ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ ദാരിദ്ര്യം കുറയ്ക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്ന് ലോകബാങ്കിന്റെ പുതിയ റിപ്പോർട്ട്. 2011 മുതൽ 2023 വരെയുള്ള 12 വർഷത്തിനിടെ രാജ്യത്ത് ഏകദേശം 49.6 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സാധിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ‘ഇന്ത്യ പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്: ഒക്ടോബർ 2026’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകബാങ്കിന്റെ കണക്കനുസരിച്ച്, താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുള്ള ദാരിദ്ര്യരേഖയായ പ്രതിദിന 4.20 ഡോളർ (പർച്ചേസിങ് പവർ പാരിറ്റി അടിസ്ഥാനത്തിൽ) എന്ന മാനദണ്ഡപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇന്ത്യക്കാരുടെ ജനസംഖ്യ 2011ൽ 57.7 ശതമാനമായിരുന്നു. 2023 ആയപ്പോഴേക്കും ഇത് 16.1 ശതമാനമായി കുറഞ്ഞു. അതായത്, ദാരിദ്ര്യനിരക്കിൽ 41.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതിതീവ്ര ദാരിദ്ര്യത്തിലും ഇന്ത്യയ്ക്ക് വലിയ മുന്നേറ്റമുണ്ടായി. പ്രതിദിനം മൂന്ന് ഡോളർ എന്ന അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അതിതീവ്ര ദാരിദ്ര്യനിരക്ക് 2011ലെ 27.1 ശതമാനത്തിൽനിന്ന് 2023ൽ 2.6 ശതമാനമായി കുറഞ്ഞു. ദാരിദ്ര്യം കുറയ്ക്കുന്നതിൽ സാമ്പത്തികവും സാമ്പത്തികേതരവുമായ വിവിധ മേഖലകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദാരിദ്ര്യം കുറയാൻ കാരണമായത് എന്ത്?
ഉപഭോഗത്തിലെ ശക്തമായ വളർച്ച, തൊഴിലവസരങ്ങളിലെ വർധന, പ്രത്യേകിച്ച് സ്ത്രീകളുടെ തൊഴിൽപങ്കാളിത്തത്തിലുണ്ടായ വർധന, ഭക്ഷ്യസബ്സിഡികൾ ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമപദ്ധതികളുടെ വിപുലീകരണം എന്നിവയാണ് ദാരിദ്ര്യം കുറയാൻ പ്രധാന കാരണങ്ങളായി ലോകബാങ്ക് വിലയിരുത്തുന്നത്. 2017നും 2023നും ഇടയിൽ ഇന്ത്യയിൽ ഏകദേശം 13.4 കോടി തൊഴിലവസരങ്ങൾ വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലകളിൽ സ്ത്രീകൾ കൂടുതൽ പേർ തൊഴിൽരംഗത്തേക്ക് എത്തിയതും കുടുംബങ്ങളുടെ വരുമാനത്തിൽ പുരോഗതിയുണ്ടാക്കാൻ സഹായിച്ചു.
2028ഓടെ ദാരിദ്ര്യം വീണ്ടും കുറയും
ദാരിദ്ര്യനിരക്കിൽ വരും വർഷങ്ങളിലും കുറവുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പ്രതീക്ഷ. പ്രതിദിനം 4.20 ഡോളർ എന്ന മാനദണ്ഡപ്രകാരം ദാരിദ്ര്യനിരക്ക് 2026ലെ 14.2 ശതമാനത്തിൽനിന്ന് 2028ഓടെ 12.1 ശതമാനമായി കുറയുമെന്നാണ് പ്രവചനം.
വരുമാനത്തിലെ അസമത്വം ഇപ്പോഴും വെല്ലുവിളി
ദാരിദ്ര്യനിരക്കിൽ വലിയ കുറവുണ്ടായെങ്കിലും രാജ്യത്തെ വരുമാന അസമത്വം ഇപ്പോഴും ആശങ്കയായി തുടരുകയാണ്. 2023ലെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന വരുമാനമുള്ള 10 ശതമാനം തൊഴിലാളികളുടെ ശരാശരി വരുമാനം ഏറ്റവും കുറഞ്ഞ വരുമാനമുള്ള 10 ശതമാനം തൊഴിലാളികളുടേതിനേക്കാൾ 13 മടങ്ങ് കൂടുതലാണ്. രാജ്യത്തെ ദരിദ്രരിൽ വലിയൊരു വിഭാഗം ഇപ്പോഴും ഗ്രാമീണ മേഖലകളിലാണ്. ഉത്തർപ്രദേശ് മുതൽ പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളുടെ മേഖലയിലാണ് ഇന്ത്യയിലെ ദരിദ്രരിൽ ഏകദേശം 57 ശതമാനവും താമസിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിദ്യാഭ്യാസക്കുറവ്, ആസ്തികളുടെ അഭാവം, സ്ഥിരമായ തൊഴിൽ ലഭിക്കാത്ത സാഹചര്യം എന്നിവ ഇപ്പോഴും നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് പൂർണമായി കരകയറുന്നതിൽനിന്ന് തടയുന്നുണ്ട്. ദാരിദ്ര്യനിരക്കിൽ ഇന്ത്യ കൈവരിച്ച പുരോഗതി ശ്രദ്ധേയമാണെങ്കിലും വരുമാന അസമത്വം കുറയ്ക്കുകയും സ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



