അജു ജേക്കബ്
എംഡി, സിന്തൈറ്റ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
തന്ത്രപ്രധാന നേട്ടങ്ങളെ അനുകൂലമാക്കിക്കൊണ്ട് എല്ലാവരെയും ഉള്‍ക്കൊളളുന്ന, ഫ്യച്ചര്‍-റെഡി ആയിട്ടുള്ള ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനായിരിക്കണം കേരളം ഊന്നല്‍ നല്‍കേണ്ടത്. നിക്ഷേപസൗഹൃദ നയങ്ങള്‍ ശക്തിപ്പെടുത്തല്‍, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തല്‍, കണ്ടുപിടിത്തങ്ങളില്‍ അധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കല്‍, ഉന്നത നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. അതേസമയം തന്നെ സര്‍ക്കാര്‍, സ്വകാര്യമേഖലയുടെ മികച്ച പങ്കാളിത്തവും ഭാവി സാങ്കതികവിദ്യകളിലെ നിക്ഷേപവും പ്രതിഭകളെ ഇവിടെത്തന്നെ നിലനിര്‍ത്തിക്കൊണ്ട്, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുന്ന, ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിവുള്ള മേഖലകളുടെ വികാസവും ഉറപ്പാക്കുകയും ചെയ്യണം.

ഷിപ്പിംഗ്, വെയര്‍ഹൗസിംഗ്, EXIM മേഖലകളെയും ആഗോള വ്യാപാര സേവന കമ്പനികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ്ണ വ്യാപാര, ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയായി മാറ്റിക്കൊണ്ട് തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാകണം സര്‍ക്കാര്‍ അടിയന്തരശ്രദ്ധ നല്‍കേണ്ടത്. സമാന്തരമായി ആരോഗ്യപരിചരണം, ടൂറിസം, ആയുര്‍വേദം എന്നീ മേഖലകളെ ഏകോപിപ്പിച്ച് ഏകീകൃത മെഡിക്കല്‍ വാല്യൂ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള വികസന പദ്ധതികള്‍ കൊണ്ടുവരണം. ഒപ്പം പ്രോദേശിക സ്രോതസ്സുകളില്‍ നിന്നും ഉയര്‍ന്ന മൂല്യം ലഭിക്കത്തക്കവിധം സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കൃഷി, ഭക്ഷ്യസംസ്കരണം എന്നിവയ്ക്കും പ്രോത്സാഹനം നല്‍കണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബയോടെക്നോളജി, സിന്തറ്റിക് ബയോളജി, ഡീപ്-ടെക്ക് ഇന്നവേഷന്‍ എന്നിങ്ങനെയുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ചായിരിക്കണം കൂടുതല്‍ നിക്ഷേപവും നടക്കേണ്ടത്. മികവിന്റെ കേന്ദ്രങ്ങള്‍ (Centres of Excellence -CoE) വികസിപ്പിക്കുന്നതും ഗവേഷണ-വ്യവസായ മേഖലകളുടെ സഹകരണം ശക്തിപ്പെടുത്തുന്നതും വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ കെട്ടിപ്പടുക്കുന്നതും ഭാവിസാധ്യതകളുള്ള വ്യവസായമേഖലകളില്‍ മുന്നിലെത്താന്‍ കേരളത്തിന് സഹായകമാകും. ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, ഏത് കാലാവസ്ഥയിലും പിടിച്ചുനില്‍ക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയിലുള്ള നിക്ഷേപം ദീര്‍ഘകാല സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടാകും.
സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമേഖലയെ ആധുനികവല്‍ക്കരിക്കുകയും മൂല്യവര്‍ദ്ധിത ഭക്ഷ്യ സംസ്കരണവും സുസ്ഥിര ചേരുവകളുടെ കണ്ടുപിടിത്തവും വ്യവസായ-അക്കാദമിക മേഖലകളുടെ സഹകരണവുമാണ് ഭക്ഷ്യരംഗത്ത് മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍.





