സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 310 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 12,730 രൂപയായി ഒരു ഗ്രാമിന്റെ വില. പവന് ആനുപാതികമായി 2,480 രൂപ കുറഞ്ഞ് 1,01,840 രൂപയായി ഇന്നത്തെ വിപണിവില. കഴിഞ്ഞ ആഴ്ചകളിലായി ഏകദേശം 7000 രൂപയുടെ കുറവ് സ്വർണത്തിന് ഉണ്ടായിരുന്നു. എന്നാൽ ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവില തിരിച്ചുകയറുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. ഇതിനുശേഷം ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും താഴേക്കിറങ്ങി. അതേസമയം ഇന്ന് വെള്ളിവിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 200 രൂപയും, ഒരു കിലോഗ്രാമിന് 2,00,000 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ തകർച്ചയാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങൾ, ഡോളറിന്റെ മൂല്യവർധന, നിക്ഷേപകരുടെ വിൽപന തുടങ്ങിയ ഘടകങ്ങളാണ് വിലയിടിവിന് പ്രധാനമായും കാരണമാകുന്നത്. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നത് പലിശനിരക്ക് സംബന്ധിച്ച ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. പലിശനിരക്ക് ഉയർന്നാൽ സ്വർണത്തേക്കാൾ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് ആളുകൾ മാറാൻ സാധ്യതയുണ്ട്. ഇത് സ്വർണത്തിന്റെ ആവശ്യകതയെ ബാധിക്കും.
അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തിപ്പെടുന്നത് സ്വർണവിലയ്ക്ക് തിരിച്ചടിയാണ്. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നു. ഇത് സ്വർണത്തിന്റെ ആഗോള ആവശ്യകത കുറയ്ക്കാൻ കാരണമാകുന്നു. കഴിഞ്ഞ മാസങ്ങളിൽ സ്വർണവില വലിയ രീതിയിൽ ഉയർന്നിരുന്നു. ഇതോടെ ലാഭമെടുക്കുന്നതിനായി നിക്ഷേപകർ സ്വർണം വിറ്റഴിക്കാൻ തുടങ്ങി. വൻതോതിലുള്ള വിൽപനയും വിലയിടിവിന് കാരണമായി. അമേരിക്കൻ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നേട്ടം വർധിക്കുമ്പോൾ നിക്ഷേപകർ സ്വർണത്തിൽനിന്ന് കടപ്പത്രങ്ങളിലേക്ക് മാറാനുള്ള സാധ്യതയുണ്ട്. സ്വർണത്തിന് പലിശ ലഭിക്കാത്തതിനാൽ ഇത്തരം സാഹചര്യങ്ങൾ സ്വർണവിപണിയെ പ്രതികൂലമായി ബാധിക്കുന്നു.
ഇന്ത്യയുടെ സ്വർണാവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുമ്പോൾ ഇന്ത്യയിലും വില താഴും. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റവും ആഭ്യന്തര വിലയെ സ്വാധീനിക്കുന്നു. അതേസമയം, സ്വർണവിലയിലെ ഇടിവ് തുടരുമോ അതോ വീണ്ടും ഉയരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അമേരിക്കയുടെ സാമ്പത്തിക നയങ്ങൾ, ഡോളറിന്റെ മൂല്യം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, സ്വർണത്തിന്റെ ആവശ്യകത എന്നിവയായിരിക്കും വരും ദിവസങ്ങളിൽ വിലയുടെ ഗതി നിർണയിക്കുക.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



