ഫ്ലെമി എബ്രഹാം
ഡയറക്ടർ, നാഷണൽ സ്കിൽ അക്കാഡമി
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിലെ സാങ്കേതികവിദ്യാ മേഖലകൾക്ക് വലിയ സാധ്യതകളാണുള്ളത്. സംസ്ഥാനത്തെ എൻജിനീയർമാരുടെ കഴിവും മികവും ഇതിനോടകം തന്നെ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. പ്രത്യേകിച്ച്, കേരളത്തിന്റെ മികച്ച വിദ്യാഭ്യാസ നിലവാരമാണ് വിദേശ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിൽ ഉയർന്ന ഉത്തരവാദിത്തമുള്ള പദവികളിലേക്ക് മലയാളി പ്രൊഫഷണലുകൾ എത്തുന്നതിന് പ്രധാന കാരണം.

ഈ വിദ്യാഭ്യാസ മികവും മനുഷ്യവിഭവശേഷിയും കേരളത്തിന്റെ സാങ്കേതികവിദ്യാ മേഖലയിലേക്ക് കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ, ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള ഒരു സാങ്കേതികവിദ്യാ കേന്ദ്രമായി കേരളത്തിന് മാറാൻ സാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയും. മറ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നതിന് പകരം ദൈനംദിന ആവശ്യങ്ങളിൽ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ മികച്ച നേട്ടം കൈവരിക്കാനാകും.
കേരളത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന യുവതലമുറയുടെ കഴിവുകളും ആശയങ്ങളും ഇന്ന് വലിയൊരളവിൽ വിദേശ രാജ്യങ്ങളിലെ കമ്പനികൾക്കാണ് പ്രയോജനപ്പെടുന്നത്. ഈ കഴിവുകളെ കേരളത്തിൽ തന്നെ നിലനിർത്താനും ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റാനും ആവശ്യമായ പ്ലാറ്റ്ഫോമുകൾ ഇവിടെ സൃഷ്ടിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ മികവിനൊപ്പം സാങ്കേതികവിദ്യയും നൂതനാശയങ്ങളും സംയോജിപ്പിക്കുകയാണ് വേണ്ടത്.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് അതിന്റെ പ്രകൃതിയും പരിസ്ഥിതിയുമാണ്. പച്ചപ്പും പ്രകൃതിസൗന്ദര്യവും സംരക്ഷിക്കുന്നതിനൊപ്പം ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കണം. ജലസമ്പത്തിലും കേരളത്തിന് വലിയ സാധ്യതകളുണ്ട്. അതേസമയം, ഹരിതോർജ മേഖലയിൽ കൂടുതൽ മുന്നേറ്റം ആവശ്യമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപിതമായ ഇടപെടൽ അനിവാര്യമാണ്.
കേരളം ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബ്രാൻഡുകളെയും ഉത്പന്നങ്ങളെയും വലിയ തോതിൽ ആശ്രയിക്കുന്നു. ഇതിന് പകരമായി പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യമായ ഉത്പന്നങ്ങൾ കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ശക്തമായ ഒരു തദ്ദേശീയ ഉത്പാദന ആവാസവ്യവസ്ഥ വികസിപ്പിക്കണം. ഇത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും.





