ടച്ച് സ്ക്രീൻ മാക് ബുക്കുകൾ മാർക്കറ്റിൽ അവതരിപ്പിച്ച് ആപ്പിൾ. ലാപ്ടോപ്പുകളിൽ ടച്ച്സ്ക്രീൻ ഉപയോഗിക്കുന്നത് ശരീരത്തിന് അസൗകര്യമുണ്ടാക്കുമെന്ന നിലപാട് ഒരിക്കൽ സ്വീകരിച്ചിരുന്ന സ്ഥാപനമാണ് ആപ്പിൾ. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളെ വിമർശിച്ചിരുന്നെങ്കിലും, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങളും വിപണിയിലെ മത്സരവുമാണ് കമ്പനിയുടെ നിലപാടിൽ മാറ്റത്തിന് കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.
ആപ്പിളിന്റെ പുതിയ സിഇഒ ആയ ജോൺ ടെർനസ്, ടച്ച്സ്ക്രീൻ സൗകര്യമുള്ള ആദ്യത്തെ മാക്ബുക്കുകൾ അവതരിപ്പിച്ചതായാണ് റിപ്പോർട്ട്. ടച്ച്സ്ക്രീൻ ലാപ്ടോപ്പുകൾ എർഗണോമിക് രീതിയിൽ അനുയോജ്യമല്ലെന്ന് 2010-ൽ സ്റ്റീവ് ജോബ്സ് അഭിപ്രായപ്പെട്ടിരുന്നു. ലാപ്ടോപ്പിന്റെ സ്ക്രീനിൽ സ്പർശിക്കാൻ കൈ ഉയർത്തുന്നത് ദീർഘനേരം ഉപയോഗിക്കുമ്പോൾ അസൗകര്യമുണ്ടാക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, ഐഫോണുകളും ഐപാഡുകളും വ്യാപകമായതോടെ ടച്ച്സ്ക്രീൻ ഉപയോഗം ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വാഭാവികമായി മാറി. വിൻഡോസ് അധിഷ്ഠിത ടച്ച്സ്ക്രീൻ ലാപ്ടോപ്പുകളുടെ സാന്നിധ്യവും ആപ്പിളിന്റെ പുതിയ നീക്കത്തിന് പിന്നിലെ ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
ടച്ച്സ്ക്രീൻ മോഡലുകളിൽ M5 Pro, M5 Max ചിപ്പുകൾ ഉപയോഗിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. അതേസമയം, പുതിയ മോഡലുകൾ നിലവിലുള്ളവയെ അപേക്ഷിച്ച് വലിയ പ്രകടനവർധന നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ടച്ച്സ്ക്രീൻ സൗകര്യം മാക്ബുക്ക് ഉപയോക്താക്കൾ എത്രത്തോളം സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയമാകുക. ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നനയത്തിൽ മാറ്റം വരുത്തുന്ന ആപ്പിളിന്റെ സമീപനത്തിലെ പ്രധാന ചുവടുവയ്പ്പായാണ് ഈ നീക്കത്തെ കാണുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



