ഡോ . എസ് ജീവൻ
ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, സമുദ്ര ഷിപ്പ്യാർഡ്
കേരളത്തിന്റെ സുസ്ഥിര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘ബ്രാന്‍ഡ് കേരളം കോണ്‍ക്ലേവി’ന് 2026 ഒക്ടോബര്‍ 15 ന് തിരുവനന്തപുരം ഒ ബൈ താമര വേദിയാകും. ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സമ്മിറ്റിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ സംരംഭകരും വ്യക്തികളും സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പ്രോഫിറ്റ് ന്യൂസിലൂടെ സര്‍ക്കാരുമായി പങ്കുവെക്കുന്നു…
കേരളത്തിന്റെ അടുത്ത ഘട്ട വികസനം നമ്മുടെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കിയാകണം. ഉപഭോഗാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉൽപ്പാദനം, നവീകരണം, സംരംഭകത്വം എന്നിവയെ കേന്ദ്രീകരിച്ചുള്ള സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇന്ന് ആവശ്യമായത്. കേരളത്തിന് ഏറ്റവും വലിയ സാധ്യതകളുള്ള മേഖലകളിലൊന്നാണ് നീലസമ്പദ്വ്യവസ്ഥ (Blue Economy). കടൽത്തീരം, കായലുകൾ, നദികൾ, ജലഗതാഗത പാതകൾ, വിദഗ്ധ തൊഴിലാളികൾ, ശക്തമായ ടൂറിസം മേഖല എന്നിവ കേരളത്തിന് ഈ രംഗത്ത് വലിയ മുൻതൂക്കം നൽകുന്നു.

സംരംഭകർക്ക് അനുമതികളും ലൈസൻസുകളും ലഭ്യമാക്കുന്ന നടപടിക്രമങ്ങൾ കൂടുതൽ ലളിതവും സമയബന്ധിതവുമാക്കണം. വ്യവസായം ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കാൻ യഥാർഥ ഏകജാലക സംവിധാനം കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ട്. ബോട്ട് നിർമ്മാണം, മത്സ്യബന്ധനം, ഭക്ഷ്യസംസ്കരണം, ആയുർവേദം, ടൂറിസം, മാലിന്യസംസ്കരണം തുടങ്ങിയ പരമ്പരാഗത മേഖലകളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചാൽ ആഗോളതലത്തിൽ മത്സരക്ഷമമാക്കാൻ കഴിയും.
കേരളത്തിന്റെ വികസന മുൻഗണനാ മേഖലകളിൽ സമുദ്രവ്യവസായം, മത്സ്യമേഖല, ടൂറിസം, ഉൾനാടൻ ജലഗതാഗതം, നൈപുണ്യ വികസനം, മാലിന്യസംസ്കരണം, MSME മേഖല, ആധുനിക നിർമ്മാണ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടണം. പ്രത്യേകിച്ച് ബോട്ട് നിർമ്മാണം, മത്സ്യസംസ്കരണം, കോൾഡ് ചെയിൻ ശൃംഖല, മറൈൻ ടൂറിസം, ഇലക്ട്രിക് ബോട്ടുകൾ, ക്രൂയിസ് ടൂറിസം, സുരക്ഷിത ജലഗതാഗത സംവിധാനം എന്നിവ കേരളത്തിന്റെ ഭാവി വളർച്ചയുടെ പ്രധാന ചാലകങ്ങളാകാൻ കഴിയും. കേരളം ഇന്ത്യയുടെ ബോട്ട് ബിൽഡിങ്, ഇൻലാൻഡ് വാട്ടർ മൊബിലിറ്റി ഹബ്ബായി മാറാനുള്ള എല്ലാ സാധ്യതകളും ഇന്ന് നിലനിൽക്കുന്നു.
ആലപ്പുഴ–അരൂർ–ചേർത്തല മേഖല കേരളത്തിന്റെ മറൈൻ വ്യവസായ തലസ്ഥാനമായി വളരാനുള്ള എല്ലാ സാധ്യതകളും ഉൾക്കൊള്ളുന്നു. ഈ മേഖലയെ കേന്ദ്രീകരിച്ച് കേരള മറൈൻ മാനുഫാക്ചറിങ് ആൻഡ് ബോട്ട് ബിൽഡിങ് ക്ലസ്റ്റർ രൂപീകരിക്കണം. ബോട്ട് നിർമ്മാതാക്കൾ, FRP ഉൽപ്പാദകർ, മറൈൻ ഉപകരണ വിതരണക്കാർ, ഡിസൈൻ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ടെസ്റ്റിങ്–സർട്ടിഫിക്കേഷൻ സൗകര്യങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരം ക്ലസ്റ്ററുകൾ കേരളത്തിന്റെ കയറ്റുമതി സാധ്യതകളും തൊഴിലവസരങ്ങളും വർധിപ്പിക്കും. ചെറുകിട ബോട്ട് നിർമ്മാതാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കേഷനും ഡിസൈൻ പിന്തുണയും ലഭ്യമാക്കുന്നതിനുള്ള പൊതുസൗകര്യ കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതുണ്ട്.
അതോടൊപ്പം, ആധുനിക ജെട്ടികൾ, ഇലക്ട്രിക് ഫെറി സർവീസുകൾ, വാട്ടർഫ്രണ്ട് ടൂറിസം സർക്യൂട്ടുകൾ, സുരക്ഷിത ബോട്ടിങ് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നത് റോഡ് ഗതാഗതത്തിന്റെ സമ്മർദ്ദം കുറയ്ക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മാലിന്യസംസ്കരണം, മലിനജല സംസ്കരണം, ശുദ്ധ ഊർജം, പരിസ്ഥിതി സംരക്ഷണം എന്നിവയും വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാകണം.
കേരളത്തിന്റെ വികസന മാതൃക മറ്റു സംസ്ഥാനങ്ങളെ അനുകരിക്കുന്നതാകരുത്.
പരിസ്ഥിതി സൗഹൃദ വ്യവസായം, ഉത്തരവാദിത്ത ടൂറിസം, ശുദ്ധ ഊർജം, ജലഗതാഗതം, നൈപുണ്യാധിഷ്ഠിത തൊഴിൽ, നീലസമ്പദ്വ്യവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയാണ് കേരളത്തിന്റെ പ്രത്യേകത. വെള്ളം, പ്രകൃതി, മനുഷ്യവിഭവശേഷി, ടൂറിസം, സംരംഭകത്വം എന്നീ നമ്മുടെ സ്വാഭാവിക ശക്തികളെ വികസനത്തിന്റെ കേന്ദ്രമാക്കിയാൽ ഇന്ത്യയിലെ ഏറ്റവും സുസ്ഥിരവും മത്സരക്ഷമവുമായ സംസ്ഥാനമായി കേരളത്തിന് മാറാൻ കഴിയും. അതാണ് യഥാർഥ അർഥത്തിൽ ‘ഒന്നാമതാകണം കേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള വഴി.





