വളര്‍ച്ച തുടരും
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി വളര്‍ച്ച 7.35 ശതമാനത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഒക്ടോബറിലെ പ്രതിമാസ സാമ്പത്തിക അവലോകനം. ധനകാര്യ മന്ത്രാലയത്തിനു കീഴിലെ സാമ്പത്തികകാര്യ വകുപ്പിന്റെ ‘നൗകാസ്റ്റിങ്’ മാതൃകയുടെ അടിസ്ഥാനത്തിലുള്ള ഈ കണക്ക്, രണ്ടാം പാദത്തില്‍ 7.2 ശതമാനം വളര്‍ച്ചയെന്ന റിസര്‍വ് ബാങ്കിന്റെ പ്രവചനത്തേക്കാള്‍ കൂടുതലാണ്. 2026-27 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ 7.1 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.
വ്യവസായ മേഖലയിലെ മുന്നേറ്റം, സേവനമേഖലയുടെ പ്രതിരോധശേഷി, ബാങ്ക് വായ്പകളിലെ വളര്‍ച്ച, ആഭ്യന്തര ആവശ്യകത, സ്വകാര്യ നിക്ഷേപം എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്താകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി നടപടിക്രമങ്ങളിലെ പരിഷ്കാരങ്ങളും പുതിയ വ്യാപാര കരാറുകളും ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം, വിതരണശൃംഖലയിലെ തടസ്സങ്ങള്‍, ആഗോള സാമ്പത്തിക സാഹചരം എന്നിവ വെല്ലുവിളികളായി തുടരുന്നു. ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സഹായകമാകുമെങ്കിലും എല്‍നിനോ സാഹചര്യം, ഉത്സവകാല ആവശ്യകത, ഉയര്‍ന്ന ഊര്‍ജവില എന്നിവ വിലക്കയറ്റത്തിന് സമ്മര്‍ദമുണ്ടാക്കാം.
ഇന്ത്യയുടെ വിദേശമേഖലാ സ്ഥിതി പൊതുവെ സ്ഥിരമാണെന്നും വിദേശനാണ്യശേഖരം ഏകദേശം 10.3 മാസത്തെ ഇറക്കുമതിക്ക് മതിയായ പരിരക്ഷ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ആഭ്യന്തര മൂല്യവര്‍ധന മെച്ചപ്പെടുത്തുക, കയറ്റുമതി മത്സരക്ഷമത ഉയര്‍ത്തുക എന്നിവയാണ് വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സെന്‍സെക്സ് 905 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 22,900ന് മുകളില്‍
ആദ്യഘട്ടത്തിലെ നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി ഒക്ടോബര്‍ 29ന് ശക്തമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 905.01 പോയിന്റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 74,151.04ലെത്തി. നിഫ്റ്റി 50 237.90 പോയിന്റ് അഥവാ 1.05 ശതമാനം നേട്ടത്തോടെ 22,936.75ലാണ് ക്ലോസ് ചെയ്തത്. വിപണിയില്‍ 2,502 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,638 ഓഹരികള്‍ ഇടിഞ്ഞു. 166 ഓഹരികളില്‍ മാറ്റമുണ്ടായില്ല.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയത് വിപണിക്ക് ആശ്വാസമായി. ഇതിനു പുറമേ വിദേശ നിക്ഷേപകരും ആഭ്യന്തര സ്ഥാപന നിക്ഷേപകരും നടത്തിയ വാങ്ങലും മുന്നേറ്റത്തിന് പിന്തുണ നല്കി. ബുധനാഴ്ച വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (FPI) ഇന്ത്യന്‍ ഓഹരികളില്‍ 872 കോടിയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. നിക്ഷേപിച്ചു. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (DII) 643 കോടി രൂപ മൂല്യമുള്ള ഓഹരികളുടെ അറ്റ വാങ്ങലും നടത്തി. എങ്കിലും ഒക്ടോബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍നിന്ന് 3.74 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചിട്ടുണ്ട്.
നിഫ്റ്റിയിലെ 50 ഓഹരികളില്‍ 38 എണ്ണം നേട്ടത്തിലും 12 എണ്ണം നഷ്ടത്തിലുമായിരുന്നു. അദാനി പോര്‍ട്സ് അഞ്ച് ശതമാനത്തിലധികം ഉയര്‍ന്ന് പ്രധാന നേട്ടക്കാരനായി. പവര്‍ ഗ്രിഡ്, അദാനി എന്റര്‍പ്രൈസസ് എന്നിവയും ഏകദേശം നാല് ശതമാനം വീതം ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൂചികയുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണ നല്കി. അതേസമയം ട്രെന്റ് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.
സാങ്കേതികമായി നിഫ്റ്റിക്ക് 22,500-22,600 മേഖലയില്‍ പിന്തുണയും 22,830-22,850 മേഖലയില്‍ പ്രതിരോധവുമുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍. ഈ പ്രതിരോധം മറികടന്നാല്‍ 23,000-23,175 നിലവാരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും യുഎസ് ബോണ്ട് യീല്‍ഡും വിപണിയില്‍ ജാഗ്രത ആവശ്യപ്പെടുന്ന ഘടകങ്ങളായി തുടരുന്നു.
എംടിഎഫ് ചട്ടലംഘനം: ഓഹരി ബ്രോക്കര്‍മാര്‍ക്ക് എന്‍എസ്ഇയുടെ മുന്നറിയിപ്പ്
മാര്‍ജിന്‍ ട്രേഡിങ് ഫെസിലിറ്റി (എംടിഎഫ്) നല്കുന്നതില് ഓഹരി ബ്രോക്കര്‍മാര്‍ വരുത്തിയ വിവിധ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. ആവശ്യമായ മാര്‍ജിന്‍ ഈടാക്കാതിരിക്കുക, അര്‍ഹതയില്ലാത്ത ഓഹരികള്‍ക്കെതിരെ വായ്പാസൗകര്യം നല്‍കുക, ഇടപാടുകാരുടെ അക്കൗണ്ടുകള്‍ കൃത്യമായി നിരീക്ഷിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്.
ബിഎസ്ഇ, എന്‍എസ്ഇ കണക്കുകള്‍ പ്രകാരം, എംടിഎഫ് ഇടപാടുകളുടെ മൊത്തം മൂല്യം 2025 ഓഗസ്റ്റിലെ 96,000 കോടിയില്‍നിന്ന് 2026 ഓഗസ്റ്റില്‍ 1.48 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഉപഭോക്താക്കള്‍ക്ക് ദിവസേനയുള്ള മാര്‍ജിന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കുന്നതിലെ വീഴ്ചകള്‍, തെറ്റായ റിപ്പോര്‍ട്ടിങ്, ഉപഭോക്താവിന്റെ അക്കൗണ്ടിലുള്ളതിനേക്കാള്‍ അധികം പണം കൈമാറല്‍, ഇടപാടുകാരുടെ പണം കൃത്യസമയത്ത് തീര്പ്പാക്കാതിരിക്കല് എന്നിവയും പരിശോധനയില്‍ കണ്ടെത്തി. അംഗീകൃത വ്യക്തികള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അനധികൃത ഇടപാടുകള്‍ നടത്തുക, ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുക, അനുമതിയില്ലാത്ത പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങളും എന്‍എസ്ഇ ചൂണ്ടിക്കാട്ടി.
കെവൈസി രേഖകള്‍, ഉപഭോക്തൃ വിവരങ്ങളുടെ കൃത്യത, സൈബര്‍ സുരക്ഷ, പാസ്വേഡ് നയങ്ങള്‍, ടു-ഫാക്ടര്‍ ഓതന്റിക്കേഷന് എന്നിവയിലും വീഴ്ചകളുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും ആഭ്യന്തര നിയന്ത്രണങ്ങളും ശക്തിപ്പെടുത്തണമെന്ന് എക്സ്ചേഞ്ച് ബ്രോക്കര്‍മാരോട് നിര്‍ദേശിച്ചു.
നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വര്‍ധന; നവംബര്‍ 1 മുതല്‍ പുതിയ നിരക്ക്
കര്‍ണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വര്‍ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. നവംബര്‍ 1 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ നീല പാക്കറ്റില്‍ ലഭിക്കുന്ന ടോണ്‍ഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയില്‍ നിന്ന് 54 രൂപ ആയി ഉയരും. വില വര്‍ധനയിലൂടെ ലഭിക്കുന്ന അധിക തുകയില്‍ 7 രൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നും ശേഷിക്കുന്ന 1 രൂപ പാല് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുമെന്നും കര്‍ണാടക മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു.
ഒക്ടോബര്‍ 6ന് തന്നെ മന്ത്രിസഭ വില വര്‍ധനയ്ക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ പ്രഖ്യാപനം വൈകുകയായിരുന്നു. ഒക്ടോബര്‍ 29നാണ് മന്ത്രിസഭ തീരുമാനം വീണ്ടും അംഗീകരിച്ച് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
കാലിത്തീറ്റ, പുല്ല്, മരുന്നുകള്‍, ഗതാഗതം, പ്ലാസ്റ്റിക് പാക്കേജിങ് എന്നിവയുടെ ചെലവ് വര്‍ധിച്ചതും വരള്‍ച്ചയെ തുടര്‍ന്ന് തീറ്റപ്പുല്ലിന് ക്ഷാമം നേരിട്ടതുമാണ് വില വര്‍ധനയ്ക്ക് കാരണമായി ക്ഷീരസംഘങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപ വരെ വര്‍ധന വേണമെന്നായിരുന്നു അവരുടെ ആവശ്യം.
ഏകദേശം പത്ത് ലക്ഷം കര്‍ഷക കുടുംബങ്ങളാണ് കര്‍ണാടകയില്‍ ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ വര്‍ധനയോടെ സമീപകാലത്ത് നന്ദിനി പാലിന്റെ വിലയില്‍ വരുത്തുന്ന അഞ്ചാമത്തെ വര്‍ധനയാണിത്. 2025 മാര്‍ച്ചില്‍ ലിറ്ററിന് 4 രൂപയും 2024 ജൂണില്‍ 2 രൂപയും 2023 നവംബറിലും 2022 നവംബറിലും 3 രൂപ വീതവും വില കൂട്ടിയിരുന്നു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



