എ വി അനൂപ്
മാനേജിംഗ് ഡയറക്റ്റർ , AVA ഗ്രൂപ്പ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
കേരളം നേരിടുന്ന പ്രധാന പ്രശ്നനങ്ങളിൽ ഒന്നാണ് ബ്രെയിൻ ഡ്രെയിൻ. ഇത് വെറുമൊരു സാമൂഹിക പ്രശ്നമല്ല, മറിച്ച് വിദ്യാഭ്യാസത്തിനപ്പുറം, വ്യക്തിസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വകാര്യത എന്നിവ വാഗ്ദാനം ചെയ്യുന്ന ആധുനിക ആവാസവ്യവസ്ഥകളുടെ അഭാവമാണ് ഇത്തരത്തിൽ ബൗദ്ധിക മൂലധനത്തെ നാടുകടത്തുന്നത്.

ഇന്റർനാഷണൽ നിലവാരത്തിലുള്ള വിദ്യാഭ്യാസം, തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും.സ്വകാര്യതയോടുള്ള താല്പര്യം എന്നിവയാണ് യുവജനങ്ങളുടെ കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ഇത്തരത്തിൽ വിദേശത്തേക്ക് പോകുന്ന ജനങ്ങൾ മടങ്ങിവരാൻ വിമുഖത കാണിക്കുന്നത് ‘ഫാമിലി ബിസിനസ്’ രംഗത്തെ ഭീഷണിയിലാക്കുന്നു. ഒരിക്കൽ ഡൽഹിയിൽ നടന്ന പ്രവാസി ബിസിനസ് മീറ്റിൽ, തങ്ങളുടെ സംരംഭങ്ങൾ ഏറ്റെടുക്കാൻ മക്കൾ തയ്യാറാണോ എന്ന ചോദ്യത്തിന് ഒരാൾ പോലും കൈ ഉയർത്താതിരുന്നത് ഈ രംഗത്ത് ഗൗരവകരമായ സൂചനയാണ് നൽകുന്നത്.
ബ്രെയിൻ ഡ്രെയിൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അതോടൊപ്പം ട്രാഫിക് കുരുക്കും മാലിന്യ പ്രശ്നങ്ങളും പരിഹരിച്ച് കേരളത്തെ ‘ലിവബിൾ’ ആക്കാതെ, വിദേശ നിക്ഷേപങ്ങൾ കൊണ്ട് മാത്രം ബിസിനസ് സുസ്ഥിരത, വികസനം എന്നിവ ഉറപ്പാക്കാനാവില്ല.
തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ സാധ്യതകൾ
കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയും വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതികൾ വേഗത്തിലാക്കുകയും വേണം. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ കേരളം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതോടൊപ്പം കൃഷി, ടൂറിസം, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങൾക്ക് എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം.
സമാനമായ രീതിയിൽ യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുകയും വേണം. ലോകമെമ്പാടുമുള്ള മലയാളികളുടെ നിക്ഷേപവും കേരളത്തിന്റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.
ആഗോള ജീവിതനിലവാരത്തിലും നൂതനത്വത്തിലും ഒന്നാമതാകുന്ന ഒരു നവകേരളമാണ് നമുക്ക് ആവശ്യം. സാമൂഹിക മാറ്റവും അടിസ്ഥാനസൗകര്യ വികസനവും ഒത്തുചേരുമ്പോൾ മാത്രമേ കേരളം യഥാർത്ഥ വികസനത്തിലേക്ക് കുതിക്കുകയുള്ളൂ.





