എച്ച്.ഐ.വി പ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന നൂതന മരുന്നായ ലെനകാപവീറിന്റെ (Lenacapavir) കുറഞ്ഞ വിലയിലുള്ള ജനറിക് പതിപ്പുകൾ ഇന്ത്യയിൽ ലഭ്യമാകുന്നത് വൈകിയേക്കുമെന്ന് ആശങ്ക. മരുന്നിന്റെ പേറ്റന്റ് സ്വന്തമാക്കുന്നതിനായി അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെയഡ് സയൻസസ് (Gilead Sciences) ഇന്ത്യയിൽ 18 അപേക്ഷകൾ സമർപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം. ഈ അപേക്ഷകൾ അംഗീകരിക്കപ്പെട്ടാൽ മരുന്നിന്റെ വിപണിയിലെ പ്രത്യേക അവകാശം കൂടുതൽ കാലം കമ്പനിക്ക് നിലനിർത്താനാകുമെന്നും അതുവഴി കുറഞ്ഞ വിലയിലുള്ള ജനറിക് മരുന്നുകളുടെ ലഭ്യത വൈകുമെന്നും രോഗികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
മരുന്നിന്റെ അടിസ്ഥാന ഘടകം, സാൾട് ഫോംസ്, ഫോർമുലേഷനുകൾ, ഡോസിങ് രീതികൾ, ഉപയോഗങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് കമ്പനി പേറ്റന്റ് അപേക്ഷകൾ നൽകിയിരിക്കുന്നത്. എന്നാൽ, ഈ അപേക്ഷകളിൽ പുതുമയും (Novelty) നൂതനമായ കണ്ടുപിടിത്തത്തിന്റെ സവിശേഷതകളും (Inventive Step) ഇല്ലെന്നാണ് രോഗികളുടെ സംഘടനകളും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ഉന്നയിക്കുന്ന വാദം. ഇതുസംബന്ധിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന് (DPIIT) സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്. കമ്പനിയുടെ അധിക പേറ്റന്റ് അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് തള്ളണമെന്നാണ് ഇവരുടെ ആവശ്യം.
എച്ച്.ഐ.വി അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ദീർഘകാല പ്രവർത്തനക്ഷമതയുള്ള കുത്തിവയ്പ്പ് മരുന്നാണ് ലെനകാപവീർ. ആറുമാസത്തിലൊരിക്കൽ മാത്രം കുത്തിവെച്ചാൽ മതിയെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ലൈംഗികബന്ധത്തിലൂടെ എച്ച്.ഐ.വി പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള പ്രീ-എക്സ്പോഷർ പ്രൊഫിലാക്സിസ് (PrEP) മരുന്നായി കഴിഞ്ഞ വർഷം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇതിന് അംഗീകാരം നൽകിയിരുന്നു.
ഒരു മരുന്നിന്റെ അടിസ്ഥാന പേറ്റന്റിന് പുറമെ അതിന്റെ ചെറിയ മാറ്റങ്ങൾക്കും വ്യത്യസ്ത രൂപങ്ങൾക്കും പുതിയ പേറ്റന്റുകൾ നേടാനുള്ള ശ്രമത്തെയാണ് എവർഗ്രീനിങ് (Evergreening) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള തുടർച്ചയായ പേറ്റന്റ് അപേക്ഷകൾ വഴി മരുന്നിന്റെ വിപണിയിലെ കുത്തകാവകാശം നീട്ടാനും ജനറിക് മരുന്നുകളുടെ വരവ് തടയാനും കഴിയുമെന്നാണ് വിമർശനം. പേറ്റന്റ് അപേക്ഷകൾ അംഗീകരിക്കപ്പെട്ടാൽ ചില പേറ്റന്റുകളുടെ കാലാവധി 2042 വരെ നീളാനിടയുണ്ട്. അതായത്, കുറഞ്ഞ വിലയിലുള്ള മരുന്നുകൾ വിപണിയിലെത്തുന്നതിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടാമെന്നാണ് ആശങ്ക.
അതേസമയം, ഗിലെയഡ് സയൻസസുമായി സന്നദ്ധ ലൈസൻസ് കരാറിൽ ഏർപ്പെട്ട ആറ് ജനറിക് മരുന്ന് നിർമാതാക്കളിൽ ഒന്നാണ് ഇന്ത്യയിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഇന്ത്യയുൾപ്പെടെ 120 താഴ്ന്ന, താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ മരുന്ന് നിർമിക്കാനും വിപണനം ചെയ്യാനുമാണ് ഈ കരാർ. ജനറിക് ലെനകാപവീറിന്റെ വാർഷിക വില ഒരാൾക്ക് ഏകദേശം 40 ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ സന്നദ്ധ ലൈസൻസ് ലഭിച്ച കമ്പനികൾക്ക് മാത്രമാണ് കരാർ പ്രകാരം ജനറിക് പതിപ്പുകൾ നിർമിച്ച് വിപണിയിലെത്തിക്കാൻ കഴിയുക. അതിനാൽ പേറ്റന്റ് അവകാശങ്ങളും മരുന്നിന്റെ ലഭ്യതയും സംബന്ധിച്ച തർക്കം ഇന്ത്യയിലെ എച്ച്.ഐ.വി രോഗികൾക്കും പ്രതിരോധ ചികിത്സ തേടുന്നവർക്കും നിർണായകമാണ്.
English Summary
There are concerns that the availability of affordable generic versions of Lenacapavir, an advanced drug used for HIV prevention and treatment, may be delayed in India. The concern arises from the 18 patent applications filed in India by US pharmaceutical company Gilead Sciences to secure patent protection for the drug. Patient advocacy groups warn that if these applications are approved, the company could retain exclusive market rights for a longer period, potentially delaying the availability of affordable generic alternatives.
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



