നിരക്ക് കൂട്ടുമെന്ന് ഇന്‍ഡിഗോ
വിമാന ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടം വിമാനക്കമ്പനികളെ നിരക്ക് വര്‍ധനയിലേക്ക് നയിക്കുന്നതായി ഇന്‍ഡിഗോ സിഇഒ വില്ലി വാല്‍ഷ്. വര്‍ധിച്ചുവരുന്ന പ്രവര്‍ത്തനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ആഗോള അനിശ്ചിതത്വവും ഇന്ധനവില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സെപ്റ്റംബര്‍ പാദത്തില്‍ 1,879.1 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 2,614 കോടി രൂപയുടെ നഷ്ടത്തേക്കാള്‍ കുറവാണിത്. ഇക്കാലയളവില്‍ വരുമാനം 26 ശതമാനം ഉയര്‍ന്ന് 23,364 കോടി രൂപയിലെത്തി. എന്നാല്‍ വിമാന ഇന്ധനച്ചെലവ് 67.2 ശതമാനം വര്‍ധിച്ച് 9,966.8 കോടി രൂപയായി.
ഇമുദ്രയിലെ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ കെപിഎംജി
സൈബര്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് സ്വതന്ത്ര പരിശോധന നടത്താന്‍ ആഗോള ഓഡിറ്റ്-കണ്‍സള്‍ട്ടിങ് സ്ഥാപനമായ കെപിഎംജിയെ നിയോഗിച്ച് ഡിജിറ്റല്‍ സുരക്ഷാ സേവനദാതാക്കളായ ഇമുദ്ര. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സ്വകാര്യ സുരക്ഷാ കീകളില്‍ കണ്ടെത്തിയ ഗുരുതര പിഴവിനെ തുടര്‍ന്നാണ് നടപടി. 2025 ഏപ്രില്‍ 30-ന് നടന്ന കീ ജനറേഷന് നടപടിക്കിടെ ഉണ്ടായ സ്ക്രിപ്റ്റ് പിഴവിനെ തുടര്‍ന്ന് എട്ട് ഇന്റര്‍മീഡിയറ്റ് ടിഎല്‍എസ്, കോഡ് സൈനിങ് സര്‍ട്ടിഫിക്കറ്റുകളുടെ സ്വകാര്യ കീകള്‍ ദുര്ബലമായെന്നാണ് കണ്ടെത്തല്‍. ഈ കീകള്‍ ഉപയോഗിച്ച് വെബ്സൈറ്റുകളില്‍ ആള്‍മാറാട്ടം നടത്താനും വ്യാജ സോഫ്റ്റ്വെയറുകളെ വിശ്വസനീയ പ്രസാധകരുടേതായി അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇന്ത്യയിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍, ഇ-സൈന്‍ സേവനങ്ങളെ സംഭവം ബാധിച്ചിട്ടില്ലെന്നാണ് കമ്പനിയുടെയും കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെയും വിശദീകരണം.
ടാറ്റ ഇലക്ട്രോണിക്സിലേക്ക് വന്‍ നിക്ഷേപം
ഐഫോണ്‍ നിര്‍മാണവും സെമികണ്ടക്ടര്‍ ബിസിനസും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടാറ്റ ഇലക്ട്രോണിക്സില് 1,100 കോടി രൂപ കൂടി നിക്ഷേപിച്ച് ടാറ്റ സണ്‍സ്. സെപ്റ്റംബറിലാണ് പുതിയ മൂലധനനിക്ഷേപം നടത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ 1,500 കോടി രൂപയും കമ്പനി നിക്ഷേപിച്ചിരുന്നു. 2026 സാമ്പത്തികവര്‍ഷത്തില്‍ ടാറ്റ ഇലക്ട്രോണിക്സിന്റെ വരുമാനം 97 ശതമാനം വര്‍ധിച്ച് 1.31 ലക്ഷം കോടി രൂപയിലെത്തി. പ്രവര്‍ത്തനലാഭത്തിന്റെ തലത്തില്‍ കമ്പനി ബ്രേക്ക് ഈവനിലെത്തിയെങ്കിലും അറ്റനഷ്ടം 70 കോടി രൂപയില്‍നിന്ന് 1,611 കോടി രൂപയായി ഉയര്‍ന്നു. ഗുജറാത്തിലെ ധോലേരയില്‍ തായ്വാനിലെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് 91,000 കോടി രൂപയുടെ ചിപ്പ് നിര്‍മാണശാല സ്ഥാപിക്കാനാണ് പദ്ധതി. പ്രതിമാസം 50,000 വേഫറുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. അസമിലെ ജഗിറോഡില് 27,000 കോടി രൂപയുടെ ചിപ്പ് അസംബ്ലി, ടെസ്റ്റിങ് കേന്ദ്രവും ഒരുങ്ങുന്നു. രണ്ട് പദ്ധതികളിലുമായി പ്രഖ്യാപിച്ച നിക്ഷേപം 1.18 ലക്ഷം കോടി രൂപയാണ്.
യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ 40,000 കോടി രൂപ
ഇന്ത്യന്‍ നാവികസേനയ്ക്കായി എട്ട് അടുത്ത തലമുറ യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ 40,000 കോടി രൂപയിലധികം ചെലവുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) അംഗീകാരം നല്കി. ഒക്ടോബര്‍ 28-ന് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് തീരുമാനം. കൊല്‍ക്കത്ത ആസ്ഥാനമായ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സും ഗോവ ഷിപ്പ്യാര്ഡും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മിക്കുക. ആദ്യ കപ്പല്‍ 2030-ഓടെ നാവികസേനയ്ക്ക് കൈമാറുകയാണ് ലക്ഷ്യം. ഏകദേശം 2,000 ടണ്‍ ഭാരശേഷിയും 30 നോട്ട് വേഗവുമുള്ള കപ്പലുകള്‍ തീരദേശ പ്രതിരോധം, നിരീക്ഷണം, അകമ്പടി സേവനം, ശത്രുക്കപ്പലുകള്ക്കെതിരായ ആക്രമണം, തിരച്ചില്‍-ആക്രമണ ദൗത്യങ്ങള്‍ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം. ഇന്ത്യന്‍ നാവികസേന തന്നെ വികസിപ്പിച്ച പുതിയ രൂപകല്‍പ്പനയും തദ്ദേശീയ കപ്പല്‍നിര്‍മാണ സാങ്കേതികവിദ്യയും പദ്ധതിയുടെ ഭാഗമാണ്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



