മുംബൈയ്ക്ക് സമീപമുള്ള കർജത്തിൽ റിലയൻസ് ഫൗണ്ടേഷന്റെ കീഴിൽ നിർമ്മിക്കുന്ന 100 ഏക്കറിലധികം വിസ്തൃതിയുള്ള പുതിയ പദ്ധതിയായ അനന്ത് ആശ്രയ് എന്നൊരു ടൗൺഷപ്പ് നീത മുകേഷ് അംബാനി, തുടങ്ങുകയാണ്.
ജീവകാരുണ്യ പദ്ധതി
അനാഥരായ കുട്ടികൾ, മുതിർന്ന പൗരന്മാർ, പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികൾ എന്നിവർക്കായി ആജീവനാന്തം സുരക്ഷിതമായ ഒരു വീടും പരിചരണവും ഉറപ്പാക്കുക എന്നതാണ് ഈ ബൃഹത്തായ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നീത അംബാനിയാണ് നവംബർ 1-ാം തീയതി തന്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ ടൗൺഷിപ്പിൽ 5,000-ത്തോളം ആളുകൾക്ക് സ്ഥിരമായി താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പരിചരണത്തിനായി എത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 15,000 പേർക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് സഹായം
ഇന്ത്യയിലെ പുണ്യനദികളുടെ പേരിലുള്ള എട്ട് റെസിഡൻഷ്യൽ ഗ്രാമങ്ങൾ ഈ ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെ താമസിക്കുന്നവർക്ക് കുടുംബ അന്തരീക്ഷത്തിൽ ജീവിക്കാൻ പാകത്തിലുള്ള ചെറിയ വീടുകളും, ഓരോ വ്യക്തിയുടെയും ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രത്യേക പരിചരണ പദ്ധതികളും ഒരുക്കുന്നുണ്ട്. അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാൻ സഹായിക്കുന്ന രീതിയിൽ പ്രത്യേക ആശുപത്രികൾ, പുനരധിവാസ കേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ എന്നിവയും ഈ സമുച്ചയത്തിൽ പ്രവർത്തിക്കും. പ്രായമായവരുടെ മക്കളെയോ, പ്രത്യേക പരിഗണന ആവശ്യമുള്ള മക്കളെയോ ഓർത്ത് ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളകറ്റി സമാധാനത്തോടെ ജീവിക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് നീത അംബാനി വ്യക്തമാക്കുന്നു.
ദേശീയ അക്കാദമി സ്ഥാപിക്കും
തന്റെ മക്കളും കുടുംബവും ചേർന്ന് ഏറെ സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയും നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിതെന്ന് നീത അംബാനി അഭിപ്രായപ്പെടുന്നു. സമൂത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് സ്നേഹവും സുരക്ഷിതത്വവും നിറഞ്ഞ ഒരു കുടുംബ അന്തരീക്ഷം നൽകുന്നതോടൊപ്പം, ഇന്ത്യയിലെ ഡിസെബിലിറ്റി കെയർ രംഗത്ത് മികച്ച പരിശീലനം ലഭിച്ച ഒരു പുതിയ തൊഴിൽ സേനയെ വാർത്തെടുക്കാനുള്ള ദേശീയ അക്കാദമിയും ഇവിടെ പ്രവർത്തിക്കും. ചുറ്റുമുള്ള പ്രദേശങ്ങളിലെ ആളുകൾക്ക് കൂടി വൈദ്യസഹായവും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകിക്കൊണ്ട് ഇതൊരു മാതൃകാപരമായ വലിയ ജീവകാരുണ്യ ടൗൺഷിപ്പായി മാറ്റാനാണ് റിലയൻസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
English Summary
Follow TheProfit.news on Google
Choose TheProfit.news as a preferred source to help find our business and finance news on Google.
Open Google Preferred Sources



