കാർ, ബൈക്ക് ഉടമകളെ നേരിട്ട് ബാധിക്കുന്ന നിർണായക മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും വാഹന ഇൻഷുറൻസ് നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണിത്.
പുതിയ നിർദേശം നടപ്പിലായാൽ ആവർത്തിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹന ഉടമകൾക്ക് ഇൻഷുറൻസിനായി കൂടുതൽ തുക നൽകേണ്ടിവരും. മുൻവർഷം രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കും പതിവായി നിയമലംഘനം നടത്തുന്നവർക്കും ഒരേ നിരക്കിൽ ഇൻഷുറൻസ് നൽകുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യം. എന്നാൽ ഓരോ നിയമലംഘനത്തിനും എത്രത്തോളം അധിക പ്രീമിയം ഈടാക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ദീർഘകാല വാഹന ഇൻഷുറൻസ് പോളിസികളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഒറ്റത്തവണ പ്രീമിയം അടച്ച് കാറുകൾക്ക് നാല് വർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന രീതിയാണ് ആലോചിക്കുന്നത്.
എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കേണ്ട സാഹചര്യം ഒഴിവാക്കാനും വാഹനങ്ങൾക്ക് തുടർച്ചയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളുടെ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയം നിരക്കുകളിലും മാറ്റം വരുത്തുന്നത് സർക്കാർ പരിശോധിക്കുന്നുണ്ട്.
വാഹന ഉടമകളെ ബാധിക്കുന്ന മറ്റൊരു പ്രധാന നിർദേശമാണ് ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’. സാധുവായ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് തടയുന്നതിനുള്ള പരീക്ഷണ പദ്ധതി ആരംഭിക്കാനാണ് നിർദേശം. ഹരിയാനയിലും ഉത്തർപ്രദേശിലുമായി അഞ്ച് പെട്രോൾ പമ്പുകൾ വീതം ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് സുപ്രീംകോടതി റോഡ് സുരക്ഷാ സമിതി റോഡ് ഗതാഗത മന്ത്രാലയത്തോടും പെട്രോളിയം മന്ത്രാലയത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിക്കും. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ് ഇൻഷുറൻസ് വിവരങ്ങൾ പരിശോധിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പദ്ധതി വ്യാപകമാക്കിയാൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാകും.
രാജ്യത്ത് നിലവിൽ ഏകദേശം 25 കോടി സജീവ വാഹനങ്ങൾക്ക് മാത്രമാണ് സാധുവായ ഇൻഷുറൻസ് പരിരക്ഷയുള്ളത്. നിരത്തുകളിലുള്ള മൊത്തം വാഹനങ്ങളുടെ ഏകദേശം 81 ശതമാനമാണിത്. വാഹനങ്ങളുടെ വിഭാഗമനുസരിച്ച് ഇൻഷുറൻസ് പരിരക്ഷയിലും വലിയ വ്യത്യാസമുണ്ട്. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ: 90 ശതമാനത്തിലധികം, കാറുകൾ: ഏകദേശം 88 ശതമാനം, ഇരുചക്രവാഹനങ്ങൾ: ഏകദേശം 80 ശതമാനം, മുച്ചക്രവാഹനങ്ങൾ: ഏകദേശം 57 ശതമാനം. അതായത്, രാജ്യത്തെ ദശലക്ഷക്കണക്കിന് വാഹനങ്ങൾ ഇപ്പോഴും നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണ് നിരത്തുകളിൽ ഓടുന്നത്.
മോട്ടോർ വാഹന നിയമപ്രകാരം തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. വാഹനാപകടങ്ങളിൽ മറ്റുള്ളവർക്ക് സംഭവിക്കുന്ന പരിക്കുകൾ, മരണം, വസ്തുനാശം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾക്ക് പരിരക്ഷ നൽകുന്നതാണ് ഇത്. ഇൻഷുറൻസില്ലാത്ത വാഹനം അപകടത്തിൽപ്പെട്ടാൽ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകാം. ഈ സാഹചര്യം ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ നിർദേശങ്ങൾ പരിഗണിക്കുന്നത്.
അതേസമയം, ഇവയെല്ലാം നിലവിൽ പരിഗണനയിലുള്ള നിർദേശങ്ങളാണ്. രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള അന്തിമ തീരുമാനമോ സമയക്രമമോ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
English Summary
The Central Government is considering significant changes that could directly impact car and bike owners. The proposals include increasing vehicle insurance premiums for those who violate traffic rules and restricting fuel supplies at petrol pumps to vehicles without valid insurance coverage. These measures are part of the government's efforts to reduce the number of uninsured vehicles on Indian roads and make vehicle insurance regulations more stringent.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



