എംപി ചന്ദ്രൻ
ചെയർമാൻ, നാഷണൽ സ്കിൽ അക്കാദമി
ചെയർമാൻ, ജെജി ഇന്റർനാഷണൽ സ്കൂൾ, അഹമ്മദാബാദ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ അടിയന്തിരമായി വ്യവസായങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കണം. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വ്യവസായം എന്നിവയ്ക്കൊപ്പം കായിക മേഖലയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ മാതൃക നടപ്പിലാക്കണം. പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽ പരിചയവും ഉറപ്പാക്കുന്ന ‘3 മണിക്കൂർ ക്ലാസ്റൂം പഠനം, 2 മണിക്കൂർ വ്യവസായ പരിശീലനം’ എന്ന മാതൃക നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമാകണം. കേരളത്തിൽ നിലവിൽ മതിയായ വ്യവസായങ്ങൾ ഇല്ലാത്തത് ഈ വിപ്ലവകരമായ മാറ്റത്തിന് വലിയ തടസ്സമാണ്. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ആവശ്യമായ വ്യവസായ ഇടങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടാത്ത പക്ഷം, നമ്മുടെ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ പൂർണ്ണമാകില്ല.

കേരളത്തിൽ മലിനീകരണമില്ലാത്ത വ്യവസായങ്ങൾ അതിവേഗം വളർന്നുവരേണ്ടതിന് പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ടുതന്നെ വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ കഴിയുന്ന ‘ഗ്രീൻ ഇൻഡസ്ട്രി’ മാതൃക പിന്തുടരണം. സെമികണ്ടക്ടർ & സാങ്കേതിക വ്യവസായങ്ങൾ, പനരുപയോഗ ഊർജ്ജം, ലോജിസ്റ്റിക്സ് & പോർട്ട് അധിഷ്ഠിത വികസനം എന്നിവയെല്ലാം നിക്ഷേപം അനിവാര്യമായ മേഖലകളാണ്. ഈ മേഖലകൾ വളരുന്നതോടെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനും യുവാക്കൾക്ക് തൊഴിലിനും മുതിർന്ന പൗരന്മാർക്ക് അവരുടെ സേവനം നൽകുന്നതിനും മതിയായ അവസരങ്ങൾ സംജാതമാകും.
കേരളത്തിലെ 60 വയസ്സിന് മുകളിലുള്ളവരുടെ നൈപുണ്യവും അനുഭവസമ്പത്തും സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നത് കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്ന ഒരു ‘Differentiator’ ആയി മാറും.
വിരമിച്ചവരുടെ വൈദഗ്ധ്യം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കണം. അവരെ ‘Contributing Citizens’ ആയി മാറ്റുന്നതിലൂടെ സാമൂഹികമായും സാമ്പത്തികമായും വലിയ ആഘാതം സൃഷ്ടിക്കാൻ നമുക്ക് സാധിക്കും.
വികസനം കൊച്ചിയിലോ തിരുവനന്തപുരത്തോ മാത്രം കേന്ദ്രീകരിക്കുന്ന ശൈലി മാറണം. കേരളത്തിന്റെ പ്രത്യേകത എന്നത് ഇവിടെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ വ്യക്തമായ വേർതിരിവില്ലാത്ത ‘റർബൻ’ (Rural-Urban continuum) അവസ്ഥയാണ്. ഓരോ ഗ്രാമവും യഥാർത്ഥത്തിൽ നഗരത്തിന്റെ ഭാഗമാണ്. ഈ സവിശേഷതയെ വികേന്ദ്രീകൃത വികസനത്തിനായി നാം ഉപയോഗപ്പെടുത്തണം. കേരളത്തിലെ പ്രതിഭകൾ പുറത്തേക്ക് പോകുന്നത് ഇവിടെ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. സ്വന്തം കഴിവ് പ്രയോഗിക്കാൻ നാട്ടിൽ ഇടമില്ല എന്ന അവസ്ഥ പരിഹരിക്കാൻ ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (GCC) പോലുള്ള ആധുനിക തൊഴിലിടങ്ങൾ നാം പ്രോത്സാഹിപ്പിക്കണം.





