ജോർജ് എം ജോർജ്
മാനേജിംഗ് ഡയറക്ടർ, സന്താരി റിസോർട്ട്സ്
കൺവീനർ, സിഐഐ കേരള ടൂറിസം പാനൽ 2026-27
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…

കേരളം ഇതിനകം തന്നെ സുസ്ഥിര ടൂറിസത്തിൽ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാൽ, ‘റെസ്പോൺസിബിൾ ടൂറിസം’ പദ്ധതികൾ താഴെത്തട്ടിലേക്ക് കൂടുതലായി വ്യാപിപ്പിക്കേണ്ടതുണ്ട്. വിനോദസഞ്ചാരത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഈ ടൂറിസം മോഡലിന്റെ ലക്ഷ്യം സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ ഉണ്ടാകുന്ന ദോഷകരമായ സ്വാധീനങ്ങളെ പരമാവധി കുറയ്ക്കുക എന്നതാണ്. പാരിസ്ഥിതികവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലൂടെ മാത്രമേ ടൂറിസത്തിന്റെ വളർച്ച ജനങ്ങളുടെ വളർച്ചയായി മാറ്റാൻ സാധിക്കൂ. പ്രാദേശിക ജനങ്ങൾക്ക് നേരിട്ട് തൊഴിലും സ്ഥിരവരുമാനവും ഉറപ്പാക്കാൻ ഇത് സഹായിക്കും.
സഞ്ചാരികൾ ഇന്ന് ആഡംബര യാത്രകളേക്കാൾ പ്രാദേശിക ജീവിതത്തെയും സംസ്കാരത്തെയും അടുത്തറിയാനുള്ള അനുഭവങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഗ്രാമങ്ങളുടെ തനത് ജീവിതശൈലി, കാർഷിക പാരമ്പര്യം, നാട്ടുഭക്ഷണ സംസ്കാരം, കലാരൂപങ്ങൾ, ഉത്സവങ്ങൾ എന്നിവയെ അനുഭവപരിചയാധിഷ്ഠിത ടൂറിസം ഉൽപ്പന്നങ്ങളാക്കി മാറ്റി ആഗോളതലത്തിലും രാജ്യത്തിനകത്തും ശക്തമായി ബ്രാൻഡ് ചെയ്യേണ്ട സമയമാണിത്.
ടൂറിസം മേഖലയിൽ പുതുമയാർന്ന ആശയങ്ങളുമായി എത്തുന്ന യുവ സംരംഭകരെയും സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ഇവർക്ക് കൂടുതൽ സാമ്പത്തിക പിന്തുണയും, എളുപ്പത്തിൽ ബിസിനസ്സ് തുടങ്ങാനുള്ള സിംഗിൾ വിൻഡോ ക്ലിയറൻസും, പ്രത്യേക പരിശീലനവും നൽകി ഈ മേഖലയിലേക്ക് ആകർഷിക്കണം. അന്തർദേശീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും സർക്കാരിന്റെ നയപരമായ പിന്തുണയും ഒരുപോലെ അനിവാര്യമാണ്.
പരമ്പരാഗത ആഡംബര സങ്കൽപ്പങ്ങളിൽ നിന്ന് മാറി ഗ്രാമീണ-ഉത്തരവാദിത്ത ടൂറിസത്തിനും, ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾക്കും മുൻഗണന നൽകുന്ന ഒരു പുതിയ വിനോദസഞ്ചാര സംസ്കാരം ഇവിടെ രൂപപ്പെടേണ്ടതുണ്ട്. സർക്കാരും സ്വകാര്യ മേഖലയും കൈകോർക്കുമ്പോൾ, അത് കേരള ടൂറിസത്തിന്റെ പുനരുജ്ജീവനത്തിന് മാത്രമല്ല, പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വലിയൊരു കുതിച്ചുചാട്ടത്തിന് കൂടിയാകും വഴിതുറക്കുക.





