ്റവും, വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കാരണം ഇന്ത്യൻ ഓഹരി വിപണി ഈ വർഷം ചെറിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് രാഷ്ട്രീയ കക്ഷിയുടെ കയ്യിലാകുന്നു എന്നത് ആഗോള സാമ്പത്തിക പ്രവാഹത്തെയും ഇന്ത്യയുടെ വിപണിയെയും നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് മിഡ്ടേം തിരഞ്ഞെടുപ്പിൽ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന പ്രവചനങ്ങൾ ഇന്ത്യയുടെ വിപണിയെയും നയങ്ങളെയും വിവിധ രീതികളിൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഡെമോക്രാറ്റുകളുടെ മുന്നേറ്റവും ഇന്ത്യ-അമേരിക്ക വ്യാപാര കരാറുകൾ, എണ്ണവില, വിപണിയിലെ ഓഹരികൾ എന്നിവയിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. നിക്ഷേപകർ ഇത്തരം രാഷ്ട്രീയ മാറ്റങ്ങളെ വളരെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
അസംസ്കൃത എണ്ണ വില
പ്രധാനമായും ക്രൂഡ് ഓയിൽ വിലയിലും വിപണിയിലെ സുരക്ഷാ മാറ്റങ്ങളിലും ഇത് പ്രതിഫലിച്ചേക്കാം. അമേരിക്കയിൽ റിപ്പബ്ലിക്കൻ സ്വാധീനം കുറയുന്നത് ട്രംപിന്റെ ഇറാൻ നയങ്ങളെയും സൈനിക നീക്കങ്ങളെയും നിയന്ത്രിക്കാൻ ഇടയാക്കിയേക്കാം. ഇത് ക്രൂഡ് ഓയിൽ വിലയിൽ വലിയ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. ഇന്ത്യ വലിയ തോതിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ, എണ്ണവില കുറയുന്നത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. എന്നാൽ അമേരിക്കയിലെ ഭരണപരമായ തർക്കങ്ങളും സർക്കാർ പ്രവർത്തന സ്തംഭനങ്ങളും വിപണിയിൽ ആശങ്ക പരത്താനും ഇടയാക്കാം.
വ്യാപാര കരാർ
വ്യാപാര തടസ്സങ്ങളുടെ കാര്യത്തിൽ, അമേരിക്കൻ കോൺഗ്രസിൽ ഇരുപാർട്ടികളും തമ്മിലുള്ള ശക്തിസന്തുലിതാവസ്ഥ മാറുമ്പോൾ ഇറക്കുമതി തീരുവകളിലും കരാറുകളിലും കർശനമായ പരിശോധനകൾ ഉണ്ടായേക്കാം. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഉൽപന്ന കയറ്റുമതിയെയും നിക്ഷേപ പ്രവാഹത്തെയും ഭാഗികമായി ബാധിച്ചേക്കാം. ആഗോളതലത്തിൽ നിക്ഷേപകർ സുരക്ഷിത മാർഗ്ഗങ്ങൾ തേടുന്നത് വിപണികളിൽ താത്കാലികമായ ചാഞ്ചാട്ടങ്ങൾക്ക് കാരണമാകാറുണ്ട്.
ഇന്ത്യൻ ഐ ടി
ഇന്ത്യൻ ഐ.ടി മേഖലയ്ക്കും എച്ച്-1ബി വിസ നയങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിർണായകമാണ്. ഡെമോക്രാറ്റുകളുടെ വിജയം കുടിയേറ്റ നിയമങ്ങളുടെയും വിസ നിയന്ത്രണങ്ങളുടെയും മേലുള്ള പരിശോധനകൾ കർശനമാക്കാൻ കാരണമായേക്കാം. അമേരിക്കൻ വിസകളിൽ ഇന്ത്യക്കാരാണ് പ്രധാന ഗുണഭോക്താക്കൾ എന്നതിനാൽ, ഭാവിയിലെ വിസ ഫീസുകളും നയങ്ങളും ഇന്ത്യൻ പ്രൊഫഷണലുകളെയും ഐ.ടി ഓഹരികളെയും സ്വാധീനിച്ചേക്കാം. കൂടാതെ, രൂപയുടെ വിനിമയ മൂല്യത്തിലും വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിലും ഈ ആഗോള രാഷ്ട്രീയ മാറ്റങ്ങൾ പ്രകടമാകും.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



