ബിഎസ്എൻഎൽ തങ്ങളുടെ പുതിയ വരിക്കാർക്കായി ഫ്രീഡം 2 എന്ന ആകർഷകമായ ഓഫർ വീണ്ടും അവതരിപ്പിച്ചു. വെറും 1 രൂപയ്ക്ക് ലഭിക്കുന്ന ഈ ഫസ്റ്റ് റീചാർജ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൗജന്യ സിം കണക്ഷനൊപ്പം മൊബൈൽ സേവനങ്ങളും ലഭ്യമാകും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റിൽ തുടങ്ങിയ ഈ ഓഫറിന്റെ കാലാവധി ബിഎസ്എൻഎൽ ഇപ്പോൾ 2026 ഒക്ടോബർ 12 വരെ നീട്ടിയിട്ടുണ്ട്.
കൈനിറയെ ഡേറ്റ
ഈ ഓഫറിലൂടെ വെറും 1 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 1 ജിബി അതിവേഗ ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. കാലാവധി മുഴുവൻ ഉപയോഗിക്കുകയാണെങ്കിൽ മൊത്തം 24 ജിബി ഡാറ്റയും 2,400 എസ്എംഎസുകളും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.
ഓഫ്ഫർ ആദ്യ റീചാർജിൽ
ഈ ഓഫർ നിലവിലുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സാധാരണ റീചാർജ് ആയി ഉപയോഗിക്കാൻ സാധിക്കില്ല. പുതിയതായി ബിഎസ്എൻഎൽ സിം എടുക്കുന്നവർക്ക് മാത്രമാണ് ഇത് ലഭ്യമാകുന്നത്. ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുകൾ വഴിയോ അംഗീകൃത റീട്ടെയ്ലർമാർ വഴിയോ പുതിയ സിം കണക്ഷൻ എടുക്കുമ്പോൾ ആദ്യ റീചാർജായി ഈ ഓഫർ തിരഞ്ഞെടുക്കാവുന്നതാണ്.
സാധാരണക്കാരന് ഇഷ്ട്ടം ബി എസ് എൻ എൽ
സ്വകാര്യ ടെലികോം കമ്പനികൾ തങ്ങളുടെ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടിയതാണ് ആളുകൾ വീണ്ടും ബിഎസ്എൻഎല്ലിലേക്ക് മാറാനുള്ള പ്രധാന കാരണം. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുടെ പ്ലാനുകൾക്ക് വില കൂടിയപ്പോൾ, വളരെ തുച്ഛമായ നിരക്കിൽ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറി. കുറഞ്ഞ ചിലവിൽ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ ഓഫറുകൾ ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോൾ നൽകുന്നത്.
കൂടാതെ, കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെ ബിഎസ്എൻഎൽ തങ്ങളുടെ നെറ്റ്വർക്ക് സേവനങ്ങൾ രാജ്യത്തുടനീളം അതിവേഗം മെച്ചപ്പെടുത്തി വരികയാണ്. സ്വദേശി സാങ്കേതികവിദ്യ ഉപയോഗിച്ച് 4ജി നെറ്റ്വർക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം ഗ്രാമീണ മേഖലകളിൽ മികച്ച നെറ്റ്വർക്ക് കവറേജും ബിഎസ്എൻഎൽ ഉറപ്പുനൽകുന്നു. സ്വകാര്യ കമ്പനികളുടെ വിലവർദ്ധനവും ബിഎസ്എൻഎല്ലിന്റെ മെച്ചപ്പെട്ട പുതിയ സേവനങ്ങളും വ്യാജ ചാർജുകളില്ലാത്ത സുതാര്യമായ രീതിയുമാണ് ആളുകളെ വീണ്ടും ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നത്.





