കൊച്ചി: കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച പുതിയ ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 30ന് ഉച്ചയ്ക്ക് 12ന് നടക്കും. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം നിര്‍വഹിക്കും.
കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് ആതുരശുശ്രൂഷാ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1971ലെ സഹകരണ നിയമപ്രകാരമാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്.
കാര്‍ഡിയോളജി, ഓങ്കോളജി, ഗ്യാസ്ട്രോഎന്ററോളജി, ജനറല്‍ മെഡിസിന്, ന്യൂറോളജി, യൂറോളജി, ഇ.എന്‍.ടി., ഓര്‍ത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന് പുറമേ ഫാര്‍മസി, ലബോറട്ടറി, എം.ആര്.ഐ., സി.ടി. സ്കാന്‍, അള്‍ട്രാസൗണ്ട്, എക്സ്-റേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഹൃദയചികിത്സയിലും കുറഞ്ഞ ചെലവിലുള്ള സേവനങ്ങളിലും ശ്രദ്ധേയമായ നേട്ടം
ഹൃദ്രോഗ ചികിത്സാരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് പകരമായി കീഹോള്‍ ശസ്ത്രക്രിയയും ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുറഞ്ഞ ചെലവിലുള്ള കാന്‍സര്‍ ചികിത്സ, വിവിധ ശസ്ത്രക്രിയകള്‍, ഡയാലിസിസ് സേവനങ്ങള്‍ എന്നിവയും ആശുപത്രിയുടെ പ്രത്യേകതകളാണ്.
കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സൊസൈറ്റി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, എം.പിമാരായ ഹൈബി ഈഡന്, ബെന്നി ബെഹന്നാന്, ജെബി മേത്തര്‍ ഹിഷാം, കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, എം.എല്‍.എമാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ് എന്നിവര്‍ പങ്കെടുക്കും.
സൊസൈറ്റി ഡയറക്ടര്‍മാരായ അഗസ്റ്റസ് സിറില്‍, ടി.എച്ച്. റഷീദ്, ആലപ്പാട്ട് മുരളീധരന്, ഡോ. ഹസീന മുഹമ്മദ്, ഇക്ബാല്‍ വലിയവീട്ടില്‍, ഇന്ദിരാഭായ് പ്രസാദ്, എന്‍.എ. അബ്രഹാം, പി.ഡി. അശോകന്, കെ.പി. വിജയകുമാര്‍ എന്നിവരും മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്തും ചടങ്ങില്‍ പങ്കെടുക്കും.
ആശുപത്രി സഹകരണ സംഘം പ്രസിഡന്റ് എം.ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



