ഇന്ത്യയില്‍ വമ്പന്‍ ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) തയാറെടുത്ത് ദക്ഷിണ കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വമ്പനായ എല്‍ജി ഇലക്ട്രോണിക്സ്. ഒക്ടോബര്‍ പാതിയോടെ എല്‍ജി ഇന്ത്യയുടെ ഐപിഒ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 15,000 കോടി രൂപ സമാഹരിക്കാനാണ് കൊറിയന്‍ കമ്പനി പദ്ധതിയിടുന്നത്.
ഐപിഒയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ഉപകമ്പനിയുടെ 15% ഓഹരികള്‍ അഥവാ 10.2 കോടി ഓഹരികള്‍ വില്‍ക്കാനാണ് എല്‍ജി പദ്ധതിയിട്ടിരിക്കുന്നത്.
ഹ്യൂണ്ടായിയുടെ പാതയില്‍
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹ്യുണ്ടായിയുടെ വമ്പന്‍ ഐപിഒയ്ക്ക് ശേഷം, ഇന്ത്യയില്‍ ഒരു കൊറിയന്‍ കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഐപിഒയാണിത്. 27,858 കോടി രൂപയാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ നിന്ന് ഐപിഒയിലൂടെ സമാഹരിച്ചത്. ഇന്ത്യയുടെ ഐപിഒ വിപണിയിലെ പോസിറ്റീവ് വികാരം പ്രയോജനപ്പെടുത്താനാവുമെന്നാണ് എല്‍ജി ഇലക്ട്രോണിക്സും പ്രതീക്ഷിക്കുന്നത്.
വരുന്നു 84 ഐപിഒകള്‍
2025 ലെ ഏറ്റവും വലിയ ഐപിഒയായി എല്‍ജി ഐപിഒ മാറിയേക്കും. 2025ല്‍ ഇതുവരെ ഏകദേശം 30 ഐപിഒകള്‍ 60,000 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിച്ചു. ഇതില്‍ ഏറ്റവും വലുത് എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 12,500 കോടി രൂപയുടെ ഐപിഒ ആയിരുന്നു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏകദേശം 70,000 കോടി രൂപയുടെ പുതിയ ഐപിഒകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ടാറ്റ ക്യാപിറ്റല്‍ (17,200 കോടി രൂപ), ഗ്രോ, മീഷോ, ഫോണ്‍പേ, ബോട്ട്, വീ വര്‍ക്ക് ഇന്ത്യ, ലെന്‍സ്കാര്‍ട്ട്, ഷാഡോഫാക്സ്, ഫിസിക്സ് വാല എന്നിങ്ങനെ 84 കമ്പനികളാണ് ഐപിഒയ്ക്കായി തയാറെടുത്തിരിക്കുന്നത്.
മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ, ജെപി മോര്ഗന് ഇന്ത്യ, ആക്സിസ് ക്യാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റിഗ്രൂപ്പ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരായി എല്‍ജി ഐപിഒ കൈകാര്യം ചെയ്യുന്നത്. ഉപഭോക്തൃ ഇലക്ട്രോണിക്സില് എല്‍ജിയുടെ ശക്തമായ ബ്രാന്‍ഡ് സാന്നിധ്യവും ഐപിഒ വിപണിയിലെ പോസിറ്റീവ് പ്രവണതയും കണക്കിലെടുത്ത് ഓഹരി വില്‍പ്പന നിക്ഷേപകരെ കാര്യമായി ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



