മുംബൈ: ഇന്ത്യയുടെ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച് മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോംസ്. രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) വിപണിയിലെത്തിയ ജിയോയുടെ ഓഹരികള്‍ ആദ്യദിനം തന്നെ 26.8 ശതമാനം ഉയര്‍ന്നു. ഇതോടെ റിലയന്‍സ് ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യം 30.25 ലക്ഷം കോടി രൂപയായി. ടാറ്റ ഗ്രൂപ്പിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വ്യവസായ ഗ്രൂപ്പെന്ന നേട്ടവും റിലയന്‍സ് സ്വന്തമാക്കി.
ബുധനാഴ്ച ബിഎസ്ഇയിലും എന്‍എസ്ഇയിലും 1,119 രൂപ ഐപിഒ വിലയേക്കാള്‍ 21.36 ശതമാനം ഉയര്‍ന്ന് 1,358 രൂപയിലാണ് ജിയോ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ബിഎസ്ഇയില്‍ 1,423.80 രൂപയിലെത്തി. ആദ്യദിനം വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരിവില 1,419 രൂപയിലായിരുന്നു. ഐപിഒ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 26.8 ശതമാനമാണ് നേട്ടം.
ജിയോയുടെ വിപണിമൂല്യം 13.05 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താനും ജിയോയ്ക്ക് കഴിഞ്ഞു. ടെലികോം രംഗത്തെ എതിരാളിയായ ഭാരതി എയര്‍ടെല്ലിനെയും ജിയോ മറികടന്നു.
30.25 ലക്ഷം കോടി രൂപയുടെ റിലയന്‍സ് ഗ്രൂപ്പ്
ജിയോയുടെ ഓഹരി വിപണി പ്രവേശനത്തോടെ റിലയന്‍സുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്ത 11 കമ്പനികളുടെ ആകെ വിപണിമൂല്യം 30.25 ലക്ഷം കോടി രൂപയായി. ഏകദേശം 318 ബില്യണ്‍ ഡോളറിന് തുല്യമായ ഈ മൂല്യം അമേരിക്കന്‍ റീട്ടെയില്‍ കമ്പനിയായ ഹോം ഡിപ്പോയുടെ വിപണിമൂല്യത്തിന് സമാനമാണ്. നെറ്റ്ഫ്ളിക്സ്, ടൊയോട്ട, ജര്‍മന്‍ സോഫ്റ്റ്വെയര് കമ്പനിയായ എസ്എപി എന്നിവയുടെ വിപണിമൂല്യത്തേക്കാള്‍ കൂടുതലുമാണ് ഇത്.
ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 15.68 ലക്ഷം കോടി രൂപയും ജിയോ പ്ലാറ്റ്ഫോംസിന്റേത് 13.05 ലക്ഷം കോടി രൂപയുമാണ്. ഇവ രണ്ടും ചേര്‍ന്നാണ് ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നെറ്റ്വര്‍ക്ക്18, ജസ്റ്റ് ഡയല്, സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി, ഹാത്ത്വേ കേബിള്‍, ഡെന്‍ നെറ്റ്വര്ക്സ് തുടങ്ങിയ കമ്പനികളും ഗ്രൂപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ആകെ വിപണിമൂല്യം ഏകദേശം 25.5 ലക്ഷം കോടി രൂപയാണ്. ദീര്‍ഘകാലമായി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വ്യവസായ ഗ്രൂപ്പുകളുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ടാറ്റയെ പിന്തള്ളിയാണ് റിലയന്‍സ് ഒന്നാമതെത്തിയത്.
ആഗോള ടെലികോം ഭീമന്മാരുടെ നിരയില്‍ ജിയോ
ഏകദേശം 131.5 ബില്യണ്‍ ഡോളര്‍ വിപണിമൂല്യത്തോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെലികോം കമ്പനികളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്കാണ് ജിയോ ഉയര്‍ന്നത്. ചൈന മൊബൈല്‍, വെറൈസണ്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ടി-മൊബൈല്‍ യുഎസ്, എടി ആന്‍ഡ് ടി എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ളത്. ഏകദേശം 135.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡോയ്ചെ ടെലികോമിന് തൊട്ടുപിന്നിലായും ജിയോ എത്തി.
53.33 കോടി ഉപഭോക്താക്കളാണ് 2026 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് റിലയന്‍സ് ജിയോ ഇന്ഫോകോമിനുണ്ടായിരുന്നത്. 2026 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 268.5 ദശലക്ഷം 5ജി ഉപഭോക്താക്കളും കമ്പനിക്കുണ്ട്. ഈ വിപുലമായ ഉപഭോക്തൃ അടിത്തറയാണ് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള ജിയോയുടെ പ്രധാന ശക്തി.
എന്നാല്‍ ടെലികോം സേവനങ്ങളിലെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങാനല്ല കമ്പനിയുടെ നീക്കം. എഐ, ക്ലൗഡ് കമ്പ്യൂട്ടിങ്, സംരംഭങ്ങള്‍ക്കുള്ള ഡിജിറ്റല്‍ സേവനങ്ങള്‍, ഉപഗ്രഹ ആശയവിനിമയം എന്നിവയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്
ജിയോയുടെ റെഡ് ഹെറിങ് പ്രോസ്പെക്ടസ് പ്രകാരം, 2026 ജൂണ്‍ 30 വരെ 4ജി, 5ജി, 6ജി, ക്ലൗഡ് അധിഷ്ഠിത നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍, എഐ അധിഷ്ഠിത നെറ്റ്വര്‍ക്ക് ഓട്ടോമേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകളിലായി 7,220 പേറ്റന്റ് അപേക്ഷകള്‍ കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.
സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മറ്റ് ടെലികോം കമ്പനികള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാനും വിദേശ വിപണികളില്‍ ലൈസന്‍സിങ്, പങ്കാളിത്തം എന്നിവയിലൂടെ വരുമാനം കണ്ടെത്താനും ജിയോയ്ക്ക് അവസരമുണ്ട്. ക്ലൗഡ്, എന്റര്‍പ്രൈസ് സേവനങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെയും വളര്‍ച്ച ലക്ഷ്യമിടുന്നു.
നെറ്റ്വര്‍ക്ക് വികസനത്തിനായുള്ള വന്‍ നിക്ഷേപ ഘട്ടം ക്രമേണ അവസാനിക്കുന്നതോടെ ഭാവിയില്‍ സ്വതന്ത്ര പണമൊഴുക്ക് വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് നോമുറയുടെ വിലയിരുത്തല്‍. ഇത് യാഥാര്‍ഥ്യമായാല്‍ പുതിയ മേഖലകളിലേക്ക് നിക്ഷേപം നടത്താനും നിലവിലെ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം മെച്ചപ്പെടുത്താനും കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചേക്കും.
എങ്കിലും ആഗോളതലത്തില്‍ സാങ്കേതികവിദ്യാ സേവനങ്ങള്‍ വ്യാപിപ്പിക്കുക, വന്‍ നിക്ഷേപങ്ങളില്‍നിന്ന് സ്ഥിരമായ വരുമാനം നേടുക, ശക്തമായ മത്സരത്തെ നേരിടുക എന്നിവയാണ് ജിയോയുടെ അടുത്ത ഘട്ടത്തിലെ പ്രധാന വെല്ലുവിളികള്‍.
ഇന്ത്യയിലെ ടെലികോം രംഗത്ത് വലിയ ഉപഭോക്തൃ അടിത്തറയും വിപുലമായ ഡിജിറ്റല്‍ സംവിധാനങ്ങളും കെട്ടിപ്പടുത്ത ജിയോയ്ക്ക് ഇനി ആഗോള സാങ്കേതികവിദ്യാ കമ്പനിയായി വളരാനാകുമോ എന്നതിലേക്കാണ് വിപണിയുടെ ശ്രദ്ധ.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



