ചൈനയിലെ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ അവിടെയുള്ള ചെറുകിട, പ്രാദേശിക ബാങ്കുകളെ വലിയ ബാങ്കുകളുമായി ലയിപ്പിക്കുന്ന നടപടികൾ ചൈനീസ് സർക്കാർ വേഗത്തിലാക്കുകയാണ്. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകർച്ചയും പ്രാദേശിക സർക്കാരുകളുടെ കടബാധ്യതയുമാണ് ചെറുകിട ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്. ഇത്തരം പ്രതിസന്ധികൾ കാരണം ബാങ്കുകൾ തകരുന്നത് തടയാനും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ സുരക്ഷിതമാക്കാനുമാണ് സർക്കാർ ഈ ലയന പ്രക്രിയയ്ക്ക് മുൻഗണന നൽകുന്നത്.
ഗവേഷണ റിപ്പോർട്ട്
റോഡിയം ഗ്രൂപ്പ് പുറത്തുവിട്ട ദി ബാങ്ക്സ് ബിഹൈൻഡ് ദി ചൈന ഷോക്ക് എന്ന ഗവേഷണ റിപ്പോർട്ടിൽ പല ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.
ലോകവ്യാപാര സംഘടനയിൽ ചേർന്നപ്പോൾ വാഗ്ദാനം ചെയ്തതുപോലെ ബാങ്കിംഗ് മേഖലയിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിൽ ചൈന പരാജയപ്പെട്ടുവെന്നാണ് റോഡിയം ഗ്രൂപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ചൈനയിലെ പ്രമുഖ വലിയ ബാങ്കുകളിൽ ഭൂരിഭാഗവും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. വാണിജ്യപരമായ ലാഭനഷ്ടങ്ങൾ നോക്കുന്നതിന് പകരം ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഈ ബാങ്കുകൾ വായ്പകൾ നൽകുന്നത്. സർക്കാരിന്റെ പിന്തുണയുള്ള മുൻഗണനാ മേഖലകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും വലിയ തോതിൽ കുറഞ്ഞ പലിശയിൽ വായ്പ നൽകാൻ ഭരണകൂടം ബാങ്കുകളെ ഒരു ഉപകരണമായി ഉപയോഗിച്ചിരുന്നു .
ഇത്തരത്തിൽ വൻതോതിൽ ബാങ്ക് വായ്പകൾ ലഭ്യമാക്കി നിർമ്മാണ മേഖലകളിൽ അമിതമായ ഉൽപ്പാദനം നടത്തുന്നത് ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്കും ആഗോള വിപണിക്കും വലിയ വെല്ലുവിളിയാകുന്നുണ്ട്. പ്രാദേശികമായ ഉപഭോഗം വർദ്ധിപ്പിക്കുന്നതിന് പകരം ഉൽപ്പാദനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചൈനയിലെ സാമ്പത്തിക വ്യവസ്ഥയിൽ തകരാറുകൾ സൃഷ്ടിക്കുന്നു. വൻതോതിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിലേക്ക് കയറ്റി അയക്കുന്നത് മറ്റ് വിദേശ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വ്യാപാര പങ്കാളികളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ചൈന ഷോക്ക് ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമ്പത്തിക വ്യവസ്ഥക്ക് പുതുജീവൻ
ചൈനയിലെ സാമ്പത്തിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികൾ മറികടക്കാൻ അവിടുത്തെ 670-ഓളം ചെറുകിട-ഗ്രാമീണ ബാങ്കുകളെ അടച്ചുപൂട്ടുകയോ വലിയ ബാങ്കുകളുമായി ലയിപ്പിക്കുകയോ ചെയ്യുകയാണ് ചൈനീസ് സർക്കാർ. റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകർച്ചയും, വ്യാപാരികൾക്ക് നൽകിയ വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്തതും കാരണം ഈ ബാങ്കുകളിൽ വലിയ തോതിൽ കിട്ടാക്കടം കുന്നുകൂടിയിരുന്നു. ഇത്തരത്തിൽ സാമ്പത്തികമായി തകർച്ചയുടെ വക്കിലെത്തിയ ദുർബലമായ പ്രാദേശിക ബാങ്കുകളെ ഇല്ലാതാക്കി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരാതെ സംരക്ഷിക്കാനാണ് സർക്കാർ ഈ കടുത്ത നടപടി സ്വീകരിച്ചത്.
ക്രിപ്റ്റോ കറൻസി ചാകര
പരമ്പരാഗത ബാങ്കിംഗ് ശൃംഖലയിലുണ്ടാകുന്ന ഈ സാമ്പത്തിക അസ്ഥിരതയും ബാങ്കുകളിലുള്ള ഭയവും ജനങ്ങളെ വികേന്ദ്രീകൃത നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചേക്കാം എന്ന അഭിപ്രായനഗലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. ചൈനയിൽ ക്രിപ്റ്റോ ഇടപാടുകൾക്ക് കർശന നിരോധനമുണ്ടെങ്കിലും, ബാങ്കിംഗ് മേഖലയിലെ തകർച്ച കാരണം മൂല്യചോർച്ച വരാത്ത ഒരു സുരക്ഷിത നിക്ഷേപ മാർഗ്ഗം എന്ന നിലയിൽ ബിറ്റ്കോയിനിലേക്ക് ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാധ്യത വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
വിശ്വാസ്യത
ഗ്രാമീണ മേഖലകളിലെ ചെറിയ ബാങ്കുകളെ പ്രവിശ്യാതലത്തിലുള്ള വലിയ ബാങ്കുകളുടെ ശൃംഖലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിലൂടെ ബാങ്കിംഗ് മേഖലയിൽ പൊതുജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചെറിയ ബാങ്കുകൾ തകരുന്നത് തടയാൻ ഇത് സഹായിക്കുമെങ്കിലും, രാജ്യത്തെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയും സാമ്പത്തിക മന്ദഗതിയും പരിഹരിക്കാൻ കൂടുതൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഈ ലയന നടപടികൾ മാത്രം കൊണ്ട് ചൈനയുടെ സാമ്പത്തിക മന്ദഗതി പൂർണ്ണമായി പരിഹരിക്കാൻ സാധിക്കില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചെറിയ ബാങ്കുകളെ ലയിപ്പിക്കുന്നത് സാമ്പത്തിക തകർച്ചയുടെ അടിയന്തര ഭീഷണി ഒഴിവാക്കുമെങ്കിലും, ഉപഭോഗം വർദ്ധിപ്പിക്കാനും റിയൽ എസ്റ്റേറ്റ് വിപണിയെ പുനരുജ്ജീവിപ്പിക്കാനും കൂടുതൽ സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങൾ അത്യാവശ്യമാണ്. ചുരുക്കത്തിൽ, ചൈനീസ് സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഒരു പ്രധാന മുൻകരുതൽ നടപടിയായാണ് ഈ ബാങ്ക് ലയനങ്ങളെ ലോകം വീക്ഷിക്കുന്നത്.





