തൊഴിൽ ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളിൽപ്പെട്ട് റഷ്യൻ സൈനിക ക്യാമ്പിൽ അകപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുകയാണ്. തെലങ്കാന സ്വദേശിയായ തിരുപ്പതി എന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ സംഭവം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വ്യാജ ജോലി വാഗ്ദാനം
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലുള്ള കസ്തൂരി തിരുപ്പതി എന്ന യുവാവിനും മറ്റ് രണ്ടുപേർക്കും പ്രതിമാസം 2 ലക്ഷം രൂപ ശമ്പളവും വലിയ ഇൻഷുറൻസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒരു പ്രാദേശിക ഏജന്റ് സെപ്റ്റംബർ 27-ന് റഷ്യയിലേക്ക് അയച്ചത്. എന്നാൽ മോസ്കോയിൽ എത്തിയ ഉടൻ തന്നെ ഇവരെ റഷ്യൻ സൈനിക ക്യാമ്പിലേക്ക് മാറ്റുകയും സൈനികരായി ജോലി ചെയ്യാൻ നിർബന്ധിക്കുകയുമായിരുന്നു. യാത്രാരേഖകളും പാസ്പോർട്ടുകളും ഏജന്റുമാർ പിടിച്ചെടുത്തിരുന്നു.
ക്യാമ്പിൽ നേരത്തെ ഉണ്ടായിരുന്ന മറ്റ് തെലുങ്ക് സ്വദേശികളാണ് ഉക്രെയ്ൻ അതിർത്തിയിലെ യുദ്ധമുഖത്തേക്ക് അയക്കാൻ പോകുന്ന കാര്യവും ഡ്രോൺ ആക്രമണങ്ങൾ കാരണം ജീവൻ അപകടത്തിലാണെന്ന കാര്യവും ഇവരെ അറിയിച്ചത്. തുടർന്ന് അവിടെയുണ്ടായിരുന്ന 30-ഓളം പേർ നിസാമാബാദിലെ എം.പിയേയും ബി.ജെ.പി നേതാക്കളെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. എം.പി ഈ വിഷയം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ട് ഇവരെ മോചിപ്പിക്കുകയുമായിരുന്നു.
നിലവിലെ അവസ്ഥ
അതിർത്തിയിൽ നിന്ന് രക്ഷപ്പെടുത്തിയ 14-ഓളം പേർ ഘട്ടംഘട്ടമായി ഡൽഹി വഴി ഒക്ടോബർ 3 മുതൽ സ്വന്തം നാടുകളിൽ തിരിച്ചെത്തി. എന്നാൽ ഇനിയും നിസാമാബാദ്, കാമറെഡ്ഡി പ്രദേശങ്ങളിൽ നിന്നുള്ള ഇരുപതിലധികം തെലങ്കാന യുവാക്കൾ റഷ്യൻ സൈനിക ക്യാമ്പുകളിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് തിരുപ്പതി പറഞ്ഞു. ഇവരെ നാട്ടിലേക്ക് മടങ്ങാൻ സൈന്യം അനുവദിക്കുന്നില്ലെന്ന് കാണിച്ച് വീട്ടുകാർക്ക് ഫോൺ കോളുകൾ വരുന്നത് തെലങ്കാനയിലെ കുടുംബങ്ങളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.
വ്യാജ റിക്രൂട്ടിങ് ഏജൻറ്റുമാരുടെ വലയിൽ വീഴരുത് എന്ന സന്ദേശം സർക്കാരുകൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും, പണം കൊടുത്ത് വിദേശങ്ങളിൽ ജോലി നേടാൻ ശ്രമിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.മലയാളികൾ അടക്കമുള്ള യുവാക്കൾ ഗൾഫ് രാജ്യങ്ങളിലും, യൂറോപ്പിലും ജോലിക്കായി പണം കൊടുത്ത് പറ്റിക്കപ്പെടുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.





