സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,710 രൂപയായി ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് ആനുപാതികമായി 480 രൂപ കുറഞ്ഞ്, 1,09,680 രൂപയായി വിപണിവില. ഇന്നലെ രാവിലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 880 രൂപ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സ്വർണത്തിന്റെ വില ഇന്ന് വീണ്ടും കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും, ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് ഇന്ന് വിപണിയിൽ.
ആഗോള വിപണിയിലെ സ്വർണവിലയിലെ ചലനങ്ങളാണ് കേരളത്തിലെ വിലയിടിവിന് പ്രധാന കാരണം. അമേരിക്കൻ ഡോളറിന്റെ ശക്തി, യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിലെ മാറ്റം, പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ താൽപര്യത്തിലുണ്ടാകുന്ന മാറ്റവും വിലയെ ബാധിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വേഗത്തിൽ ഉയർന്ന സ്വർണവിലയിൽ നിക്ഷേപകർ ലാഭമെടുക്കുന്നതും വിലയിൽ താൽക്കാലിക തിരുത്തലിന് കാരണമാകാം. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ആഗോള സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്നുണ്ട്.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് ഡിസംബർ 23നാണ്.





