250- ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. പുതിയ കിൻഡിൽ ഇ-റീഡറുകളും ടാബ്ലെറ്റുകളും വിപണിയിലെത്തിച്ചതിന് പിന്നാലെയാണ് ആമസോണിന്റെ ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗത്തിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടത്. പ്രധാനമായും സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിഭാഗത്തിലെ ജീവനക്കാരെയാണ് നടപടി ബാധിച്ചത്. കമ്പനിയുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവരാനിരിക്കെയാണ് പുതിയ പിരിച്ചുവിടൽ.
പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭാവിയിലെ ഉൽപ്പന്ന പദ്ധതികൾക്ക് അനുസൃതമായി ജീവനക്കാരുടെ ഘടന പുനഃസംഘടിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് ആമസോൺ വക്താവ് വ്യക്തമാക്കി. ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം വിശദമായ സംഘടനാ അവലോകനത്തിന് ശേഷമാണെടുത്തതെന്ന് ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗം എച്ച്.ആർ. വൈസ് പ്രസിഡന്റ് ചെറി റോബിൻസൺ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ജീവനക്കാർക്ക് ഇമെയിലുകളും ടെക്സ്റ്റ് സന്ദേശങ്ങളും വഴി വിവരം കൈമാറിയത്.
അടുത്തിടെ പുതിയ കിൻഡിൽ മോഡലുകളും ടാബ്ലെറ്റുകളും പുറത്തിറക്കിയ ആമസോൺ, അലക്സ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ അലാറം ക്ലോക്കും ഫോട്ടോ ഫ്രെയിമും അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ വാർത്ത പുറത്തുവന്നത്.
ഈ മാസം ആദ്യം ആമസോണിന്റെ പ്രധാന റീട്ടെയിൽ വിഭാഗത്തിൽ നിന്ന് ഏകദേശം 1,000 ജീവനക്കാരെയും കമ്പനി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗത്തിൽ 250 തസ്തികകൾ കൂടി വെട്ടിക്കുറച്ചതോടെ കമ്പനിയിലെ പുനഃസംഘടന വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.
പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഉൽപ്പന്ന പദ്ധതികൾക്ക് അനുസൃതമായി ജീവനക്കാരുടെ ഘടന ക്രമീകരിക്കാനുമാണ് നടപടിയെന്നാണ് ആമസോണിന്റെ വിശദീകരണം. എന്നാൽ, ഈ പിരിച്ചുവിടൽ നിർമിതബുദ്ധി (AI) മൂലമാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



