മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ നിന്നുള്ള മഹേഷ് കദം എന്ന കർഷകൻ, പരമ്പരാഗത കൃഷിയായ കരിമ്പും ഉള്ളിയും കൃഷി ചെയ്യുന്നതിൽ നിന്ന് മാറ്റി ചിന്തിച്ചാണ് മുരിങ്ങക്കൃഷിയിലേക്ക് തിരിഞ്ഞത്. പരമ്പരാഗത വിളകളിൽ നിന്നുള്ള വരുമാനത്തിലെ അനിശ്ചിതത്വവും ജലസേചന ബുദ്ധിമുട്ടുകളുമാണ് പുതിയ വഴികൾ തേടാൻ അദ്ദേഹത്തിന് പ്രചോദനമായത്. തമിഴ്നാട്ടിൽ നിന്നുള്ള വളയപ്പട്ടി ഇനം മുരിങ്ങയാണ് തരിശുനിലങ്ങൾക്ക് അനുയോജ്യമാണെന്ന് കണ്ടത്തി അദ്ദേഹം കൃഷി ചെയ്യാൻ തിരഞ്ഞെടുത്തത്.
മൂല്യവർധിത ഉൽപന്നം
മുരിങ്ങയില വെറുതെ വൽക്കുന്നതിന് പകരം, അതിനെ മൂല്യവർധിത ഉൽപന്നമായ പൊടിയാക്കി മാറ്റി വിപണിയിലെത്തിച്ചതാണ് മഹേഷിന്റെ വിജയരഹസ്യം. ഇതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ ഡ്രയറുകളും മഴക്കാലത്ത് ഉപയോഗിക്കാൻ ഇലക്ട്രിക് ഡ്രയറുകളും അദ്ദേഹം സ്ഥാപിച്ചു. പച്ചിലകൾ ഉണക്കി ഉന്നത നിലവാരമുള്ള മുരിങ്ങപ്പൊടിയാക്കി മാറ്റുന്നതിലൂടെ പ്രതിമാസം വൻ വരുമാനവർധനവാണ് അദ്ദേഹത്തിനുണ്ടായത്.
ഭാവി പദ്ധതികൾ
പ്രതിമാസം ഏകദേശം ഒരു ടണ്ണോളം മുരിങ്ങപ്പൊടി ഉത്പാദിപ്പിക്കുന്ന മഹേഷ് കദം, കിലോയ്ക്ക് 1,200 രൂപ നിരക്കിലാണ് ഇത് വിപണിയിൽ വിൽക്കുന്നത്. 29 ലക്ഷം രൂപ ചെലവുവന്ന ഈ പ്രൊസസിംഗ് യൂണിറ്റിനായി കേന്ദ്ര സർക്കാരിന്റെ PMFME പദ്ധതി വഴി 10 ലക്ഷത്തോളം രൂപ സബ്സിഡിയായും അദ്ദേഹത്തിന് ലഭിച്ചു. മികച്ച വിജയം കൈവരിച്ചതോടെ പഴങ്ങളും പച്ചക്കറികളും ഉണക്കി വിൽക്കുന്ന കൂടുതൽ ബിസിനസുകളിലേക്ക് വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.
സൂപ്പർ ഫുഡ്
മുരിങ്ങയിലപ്പൊടി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ഭാവിയിൽ വരാൻ സാധ്യതയുള്ള വലിയ മെഡിക്കൽ ചെലവുകൾ ഒഴിവാക്കാൻ സാധിക്കും എന്നാണ് ഇതിന്റെ പ്രചാരകർ അവകാശപ്പെടുന്നത്. വിറ്റാമിൻ എ, സി, കാൽസ്യം, അയൺ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ മുരിങ്ങപ്പൊടി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിലകൂടിയ വിറ്റാമിൻ സപ്ലിമെന്റുകൾക്കും മരുന്നുകൾക്കും പകരം വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന സ്വാഭാവിക പോഷകാഹാരമായതിനാൽ, ഇത് ജീവിതശൈലി രോഗങ്ങൾ മൂലമുണ്ടാകുന്ന ഭാവിയിലെ വലിയ ആശുപത്രി ചെലവുകൾ ലാഭിക്കാൻ സഹായിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന മറ്റ് ആഡംബര സൂപ്പർ ഫുഡുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭിക്കുന്ന ഒന്നാണിത്. അതിനാൽ, ചെറിയ തുക മുരിങ്ങപ്പൊടിക്കായി ചെലവഴിക്കുന്നതിലൂടെ കുടുംബത്തിന് മികച്ച ആരോഗ്യവും ഒപ്പം സാമ്പത്തിക ലാഭവും ഒരുപോലെ ഉറപ്പാക്കാൻ സാധിക്കുന്നു.ഇതൊക്കെ കണ്ടുകൊണ്ടാണ് കൂടുതൽ കർഷകർ ഇതിലേക്ക് ഇപ്പോൾ വരുന്നത്.





